തിരുവനന്തപുരം- ബാര്‍ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി രമേശ് ചെന്നത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനൊരുങ്ങുന്നു. അന്വേഷണം ആരംഭിക്കുന്നതിനുള്ള അനുമതിക്കായി വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫയല്‍ കൈമാറി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണത്തിനു വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി.
പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.