Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാധ്യമങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം  ഭരണാധികാരികൾക്ക് ഭൂഷണമല്ല-ചെന്നിത്തല 

മലപ്പുറം- പൊതുജീവിതം സുതാര്യമായികൊണ്ടിരിക്കുന്ന ഇക്കാലത്ത്  മാധ്യമങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ഒരു ഭരണാധികാരിക്കും ഭൂഷണമല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ കാണാതെ ഭരണം നടത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളിൽനിന്നു ഒളിച്ചോടുകയാണ് ചെയ്യുന്നത്. മാധ്യമങ്ങളെ പൂർണമായി ഇരുട്ടിലാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഏകാധിപത്യത്തിന്റെ ഈ ശൈലി മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെയുള്ള വെല്ലുവിളിയാണ്- അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ചൊൽപ്പടിക്കു നിൽക്കാത്ത മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കുകയെന്ന വിചിത്രമായ രീതിയാണ് രാജ്യത്ത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. 
ഇതു അംഗീകരിക്കാനാകില്ല. കോർപ്പറേറ്റ്‌വത്കരണം ശക്തമായതോടെ വാർത്തയുടെ വിശ്വാസ്യത തകരുകയാണ്. വാർത്തകളുടെ സത്യസന്ധത മാധ്യമപ്രവർത്തകർ ഉറപ്പുവരുത്തണം. കടുത്ത വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത്  മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി പിറകോട്ടു പോകുന്നതു ശരിയല്ല.  തർക്കം ഉടലെടുത്ത സമയത്ത് ഈ പ്രശ്‌നങ്ങളൊക്കെ ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതുണ്ടായില്ല. ഈ വിഷയം പരിഹരിക്കുന്നതിൽ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കു പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അധ്യക്ഷനായിരുന്നു. മന്ത്രി വി.എസ് സുനിൽകുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, എ.പി. അനിൽകുമാർ എം.എൽ.എ,  പി.കെ അബ്ദുറബ് എം.എൽ.എ, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, സെക്രട്ടറി കെ.പി. അബ്ദുൾ മജീദ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, മുൻ പ്രസിഡന്റ പി.എ അബ്ദുൾ ഗഫൂർ,  സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സമീർ കല്ലായി, സ്വാഗതസംഘം ജനറൽ കൺവീനർ സുരേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. മാധ്യമ മേഖലയിലെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. സമാപനമായി ഉമ്പായിയുടെ ഗസൽരാവും അരങ്ങേറി.  
 

Latest News