വാഷിംഗ്ടണ്‍- വൈറ്റ് ഹൗസ് വിടുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നത് കേസുകളുടെ പട.
പ്രസിഡന്റെന്ന സംരക്ഷണം ഒഴിവായി സാധാരണ യു.എസ് പൗരനാകുന്നതോടെ ട്രംപിനെ വരിഞ്ഞുമുറുക്കാന്‍ നിരവധി സിവില്‍, ക്രിമിനല്‍ കേസുകളാണുള്ളത്.
സിറ്റിംഗ് പ്രസിഡന്റ് എന്ന നിലയില്‍ യു.എസ് നിയമസംവിധാനം നല്‍കുന്ന സംരക്ഷണം ജനുവരിയിലാണ് ട്രംപിന് നഷ്ടമാകുക. 2017 ജനുവരിയില്‍ അധികാരമേറ്റ അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവെന്ന ആരോപണങ്ങളിലുള്ള അന്വേഷണം ഇതോടെ സജീവമാകുമെന്ന് മുന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നിയമങ്ങള്‍ നടപ്പിലാക്കുന്ന മാന്‍ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി സൈറസ് വാന്‍സ് രണ്ട് വര്‍ഷത്തിലേറെയായി ട്രംപിനെതിരേയും ട്രംപ് ഓര്‍ഗനൈസേഷനെതിരെയും ക്രിമിനല്‍ അന്വേഷണം നടത്തി വരികയാണ്.
ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വെളിപ്പെടുത്തിയ രണ്ട് സ്ത്രീകള്‍ക്ക് പണം നല്‍കി ഒതുക്കിയെന്ന ആരോപണത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇത് ഒട്ടേറെ തട്ടിപ്പുകളിലാണ് എത്തിനില്‍ക്കുന്നത്.
അന്വേഷണം അവസാനഘട്ടത്തിലാണെന്നും ബാങ്ക്, ടാക്‌സ്, ഇന്‍ഷുറന്‍സ് തട്ടിപ്പുകളിലാണ് അവസാനം കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡെമോക്രാറ്റ് കൂടിയായ വാന്‍സ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് വാദിച്ചിരുന്നത്.
പുതിയ യു.എസ് അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നികുതിവെട്ടിപ്പിനെ കുറിച്ച് പ്രത്യേകം ക്രിമിനല്‍ അന്വേഷണം നടത്തുമെന്നും മുന്‍ യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.