അബുദാബി- ദുരഭിമാന കൊലകള്ക്കുണ്ടായിരുന്ന ശിക്ഷാ ഇളവ് നീക്കിയും ബലാത്സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും ശിക്ഷ ഉയര്‍ത്തിയും യു.എ.ഇയില്‍ വ്യക്തിഗത, കുടുംബ, പിന്തുടര്ച്ചാവകാശ ശിക്ഷാനിയമങ്ങളില്‍ സമഗ്ര ഭേദഗതി.
അവിവാഹിതരായ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നതിനുണ്ടായിരുന്ന നിരോധനം നീക്കി. മദ്യ ഉപയോഗത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുകയും ചെയ്തു. യു.എ.ഇയില്‍ വെച്ച് മരിക്കുന്ന പ്രവാസികളുടെ സ്വത്തുക്കള്‍ സ്വന്തം രാജ്യത്തെ നിയമം അനുസരിച്ച് വിഭജിക്കാന്‍ അനുവദിക്കുന്നതാണ് പിന്തുടര്ച്ചാ നിയമത്തിലെ പ്രധാന ഭേദഗതി. എന്നാല്‍ വില്പത്രം എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അതു പ്രകാരം മുന്നോട്ടു പോകുകയും ചെയ്യാം. നിലവില്‍ യു.എ.ഇ നിയമപ്രകാരമാണ് സ്വത്തുക്കള്‍ വിഭജിച്ചിരുന്നത്.
സമഗ്ര നിയമ ഭേദഗതികള്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍ അംഗീകാരം നല്കി. ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കുമെന്ന് നിയമഭേദഗതിയില്‍ പറയുന്നു.
മദ്യപാനം വ്യവസ്ഥകളോടെയാണ് കുറ്റമല്ലാതാക്കിയിരിക്കുന്നത്. 21 വയസിനു മുകളിലുള്ളവര്‍ക്ക് നിശ്ചിത സ്ഥലങ്ങളില്‍ മദ്യപാനം അനുവദിച്ചു. എന്നാല്‍ ഇതിന് താഴെ പ്രായമുള്ളവര്‍ മദ്യം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഭേദഗതി വ്യക്തമാക്കുന്നു. പൊതുസ്ഥലങ്ങളില്‍ ചുംബനത്തിലേ!ര്പ്പെടുന്നതിന് ഉണ്ടായിരുന്ന ശിക്ഷ തടവിനു പകരം പിഴയാക്കി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി ശിക്ഷയില്ല. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും.
ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതും സഹായം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. അതേസമയം, ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കു മാനസികപ്രശ്നമോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ചികിത്സ ലഭ്യമാക്കും. വൈകല്യമുള്ളവര്‍, രക്തബന്ധത്തില്‍പെട്ടവര്‍, 14 വയസിനു താഴെയുള്ളവര്‍ എന്നിവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്. ലൈംഗിക പീഡനം, പെണ്‍വാണിഭം തുടങ്ങിയ കേസുകളില്‍ പ്രതികളുടെയോ സാക്ഷികളുടെയോ വിവരങ്ങള്‍ രഹസ്യമാക്കിവെക്കും.






