വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഐ.പി.എൽ സീസണിന് മലയാളി വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ നിരാശയോടെ വിരാമമിട്ടു. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം നേടിയതാണ് സഞ്ജുവിന് ആശ്വാസം.
ആദ്യ രണ്ട് ഇന്നിംഗ്‌സുകളിൽ 74 റൺസും 85 റൺസുമടിച്ചാണ് സഞ്ജു തുടങ്ങിയത്. രാജസ്ഥാൻ റോയൽസ് തുടക്കത്തിൽ കുതിച്ച ടീമുകളിലൊന്നായിരുന്നു. സ്ഥിരതയില്ലായ്മ എന്ന സ്ഥിരം കാഴ്ചയിൽ നിന്ന് സഞ്ജു സാംസൺ മോചനം നേടിയതായി പലരും വിലയിരുത്തി. എന്നാൽ അടുത്ത മൂന്ന് ഇന്നിംഗ്‌സുകളിൽ 8, 4, 0 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. അതും പതിവാണ്. 2018, 2019 സീസണുകളിലും സഞ്ജു സാംസണിന്റെ റൺസിന്റെ 40 ശതമാനത്തിലേറെ വന്നത് ആദ്യ മത്സരങ്ങളിൽ നിന്നായിരുന്നു.
ഈ സീസണിൽ എന്താണ് സംഭവിച്ചത്? പന്ത് ഷോട്ടായി എറിഞ്ഞാണ് സഞ്ജുവിനെ ബൗളർമാർ മെരുക്കുന്നത്. ഷാർജയിലായിരുന്നു സഞ്ജുവിന്റെ തകർപ്പൻ ഇന്നിംഗ്‌സുകൾ. ഷാർജയിൽ പന്ത് ഷോട്ടായി എറിയുന്നത് വലിയ പ്രശ്‌നമല്ല. ലക്ഷ്യം തെറ്റിയ ഷോട്ടുകൾ വരെ ഷാർജയിലെ ചെറിയ സ്റ്റേഡിയത്തിൽ സിക്‌സറുകളായി മാറും.
ബൗൺസറുകൾ ഹുക്ക് ചെയ്യാമെന്ന മിഥ്യാ ബോധം സഞ്ജുവിന് കൈവരും. എന്നാൽ മറ്റു വേദികൾ അത്ര ചെറുതല്ല.
ഈ സീസണിൽ രാജസ്ഥാനു വേണ്ടി കൂടുതൽ റൺസടിച്ചത് സഞ്ജു സാംസണാണ്. 14 കളികളിൽ 28.84 ശരാശരിയിൽ 375 റൺസ്. ഉയർന്ന സ്‌കോർ 85 റൺസാണ്. സ്‌ട്രൈക്ക് റൈറ്റ് 159 ഉം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോൽക്കുന്നതു വരെ രാജസ്ഥാന് പ്ലേഓഫ് പ്രതീക്ഷയുണ്ടായിരുന്നു.