ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും എം.എസ് ധോണിയുടെയും റെക്കോർഡ് ഗംഭീരമാണ്. രണ്ടു സീസണിൽ വിലക്കു കാരണം വിട്ടുനിൽക്കേണ്ടി വന്നിട്ടും മൂന്നു തവണ അവർ ചാമ്പ്യന്മാരായി. എന്നാൽ മാറ്റത്തിന്റെ കാറ്റ് വീശുന്നത് അംഗീകരിക്കാതിരുന്നതാണ് പതിമൂന്നാമത് ഐ.പി.എല്ലിൽ അവരുടെ പതനത്തിന് കാരണമായത്. എട്ട് ടീമുകളിൽ ഏഴാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. എല്ലാ പ്രതീക്ഷയും കൈവിടുന്നതു വരെ അവർ അവസാന സ്ഥാനത്തായിരുന്നു. പ്ലേഓഫിലെത്തണമെന്ന പിരിമുറുക്കമില്ലാതെ കളിച്ചപ്പോഴാണ് അവർ തുടർച്ചയായി മൂന്നു വിജയം നേടിയതും ഏഴാം സ്ഥാനത്തേക്കുയർന്നതും.
പതിനൊന്ന് സീസണിൽ ആദ്യമായാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താവുന്നത്. 14 മത്സരങ്ങളിൽ ആറെണ്ണമാണ് അവർ ജയിച്ചത്. റൺറെയ്റ്റ് മൈനസ് 0.455 ആണ്.
രണ്ട് യുവ താരങ്ങളാണ് ഈ സീസണിൽ ചുക്കാനേന്തിയത്. എന്നിട്ടും യുവ താരങ്ങളെ സ്പാർക്ക് ഇല്ലെന്നു പറഞ്ഞ് ധോണി പടിക്കു പുറത്തു നിർത്തി. സാം കറൺ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ടീമിന് വഴി കാട്ടി. ഇരുപത്തിരണ്ടുകാരൻ വരും സീസണുകളിൽ ടീമിന്റെ കേന്ദ്രബിന്ദുവായി മാറിയേക്കും. ടീമിനു വേണ്ടി കൂടുതൽ വിക്കറ്റെടുത്തത് സാം കറണാണ് -8.19 എക്കണോമി റെയ്റ്റിൽ 13 വിക്കറ്റുകൾ. ക്വാരന്റൈൻ കഴിഞ്ഞ് നേരെ വന്നാണ് ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയം സമ്മാനിച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഓപണറായി മികവു കാട്ടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
റിതുരാജ് ഗെയ്ക്‌വാദാണ് ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാമത്തെ യുവ താരം. എന്നാൽ മതിയായ അവസരങ്ങൾ റിതുരാജിന് ലഭിച്ചില്ല. കോവിഡ് കാരണം ആദ്യ മത്സരങ്ങളിൽ കളിക്കാനായില്ല. അവസാന ഘട്ടത്തിൽ തലയുയർത്തി ചെന്നൈക്ക് മടങ്ങാനായത് റിതുരാജ് നേടിയ മൂന്ന് അർധ ശതകങ്ങളാണ്. ചെന്നൈയുടെ ഭാവി അത്ര നിരാശാജനകമല്ലെന്ന പ്രതീതി സൃഷ്ടിക്കാനും റിതുരാജിന് സാധിച്ചു.
അതേസമയം വെറ്ററൻ താരങ്ങളായ എം.എസ് ധോണിയും ഷെയ്ൻ വാട്‌സനും പിയൂഷ് ചൗളയും തീർത്തും നിരാശപ്പെടുത്തി. 11 ഇന്നിംഗ്‌സിൽ രണ്ടെണ്ണത്തിൽ വാട്‌സൻ അർധ ശതകം പിന്നിട്ടു. അതൊഴിച്ചാൽ വലിയ സംഭാവനയൊന്നും ഓസ്‌ട്രേലിയൻ ഓൾറൗണ്ടറിൽ നിന്ന് ലഭിച്ചില്ല. ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ബാറ്റിംഗിന് ചുക്കാൻ പിടിച്ചത്. 13 ഇന്നിംഗ്‌സിൽ 449 റൺസടിച്ചു. 140 ലേറെ സ്‌ട്രൈക്ക് റൈറ്റുണ്ടായിരുന്നു. 100 പന്തെങ്കിലും നേരിട്ട ഓപണർമാരിൽ ഡുപ്ലെസിയെക്കാൾ മികച്ച സ്‌ട്രൈക്ക് റൈറ്റുള്ള ഒരു ബാറ്റ്‌സ്മാനേയുള്ളൂ, രാജസ്ഥാൻ റോയൽസിന്റെ ബെൻ സ്റ്റോക്‌സ്. ചെന്നൈയുടെ വൃദ്ധപ്പടയിൽ തലയുയർത്തി മടങ്ങിയ ഏക കളിക്കാനാണ് ഡുപ്ലെസി. ഫീൽഡിംഗിലും ഡുപ്ലെസി അതിയാകനായി വാണു. ലോംഗോണിലും ലോംഗോഫിലും തന്റെ വിശ്വസ്തമായ കരങ്ങളിലൂടെ ഡുപ്ലെസി രക്ഷകനായി.
പിഴച്ചതെവിടെ?
സാഹചര്യങ്ങൾ ചെന്നൈക്ക് എതിരായിരുന്നു. എന്നാൽ അവരുടെ പതനം സ്വയംകൃതാനർഥമായിരുന്നു. ധോണിയുടെ ഏറ്റവും മോശം ഐ.പി.എല്ലാണ് ഇത്തവണത്തേത്. ടീമിന്റെയും. 13 സീസണുകളിലാദ്യമായി ധോണി ഒരു അർധ ശതകം പോലുമില്ലാതെയാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. ധോണിയും കോച്ച് സ്റ്റീഫൻ ഫ്‌ളെമിംഗും മാറ്റങ്ങൾ അംഗീകരിക്കാൻ തയാറായില്ല. സുരേഷ് റയ്‌നയും ഹർഭജൻ സിംഗും പിന്മാറിയപ്പോൾ പകരക്കാരെ ടീമിലെടുക്കാൻ ഇരുവരും തയാറായില്ല.
അൽപം വൈകിയാണെങ്കിലും ഫോമിലെത്തുമെന്ന് കരുതി സീനിയർ കളിക്കാരെ അന്ധമായി പിന്തുണച്ചു. കേദാർ ജാദവും മുരളി വിജയും വാട്‌സനും ബാറ്റിംഗിലും ഫീൽഡിംഗിലും തുടരെ പരാജയപ്പെട്ടു. ഡ്വയ്ൻ ബ്രാവൊ, അമ്പാട്ടി രായുഡു, ഡുപ്ലെസി എന്നിവർക്ക് വിവിധ ഘട്ടങ്ങളിൽ പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. ഏറ്റവും സന്തുലിതമായ ഇലവനിലേക്ക് അവർ എത്തിച്ചേർന്നപ്പോഴേക്കും ടീം പുറത്തായിരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട ഘട്ടത്തിലാണ് ഇംറാൻ താഹിറിനെയും റിതുരാജിനെയും ലുൻഗി എൻഗിഡിയെയും സ്ഥിരമായി പ്ലേയിംഗ് ഇലവനിലുൾപെടുത്തിയത്.
ഹോം ഗ്രൗണ്ടായ ചെപ്പോക്കിന്റെ ആനുകൂല്യം നഷ്ടപ്പെട്ടതോടെ അവരുടെ സ്പിൻ ബൗളിംഗ് മുനയറ്റതായി. രവീന്ദ്ര ജദേജക്ക് ആകെ ലഭിച്ചത് ആറു വിക്കറ്റാണ്. ഐ.പി.എല്ലിലെ മോശം വരവ്. പിയൂഷ് ചൗളയും കരൺ ശർമയും ആർക്കും ഭീഷണിയായില്ല. ആക്രമിക്കാൻ ധൈര്യം കാട്ടുന്ന പരിചയസമ്പന്നനായ താഹിറിന് തുടക്കത്തിൽ അവസരം നൽകാൻ മടിച്ചു നിന്നു. 2019 സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത കളിക്കാരനായിട്ടും ഈ സീസണിൽ മൂന്നു കളികളിൽ മാത്രമാണ് താഹിറിന് അവസരം ലഭിച്ചത്. ആകെ ലഭിച്ചത് ക്രിസ് ഗയ്‌ലിന്റെ വിക്കറ്റാണ്.
ധോണി ആകെ നേടിയത് 200 റൺസാണ്. 116.27 എന്ന മോശം സ്‌ട്രൈക്ക് റൈറ്റിൽ. ഐ.പി.എല്ലിൽ ധോണിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്. ആകെ അടിച്ചത് ഏഴ് സിക്‌സറാണ്. ഇത്ര കുറവ് ആദ്യമാണ്.
പവർപ്ലേയിലും മധ്യ ഓവറുകളിലും വേഗം കൂട്ടാൻ സാധിച്ചില്ലെന്നതാണ് ചെന്നൈയുടെ പ്രധാന പ്രശ്‌നം. എന്നാൽ പല കളികളിലും ജദേജ ആഞ്ഞടിച്ചതിനാൽ അവസാന ഓവറുകളിൽ അവരുടെ നില മെച്ചമാണ്. മുംബൈ സൂപ്പർ കിംഗ്‌സിന് മാത്രമേ കൂടുതൽ മെച്ചപ്പെട്ട റെക്കോർഡുള്ളൂ.
സാം കറണായിരുന്നു ഈ സീസണിൽ അവരുടെ സൂപ്പർ താരം. കോവിഡ് കാരണം ആദ്യ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന റിതുരാജും ശക്തമായ സ്വാധീനം ചെലുത്തി. പെയ്‌സും സ്പിന്നിനുമെതിരെ റിതുരാജിന്റെ ലോഫ്റ്റഡ് ഡ്രൈവും പഞ്ചും കാണേണ്ട കാഴ്ചയായിരുന്നു. തുടർച്ചയായ മൂന്ന് അർധ ശതകം നേടുന്ന ആദ്യ ചെന്നൈ ബാറ്റ്‌സ്മാനായി.
ബൗളിംഗിൽ നിരാശപ്പെടുത്തിയെങ്കിലും ഫിനിഷറുടെ റോൾ ജദേജ ഗംഭീരമാക്കി. 17-20 ഓവറുകളിൽ ജദേജയുടെ സ്‌ട്രൈക്ക് റൈറ്റ് 214 ന് മുകളിലാണ്. കാരൻ പോളാഡിനും എബി ഡിവിലിയേഴ്‌സിനും ഹാർദിക് പാണ്ഡ്യക്കും ഓയിൻ മോർഗനും മാത്രമേ ഈ ഘട്ടത്തിൽ മെച്ചപ്പെട്ട സ്‌ട്രൈക്ക് റെയ്റ്റുള്ളൂ.
ഭാവിയിലേക്കുള്ള വഴി
ടീമിന്റെ കാമ്പിനെ ഉടച്ചുവാർക്കേണ്ടതുണ്ടെന്ന് ധോണിയും ഫ്‌ളെമിംഗും സമ്മതിക്കുന്നു. കേദാറും പിയൂഷും മുരളി വിജയും സുരേഷ് റയ്‌നയും അടുത്ത സീസണിൽ ഉണ്ടാവില്ലെന്നുറപ്പ്. കഴിഞ്ഞ ഐ.പി.എല്ലിനു ശേഷം റയ്‌ന ഒരു ഔദ്യോഗിക മത്സരം പോലും കളിച്ചിട്ടില്ല. ഈ കളിക്കാരെ ഒഴിവാക്കിയാൽ അടുത്ത ലേലത്തിൽ ചെലവിടാൻ ആവശ്യത്തിന് പണം കിട്ടും. യുവ കളിക്കാരെയും സ്പിന്നർമാരെയും ടീം ലക്ഷ്യമിട്ടേക്കും.
ഫിനിഷറെന്ന നിലയിൽ ധോണിയുടെ പ്രഭാവം മങ്ങുകയാണ്. വെറും വിക്കറ്റ്കീപ്പറായി എത്രകാലം തുടരാനാവുമെന്നതാണ് ചോദ്യം. ജദേജയുടെ ജോലിഭാരം പങ്കുവെക്കാൻ കഴിയുന്ന ഒരു ഫിനിഷറും ടീമിന് ആവശ്യമാണ്.