Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനാലു കുരുന്നുകളെ മുതിരപ്പുഴയാർ കവർന്നെടുത്തിട്ട് 36 വർഷം 

മുതിരപ്പുഴയാർ ദുരന്തസ്മാരകവും കാണാനെത്തുന്നവർ സമർപ്പിച്ച വളപ്പൊട്ടുകളും

ഇടുക്കി-ആകാശയാനം കാണാൻ ഓടിയിറങ്ങിയ 14 കുരുന്നുകളെ മുതിരപ്പുഴയാർ കവർന്നെടുത്തിട്ട് ഇന്ന്  36 വർഷം. മൂന്നാർ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ മൂന്നാർ ഗവ. ഹൈസ്‌കൂളിലെ  ക്ലാസ് മുറികളിൽ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്ക് പാലം തകർന്ന് 1984 നവംബർ ഏഴിന് മുതിരപ്പുഴയാറിൽ മുങ്ങി മരിച്ചത്.
മൂന്നാർ സ്വദേശിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ എം ജെ ബാബു അന്ന് അവിടെ പൊതുപ്രർത്തകനായിരുന്നു. എന്നും കണ്ടുകൊണ്ടിരുന്ന കുഞ്ഞു മാലാഖമാരെ ജലം കവർന്നെടുത്ത ഞെട്ടിക്കുന്ന ഓർമകൾ ബാബു ഫേസ് ബുക്കിൽ പങ്കുവെച്ചു. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയവരിൽ ബാബുവും ഉണ്ടായിരുന്നു. 
രാവിലെ 10.15 ഓടെയായിരുന്നു ആ ദുരന്തം. പതിവ് പോലെ സ്‌കൂളിൽ എത്തിയതാണ് ഈ കുട്ടികളും.  എന്നാൽ, അധ്യാപകരുടെ കുറവും ചില അധ്യാപകർ അവധിയിൽ പോയതും മൂലം ആറ് ക്ലാസുകളിൽ ആദ്യ പിരിയഡ് ഉണ്ടായിരുന്നില്ല.ഇതിനിടെയാണ് ഹെലികോപ്ടർ വട്ടമിട്ട് പറന്നത്.  ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ കുട്ടികൾ ക്ലാസ് മുറികൾ വിട്ട് അടുത്തുള്ള ഹൈറേഞ്ച് ക്ലബിലേക്ക് ഓടി. കുട്ടികൾ ഒന്നിച്ച് വരുന്നത് കണ്ട് ക്ലബിലേക്കുള്ള ചെറിയ വഴി അടച്ചു. ഇതറിയാതെ പിന്നിൽ നിന്നും കുട്ടികൾ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീണു.24 കുട്ടികളെ കരക്കെത്തിച്ചുവെങ്കിലും 12 പേർ ആശുപത്രിയിൽ മരിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കണ്ടു കിട്ടി. എ.രാജലക്ഷ്്മി,
എസ്.ജയലക്ഷ്മി,എം.വിജയ,എൻ.മാരിയമ്മാൾ,ആർ.തങ്കമല,പി.സരസ്വതി,കല്യാണകുമാർ,സുന്ദരി,പി.റാബിയ,ടി.ജെൻസി,ടി.ശിബു,പി.മുത്തുമാരി,എസ്.കലയമ്മാൾ,സി.രാജേന്ദ്രൻ എന്നിവരെയാണ് മരണം വിളിച്ച് കൊണ്ട് പോയത്.എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കൾ.
1942ൽ ബ്രിട്ടിഷുകാർ നിർമിച്ചതും ടാറ്റാ ടി കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ളതുമായിരുന്നു പാലം. പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ ഹെഡ്‌വർക്‌സ് സംഭരണിയുടെ ഭാഗമായതിനാൽ ഈ ഭാഗത്ത് ആഴവും തണുപ്പും കൂടുതലായിരുന്നു. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയവരും ബുദ്ധിമുട്ടി.
ഹൈറേഞ്ച് ക്ലബിലേക്കുള്ള ചെറിയ ഗേറ്റ് അടച്ചത് മൂലമാണ് കുട്ടികൾ പാലത്തിൽ കുടുങ്ങാനും തൂക്ക്പാലം തകരാനും കാരണമായതെന്ന്  ദുരന്തം സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച എം.പ്രഹ്ലാദൻ കമ്മീഷനും  ശരിവെച്ചിരുന്നു. ഭാരം താങ്ങാനാകാതെയാണ് പാലം തകർന്നതെന്ന് ടാറ്റാ ടീ കമ്പനി നൽകിയ സത്യവാംഗ്മൂലത്തിലും പറഞ്ഞിരുന്നു. ഒരേ സമയം കൂടുതൽ പേർ പാലത്തിൽ കയറുന്നത് തടയാൻ കഴിയാത്തത് വീഴ്ചയാണെന്നും കമ്പനി അവിടെ കാവൽക്കാരെ നിയോഗിക്കേണ്ടതായിരുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കമ്പനിയിൽ നിന്നും നഷ്ടപരിഹാരം തേടി രക്ഷിതാക്കൾക്ക് കോടതിയെ  സമീപിക്കാമെന്നും ശുപാർശ ചെയ്തു.
അന്ന് തകർന്ന തുക്ക്പാലം പുതുക്കി പണിതുവെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു. തകർന്ന തൂക്ക്പാലത്തിന് സമീപം നിർമിച്ച സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകൾ ദുരന്തത്തിന്റെ കണ്ണീരോർമകളാണ്. 

Latest News