കൊച്ചി- കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതിരിക്കുകയും ബന്ധുക്കളെ കാണിക്കാതെ സംസ്‌കരിക്കുകയും ചെയ്യുന്ന നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
സംസ്ഥാന സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കെതിരെ ദല്‍ഹി കെ.എംസിസി സെക്രട്ടറി മുഹമ്മദ് ഹലീം നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
കേസ് പരിഗണിച്ചപ്പോള്‍ ഒക്ടോബര്‍ 14ലെ പഴയ മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചു. പഴയ സര്‍ക്കുലര്‍ ഹാജരാക്കി തെറ്റിദ്ധരിപ്പിക്കുകയാണോയെന്നു കോടതി ചോദിച്ചു. തുടര്‍ന്നാണ് വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും. ഹരജിക്കാരനുവേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ ഹാജരായി.
മുഹമ്മദ് ഹലീമിന്റെ ഭാര്യ മാതാവ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചിരുന്നു.ശ്വാസസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ മരണം വരെ മക്കളെയും ബന്ധുക്കളെയും കാണാന്‍ അനുവദിച്ചില്ലെന്നും പിന്നീട് രണ്ടാഴ്ച്ചക്ക് ശേഷം മരണ വിവരം അറിയിക്കുകയാണ് ഉണ്ടായതെന്നും അവസാനം മൃതദേഹം കാണുന്നതില്‍നിന്നും ബന്ധുക്കളെ വിലക്കിയെന്നും ഹരജിക്കാരന്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശങ്ങള്‍ക്കെതിരാണെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.






