കൊല്‍ക്കത്ത- പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്നും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും അതിന് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നും നുഴഞ്ഞുകയറ്റം നിര്‍ബാധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബംഗാള്‍ മുന്നിലാണെന്നും ഇതേക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആവശ്യപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ മൂന്ന് നിയമങ്ങളാണ് നിലവിലുള്ളതെന്നും ഒന്ന് മരുമകനു വേണ്ടിയും രണ്ടാമത്തേത് ന്യൂനപക്ഷ പ്രീണനത്തിനാണെന്നും മൂന്നാമത്തേത് സാധാരണ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.
2018 നുശേഷം സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോക്ക് നല്‍കുന്നില്ലെന്നും ഇതിനു മുഖ്യമന്ത്രി മമത മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനത്തിന്റെ പുതിയ കാലഘട്ടത്തിലൂടെ കരുത്തുറ്റ ബംഗാളിന്റെ നിര്‍മിതിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും മരുമകനെ അടുത്ത മുഖ്യമന്ത്രിയാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന ഗവര്‍ണര്‍ ഭരണഘടനാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിനെതിരെ പ്രയോഗിക്കുന്ന വാക്കുകള്‍ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.






