അനൂപ് മുഹമ്മദ് ബന്ധം:  സൂപ്പര്‍ഹിറ്റ് സിനിമയില്‍  അഭിനയിച്ച നടനും കുടുങ്ങിയേക്കും

കൊച്ചി- ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി കണ്ടെത്തിയ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയിലെ യുവതാരങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. മലയാളി യുവതാരങ്ങള്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഇ.ഡിക്ക് ലഭിച്ചതായാണ് സൂചന. ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിച്ച യുവനടനുമായി അനൂപിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇരുവരും തമ്മില്‍ മൊബൈലില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്വര്‍ണകള്ളക്കടത്ത് ഇടപാടുകാരുമായും അനൂപ് ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് അടുത്തിടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന എല്ലാ കേസുകളിലെയും പ്രതികള്‍ക്ക് തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
അടുത്തിടെ ബോളിവുഡിലടക്കം സിനിമാതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കന്നട സിനിമാലോകത്തിലെ ചില യുവതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് അനൂപ് മുഹമ്മദിലേക്ക് അന്വേഷണമെത്താന്‍ സഹായിച്ചത്. ഇയാള്‍ ബംഗളൂരിവില്‍ ആരംഭിച്ച ഹോട്ടലായിരുന്നു ഇത്തരം ഇടപാടുകള്‍ക്ക് മറയായി പ്രവര്‍ത്തിച്ചത്. അനൂപിന്റെ മയക്കുമരുന്ന് ഇടപാടുകളിലുള്ള സാമ്പത്തിക സ്രോതസിനെ കുറിച്ചുള്ള അന്വേഷണമാണ് ബിനീഷ് കോടിയേരിയിലെത്തിയത്. മലയാള സിനിമാ മേഖലയുമായി ബിനീഷ് കോടിയേരിക്കും അടുത്ത ബന്ധമാണുണ്ടായിരുന്നത്.
 

Latest News