അവർ വെൽഫെയർ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിൽ നിരാശ തോന്നുന്നു-ശ്രീജ

തൃശൂർ- വെൽഫെയർ പാർട്ടി നേതാവ് ബി.ജെ.പിയിൽ ചേർന്നതിൽ നിരാശ പങ്കുവെച്ച് വെൽഫെയർ പാർട്ടി മുൻ നേതാവ് ശ്രീജ നെയ്യാറ്റിൻകര. വെൽഫെയർ പാർട്ടിയുടെ  ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ്  സരസ്വതിയുടെ ബി.ജെ.പി പ്രവേശനം ഏറെ ഞെട്ടലോടെയാണ് കേട്ടതെന്ന് ശ്രീജ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 
ശ്രീജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

തൃശൂർ ജില്ലയിൽ എന്റെ അറിവിൽ  വെൽഫെയർ പാർട്ടിയിൽ നിന്ന്  ബി ജെ പിയിലേക്ക് പോകുന്ന രണ്ടാമത്തെയാളാണ് സരസ്വതി. ആദ്യത്തെയാൾ സംസ്ഥാന കമ്മറ്റിയംഗവും ഏറെക്കാലം വെൽഫെയർ പാർട്ടിയുടെ തൃശൂർ ജില്ലാ പ്രസിഡന്റും ആയിരുന്ന കെ ജി മോഹനൻ  ആയിരുന്നു ... ഞാൻ പാർട്ടിയിൽ ഉണ്ടായിരുന്ന സമയത്താണ്  അദ്ദേഹം ബി ജെ പിയിൽ ചേർന്നത് പുള്ളി ബി ജെ പിയിൽ നിന്ന് വെൽഫെയർ പാർട്ടിയിലേക്കെത്തിയ വ്യക്തിയാണ്.. അതുകൊണ്ടുതന്നെ വലിയ ഞെട്ടലൊന്നും തോന്നിയിരുന്നില്ല...പക്ഷേ  ഏറെ വേദന തോന്നിയിരുന്നു ... 
എന്നാൽ സരസ്വതിയേച്ചി  ബി ജെ പി പാളയത്തിലെത്തി എന്നറിയുമ്പോൾ വലിയ നിരാശയുണ്ട് ...  വെൽഫെയർ പാർട്ടിയുടെ  ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ്  ആയിരുന്നു  സരസ്വതി... കാണുമ്പോഴൊക്കെ ശ്രീജാ എന്ന് വിളിച്ചു ഓടി വന്ന് കെട്ടിപ്പിടിക്കുന്ന സ്ത്രീ... പാർട്ടിയിൽ സജീവമായി ഓടി നടന്നൊരാൾ... കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു മൂവായിരത്തിലധികം വോട്ട് കരസ്ഥമാക്കിയ സ്ത്രീ... അവർ ബി ജെ പി പാളയത്തിലെത്തുമ്പോൾ അസ്വസ്ഥത ഏറെയുണ്ട് വെൽഫെയർ പാർട്ടിയെ പോലെ ഫാസിസ്റ്റ് വിരുദ്ധ നയം  ഉള്ള ഒരിടത്തു നിന്ന് ഫാസിസത്തിലേക്ക് കുടിയേറാൻ മാത്രമുള്ള ദുർബലമായ രാഷ്ട്രീയ ബോധമേ അവർക്കുണ്ടായിരുന്നുള്ളൂ എന്നറിയുമ്പോൾ ഭയം തോന്നുന്നു.... 
ബി ജെ പി  യിലേക്ക് ആര് പോയാലും വേദന തന്നെയാണ്  പ്രത്യേകിച്ച് അറിയാവുന്ന മനുഷ്യർ ആണെങ്കിൽ വേദന കൂടും...കടുത്ത നിരാശ ബാധിക്കും.. വെൽഫെയർ പാർട്ടിയിൽ നിന്ന് ആര് എവിടേക്ക് പോയാലും എനിക്ക് ഒരസ്വസ്ഥതയും ഇല്ല എന്നാൽ വെൽഫെയർ പാർട്ടിയിൽ നിന്നല്ല എവിടെ നിന്നും ആരെങ്കിലും ബി ജെ പി കൂടാരത്തിലേക്ക് പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നും... പണ്ട്  എന്റെ പ്രിയപ്പെട്ട സി കെ (സി കെ ജാനു) എൻ ഡി എ യിലേക്ക് പോയപ്പോൾ അലറിക്കരഞ്ഞു കൊണ്ട് അവരെ ഫോണിൽ വിളിച്ച്  വഴക്കടിച്ചതും യാചിച്ചതും പിണങ്ങിയതും  ഇപ്പോഴും ഓർമ്മയിലുണ്ട് ... നമ്മുടെ ആശയ പരിസരത്ത് നിന്നൊരാളും അവിടേക്കെത്തരുത് എന്ന് മാത്രമാണ് ആഗ്രഹം... 
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത, ശരിയുടെ കണിക പോലുമില്ലാത്ത രാഷ്ട്രീയ തെറ്റാണ് സരസ്വതി ചെയ്തത്... കേവല അബദ്ധമല്ലത്... വെൽഫെയർ പാർട്ടി വിട്ടവർ എൽ ഡി എഫിലേക്കോ യു ഡി എഫിലേക്കോ ആണ് പോയതെങ്കിൽ  അതുമല്ല കക്ഷി രാഷ്ട്രീയം മൊത്തമായി ഉപേക്ഷിച്ചിരുന്നെങ്കിലും ഞാൻ  അവരെ  ചേർത്ത് പിടിച്ചേനേ ... 
ഒരു ദിവസം പ്രിയ സുഹൃത്ത് രമ്യ ഹരിദാസ് എം പി വിളിച്ച് 'ശ്രീജേച്ചി നിങ്ങളുടെ ഒരു സുഹൃത്ത് ഞങ്ങൾ ക്കൊപ്പം കൂടി  ഞാൻ ഫോൺ കൊടുക്കാം' എന്ന് പറഞ്ഞു കൊണ്ട് ഫോൺ കൈമാറിയത് വെൽഫെയർ പാർട്ടിയിൽ നിന്ന് രാജി വച്ചു പോയ പ്രദീപിനായിരുന്നു. യൂത്ത് കോൺഗ്രസിൽ ചേർന്നു എന്ന വാർത്ത പ്രദീപ് പറയുമ്പോൾ ഏറെ സന്തോഷം തോന്നി... തുടർന്നാ ഫോൺ വാങ്ങിയത് ഷാഫി പറമ്പിൽ  ആയിരുന്നു ' 'നിങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്നു എന്ന് പ്രദീപ് പറഞ്ഞു 'എന്ന് പറഞ്ഞു കൊണ്ട്   അദ്ദേഹം  സന്തോഷം പങ്കു വച്ചു.. പ്രദീപിന് ഹൃദയം തൊട്ട ആശംസ അറിയിച്ചു കൊണ്ട് ഫോൺ വയ്ക്കുമ്പോൾ വലിയ സമാധാനം തോന്നിയിരുന്നു...
സരസ്വതി ബി ജെ പി യുടെ ഷാൾ പുതച്ചിങ്ങനെ ഇരിക്കുന്ന ചിത്രം  കാണുമ്പോൾ എത്രമാത്രം രാഷ്ട്രീയമായ അധഃപതനം  ആണിതെന്ന് ഓർത്തു പോകുന്നു.... ആ ഷാളിൽ പുരണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ, ദലിതരുടെ ചുടുരക്തത്തെ കുറിച്ച് സരസ്വതിക്കറിയില്ലെന്നുണ്ടോ? ഏറ്റവും ഒടുവിൽ ഉത്തർ  പ്രദേശിൽ ഒരു ദലിത് പെൺകുട്ടിയുടെ നാവിൽ നിന്നിറ്റു വീണ രക്തം വരെ ആ ഷാളിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട് സരസ്വതീ മറന്നു പോകരുത്... 
പൊതുപ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ പോലും ബി ജെ പി തെരഞ്ഞെടുക്കാൻ പാടില്ല എന്ന രാഷ്ട്രീയ ബോധം എന്നാണ്  ഏത് കാലത്താണ് മനുഷ്യരേ നിങ്ങൾക്കുണ്ടാകുന്നത്...?
 

Latest News