കളി ടി.വിയിൽ കാണുന്നതും കളിക്കളത്തിൽ കാണുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിക്കുമ്പോൾ ചയ്താലി വാചാലയാവും. 'ടി.വിയിൽ കളി കാണുമ്പോൾ ക്യാമറ പന്തിനു പിറകെയാണ്. ശരിയാണ് നിരവധിയാളുകൾ അതിൽ സംതൃപ്തരാണ്. പക്ഷെ എനിക്ക് അതു പോരാ. ഒരു ആക്രമണം എതിർ പകുതിയിൽ മൊട്ടിടുമ്പോൾ മറുവശത്തെ ഡിഫന്റർ എങ്ങനെയാണ് അത് പ്രതീക്ഷിച്ച് ഒരുങ്ങുന്നതെന്ന് എനിക്ക് കാണണം. പന്തില്ലാത്ത ഇടങ്ങളിൽ നിരവധി കാര്യങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം കളിയുടെ ഭാഗമാണ്'.
കൊൽക്കത്തയിലെ ഏതെങ്കിലും റെസ്റ്റോറന്റിൽ കയറിയാൽ പന്നലാൽ ചാറ്റർജിയും ചയ്താലി ചാറ്റർജിയും വിലവിവരപ്പട്ടിക നോക്കിയേ വല്ലതും കഴിക്കൂ. ഇംഗ്ലണ്ടിലോ ഫ്രാൻസിലോ മെക്‌സിക്കോയിലോ അവധിക്കാലം ആസ്വദിക്കാൻ അവർക്ക് ഇതുവരെ അവസരം കിട്ടിയിട്ടില്ല. പക്ഷെ അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണാനുള്ള ഒരുക്കത്തിലാണ് ഈ വൃദ്ധ ദമ്പതികൾ. അവർ നേരിട്ട് വീക്ഷിക്കുന്ന പത്താമത്തെ ലോകകപ്പായിരിക്കും അത്. 1982 ലെ സ്‌പെയിൻ ലോകകപ്പിൽ തുടങ്ങിയതാണ് അവരുടെ യാത്ര. 1986 ൽ മെക്‌സിക്കോയിൽ, 1990 ൽ ഇറ്റലിയിൽ, 1994 ൽ അമേരിക്കയിൽ... 2014 ൽ ബ്രസീലിൽ വരെ എത്തിനിൽക്കുന്നു ഈ ദമ്പതികളുടെ ലോകകപ്പ് യാത്ര. കൊൽക്കത്തയിൽ അണ്ടർ-17 ലോകകപ്പ് പ്രകാശനച്ചടങ്ങിൽ അതിഥിയാക്കി ഫിഫ ചയ്താലി ചാറ്റർജിയെ ആദരിച്ചു.
1982 ലെ സ്‌പെയിൻ ലോകകപ്പ് കാണാൻ ഭാഗ്യം കൊണ്ട് കിട്ടിയ അവസരമാണ് ലോകകപ്പുകളോടുള്ള അവരുടെ അടങ്ങാത്ത പ്രണയത്തിന് തുടക്കമിട്ടത്. ചയ്താലി അതെക്കുറിച്ച് പറയുന്നതിങ്ങനെ: 'ഭർത്താവിന്റെ ബാല്യകാല സുഹൃത്ത് ഇംഗ്ലണ്ടിലെ സസക്‌സിലായിരുന്നു, പ്രവിശ്യയുടെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. താൻ അധികാരമേറ്റെടുക്കുന്ന ശുഭമുഹൂർത്തം ആഘോഷിക്കാൻ അദ്ദേഹം സുഹൃത്തുക്കളെയൊക്കെ ക്ഷണിച്ചു. അങ്ങനെയാണ് ഞങ്ങൾ സസക്‌സിലെത്തുന്നത്. ആ സമയത്തായിരുന്നു സ്‌പെയിനിൽ ലോകകപ്പ്. ലോകകപ്പ് കണ്ട് സംഗമം ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. സ്റ്റേഡിയത്തിലിരുന്ന് ലോകകപ്പ് വീക്ഷിച്ചപ്പോൾ മനസ്സ് ഞങ്ങളോട് പറഞ്ഞു, ഇനിയൊരു ലോകകപ്പും ആസ്വദിക്കാനുള്ള അവസരം പാഴാക്കരുത്. ഇത് ദൈവം കാട്ടിയ വഴിയാണെന്നാണ് എനിക്കു തോന്നുന്നത്. ഇംഗ്ലണ്ടിൽ പോയിരുന്നില്ലെങ്കിൽ സ്‌പെയിനിലെ ലോകകപ്പ് ഞങ്ങൾ കാണുമായിരുന്നില്ല. അത് ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു'.
ഓരോ ലോകകപ്പും കാണാനായി നൂറായിരം കാര്യങ്ങൾ അവർക്ക് വേണ്ടെന്നു വെക്കേണ്ടിവന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതു തുടങ്ങി പല കാര്യങ്ങളും. ലോകകപ്പിനുള്ള ബജറ്റ് കണ്ടെത്തുകയെന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. തീർച്ചയായും അത് മോശം തീരുമാനമല്ലെന്ന് ചയ്താലി പറയുന്നു. കഴിഞ്ഞ 35 വർഷത്തിനിടയിലെ ഏറ്റവും ഇഷ്ടപ്പെട്ട ലോകകപ്പ് നിമിഷമേതെന്ന് ചോദിക്കുമ്പോൾ ചയ്താലിയുടെ മുഖം തിളങ്ങും: 'സംശയമെന്ത്, 1986 ലെ ലോകകപ്പിൽ ഡിയേഗൊ മറഡോണയുടെ മായാജാലം നേരിൽ കണ്ടതുതന്നെ. ഈ കുറിയ മനുഷ്യന്റെ കാലിൽ പന്ത് കിട്ടുമ്പോൾ ഡിഫന്റർമാർ നിസ്സഹായരായി പരസ്പരം നോക്കുകയായിരുന്നു. ദൈവത്തിന്റെ ഗോൾ സംഭവിച്ചത് എന്റെ കൺമുന്നിലായിരുന്നു. ഞാനും ഭർത്താവും എന്നും ബ്രസീലിനെ പ്രണയിക്കുന്നവരാണ്. പെലെയോടൊപ്പം നിന്ന് ഞങ്ങൾ ചിത്രമെടുത്തിട്ടുണ്ട്. പക്ഷെ ഇഷ്ട താരം മറഡോണയാണെന്ന് സമ്മതിക്കുന്നതിൽ എനിക്ക് ഒരു വൈമനസ്യവുമില്ല'.
ബ്രസീലിനോടുള്ള ഇഷ്ടം കാരണം കഴിഞ്ഞ ലോകകപ്പ് ചയ്താലിക്ക് ഇരട്ടി മധുരമായിരുന്നു. 2014 ലെ സെമിയിൽ ജർമനിയോട് ബ്രസീൽ 7-1 ന് നാണംകെടുമ്പോൾ ബെലൊ ഹൊറിസോഞ്ച് സ്റ്റേഡിയത്തിൽ ചയ്താലിയും ഭർത്താവുമുണ്ടായിരുന്നു. കൺമുന്നിൽ ഹൃദയഭേദകമായ കാഴ്ചയാണ് കണ്ടത്. ബ്രസീൽ ചീട്ടുകൊട്ടാരം പോലെ തകരുന്നത് കണ്ട് കണ്ണീരൊഴുക്കാൻ നിങ്ങൾ ബ്രസീലുകാരനാവേണ്ടതില്ലെന്ന് അവർ പറയുന്നു.
ചയ്താലിയുടെ ഇഷ്ട ടീം ബ്രസീലല്ല. അത് മോഹൻബഗാനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 സന്തോഷ് ട്രോഫി ടൂർണമെന്റുകൾ ഈ ദമ്പതികൾ കണ്ടിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിനോടുള്ള പ്രണയവും ഈ കാലമൊക്കെയായിട്ടും മങ്ങിയിട്ടില്ല. 'എന്റെ സിരകൾ മുറിച്ചു നോക്കൂ, അവിടെ മോഹൻ ബഗാനെയല്ലാതെ മറ്റൊന്നും കാണില്ല' -ചയ്താലി തറപ്പിച്ചു പറയുന്നു.
കളി ടി.വിയിൽ കാണുന്നതും കളിക്കളത്തിൽ കാണുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിക്കുമ്പോൾ ചയ്താലി വാചാലയാവും. 'ടി.വിയിൽ കളി കാണുമ്പോൾ ക്യാമറ പന്തിനു പിറകെയാണ്. ശരിയാണ് നിരവധിയാളുകൾ അതിൽ സംതൃപ്തരാണ്. പക്ഷെ എനിക്ക് അതു പോരാ. ഒരു ആക്രമണം എതിർ പകുതിയിൽ മൊട്ടിടുമ്പോൾ മറുവശത്തെ ഡിഫന്റർ എങ്ങനെയാണ് അത് പ്രതീക്ഷിച്ച് ഒരുങ്ങുന്നതെന്ന് എനിക്ക് കാണണം. പന്തില്ലാത്ത ഇടങ്ങളിൽ നിരവധി കാര്യങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം കളിയുടെ ഭാഗമാണ്'.
അണ്ടർ-17 ലോകകപ്പിൽ കൊൽക്കത്തക്ക് 12 കളികൾ ലഭിച്ചതിൽ അതീവസന്തുഷ്ടരാണ് ചയ്താലിയും ഭർത്താവും. എന്തായാലും അവർ അടുത്ത വർഷത്തേക്കുള്ള ഒരുക്കത്തിലാണ്, 2018 ൽ റഷ്യയിൽ കാണാം, പത്താമത്തെ ലോകകപ്പിനായി.






