അഞ്ച് ചോദ്യം / ക്രിസ്റ്റ്യാനൊ റൊണാൾഡൊ, റയൽ മഡ്രീഡ് താരം
? അഞ്ചാം തവണയാണ് മികച്ച കളിക്കാരനായി ഫിഫ തെരഞ്ഞെടുക്കുന്നത്, എത്ര തവണ കൂടി നേടണം
= ഫിഫ ബഹുമതി വലിയ അംഗീകാരമാണ്. എന്റെ ടീമംഗങ്ങൾക്കെല്ലാം നന്ദി പറയുന്നു. കരിയറിലെ നാഴികക്കല്ലാണ് ഇത്. വല്ലാത്ത വികാരമാണ് മനസ്സിൽ അലയടിക്കുന്നത്. ഫുട്‌ബോൾ കരിയറിൽ വിജയം നേടുകയെന്നതായിരുന്നു എന്റെ അഭിലാഷം. അത് ഞാൻ കരഗതമാക്കിയെന്നു കരുതുന്നു. തീർച്ചയായും കിരീടങ്ങൾ നേടുന്നതും മികച്ച കളിക്കാരനുള്ള ബഹുമതി കൂടുതൽ തവണ കരസ്ഥമാക്കിയ കളിക്കാരനാവുന്നതും അഭിമാനമാണ്. ഉന്നത നിലവാരത്തിൽ തുടരാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകമാണ് അത്. ഏഴ് ഫിഫ അവാർഡ് നേടണമെന്നാണ് ആഗ്രഹം. ഏഴാണ് എന്റെ ഇഷ്ട നമ്പർ. തൽക്കാലം ഈ നേട്ടം ആസ്വദിക്കുകയാണ് ഞാൻ.
? റയൽ മഡ്രീഡിൽ എന്താണ് അടുത്ത സ്വപ്‌നം
= ഫിഫ ക്ലബ് ലോകകപ്പ് ആസന്നമാവുകയാണ്. അത് നേടണം. ഈ വർഷം യുവേഫ സൂപ്പർ കപ്പും സ്പാനിഷ് സൂപ്പർ കപ്പും ഞങ്ങളാണ് ജയിച്ചത്. തോൽപിച്ചത് മാഞ്ചസ്റ്റർ യുനൈറ്റഡിനെയും ബാഴ്‌സലോണയെയുമാണ്. റയലിനൊപ്പം എല്ലാ ട്രോഫിയും നേടാൻ അവസരമുണ്ട്.
? ആദ്യമായി രാജ്യത്തിനൊപ്പം ട്രോഫി നേടിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്
= 2016 ലെ യൂറോ കപ്പ് നേടിയത് അവിശ്വസനീയ അനുഭവമായിരുന്നു. ഒരു ഇന്റർനാഷനൽ ട്രോഫിക്കായി ഇത്രകാലം കാത്തിരിക്കുകയായിരുന്നു. ഈ വർഷം പോർചുഗൽ ടീമിന് നേട്ടങ്ങളുടേതാണ്. ലോകകപ്പ് യോഗ്യതാ റൗണ്ട് പ്രയാസം നിറഞ്ഞതായിരിക്കുമെന്ന് അറിയാമായിരുന്നു.
പക്ഷെ അവസാനമായപ്പോഴേക്കും എല്ലാം നല്ല നിലയിൽ പൂർത്തിയാക്കാനായി. യോഗ്യതാ റൗണ്ടിനെ പൂർണ ഗൗരവത്തോടെ എടുക്കണമെന്ന് കളിക്കാർക്കും കോച്ചിനും മറ്റു സ്റ്റാഫിനുമൊക്കെ ബോധ്യമുണ്ടായിരുന്നു. അവസാന മത്സരത്തിൽ സ്വിറ്റ്‌സർലന്റിനെ തോൽപിച്ച് ഞങ്ങൾ കടന്നു കൂടുക തന്നെ ചെയ്തു.
? പോർചുഗൽ അടുത്ത ലോകകപ്പ് നേടുമെന്ന് ചിലർ കരുതുന്നുണ്ട്
= അത് മനസ്സിലാക്കാവുന്നതേയുള്ളൂ. പോർചുഗൽ യൂറോപ്യൻ ചാമ്പ്യന്മാരാണല്ലോ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുമ്പ് പറഞ്ഞത് ഞാൻ ആവർത്തിക്കുകയാണ്. പ്രധാന ടൂർണമെന്റുകളിൽ പോർചുഗൽ ഒരിക്കലും കിരീടപ്രതീക്ഷകളല്ല. പേപ്പറിലെങ്കിലും ഞങ്ങളെക്കാൾ മികച്ച ടീമുകൾ ഒരുപാടുണ്ട്. പ്രശസ്തവും ആദരവ് കിട്ടുന്നതുമായ ടീമുകൾ. അതിനാൽ ഓരോ ടൂർണമെന്റിനെയും പോർചുഗൽ സമീപിക്കുന്നത് വിനയത്തോടെയാണ്. മറ്റു ടീമുകളാണ് കിരീടസാധ്യതകളെന്ന് മനസ്സിലാക്കിയാണ്. പക്ഷെ ഒരു കാര്യമുറപ്പാണ്, അദ്ഭുതം സൃഷ്ടിക്കാൻ കെൽപുള്ള ടീമാണ് പോർചുഗൽ.
? അടുത്ത ലോകകപ്പ് വേദിയായ റഷ്യക്കെറിച്ച് എന്താണ് ഓർമകൾ
= പലതവണ ഞാൻ റഷ്യയിൽ കളിച്ചിട്ടുണ്ട്. അവിടെയാണ് ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യം ഉയർത്തുന്നത്. എനിക്ക് ഭാഗ്യം കൊണ്ടുവന്ന രാജ്യമാണ് റഷ്യ. എന്നാൽ പോർചുഗൽ ടീമിനൊപ്പം ആ ഭാഗ്യമുണ്ടായില്ല. കോൺഫെഡറേഷൻസ് കപ്പ് നേടാൻ ഞങ്ങൾക്കായില്ല. ചിലെയോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു. എന്തായാലും ടൂർണമെന്റ് നല്ല അനുഭവമായിരുന്നു. തോറ്റത് കോൺഫെഡറേഷൻസ് കപ്പിലായത് നന്നായി, ലോകകപ്പിലല്ലല്ലോ.






