അസൂരികളുടെ ബി.ബി.സിയെ പ്രായം തളർത്തുകയാണോ

ബോനൂചി ഇറ്റാലിയൻ ലീഗ് മത്സരത്തിൽ

ബി.ബി.സി എന്ന് പറഞ്ഞാൽ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ വരിക ബെയ്ൽ-ബെൻസീമ-ക്രിസ്റ്റ്യാനൊ ആക്രമണ കൂട്ടുകെട്ടാണ്. എന്നാൽ ലോക ഫുട്‌ബോളിൽ പ്രതിരോധത്തിലൊരു ബി.ബി.സിയുണ്ട് -ഇറ്റലിയുടെ ബർസാലി-ബോനൂചി-കിയലീനി സഖ്യം. ഇറ്റലിയുടെ കരുത്ത് എന്നും പഴുതടച്ച പ്രതിരോധമാണ്. എന്നാൽ അസൂരികളുടെ ബി.ബി.സിയെ പ്രായം തളർത്തുകയാണ്. ആന്ദ്രെ ബർസാലിയുടെയും ലിയനാഡൊ ബോനൂചിയുടെയും ജോർജിയൊ കിയലീനിയുടെയും പ്രായം മൊത്തം കൂട്ടിയാൽ 99 ആവും. സ്വീഡനെ ലോകകപ്പ് പ്ലേഓഫിൽ അടുത്ത മാസം നേരിടാനിരിക്കെ പ്രതിരോധത്തിന്റെ പ്രായം ഇറ്റലിയുടെ കുതിപ്പിന് തടയിടുകയാണ്. ഇറ്റാലിയൻ ലീഗിൽ പോലും ഈ ത്രിമൂർത്തികളുടെ പ്രകടനം പ്രതീക്ഷ നൽകുന്നതല്ല. എ.സി. മിലാന്റെ കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് നേടിയ ബോനൂചി മറ്റൊരു നിറംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. യുവന്റസിൽ നിന്ന് ഈ സീസണിൽ മിലാനിലെത്തിയ ബോനൂചി ഇറ്റാലിയൻ ലീഗിലെ പ്രായമേറിയ കളിക്കാരനാണ്. 
കിയലീനിയുടെയും ബർസാലിയുടെയും കഥയും വ്യത്യസ്തമല്ല. ലാസിയോക്കെതിരായ മത്സരത്തിൽ സീറോ ഇമ്മോബിലെ രണ്ടു തവണ യുവന്റസ് ഡിഫന്റർമാരെ നോക്കുകുത്തിയാക്കി. യൂഡിനീസെക്കെതിരായ കളിയിലും കിയലീനി നിലവാരം പുലർത്തിയില്ല. കിയലീനിയെ വിഡ്ഢിയാക്കിയാണ് സ്റ്റിപെ പെരീച ആദ്യ ഗോളടിച്ചത്. ഡാനിലോയെ മാർക്ക് ചെയ്യാതെ വിട്ടത് രണ്ടാം ഗോളിന് കാരണമായി. 
ബോനൂചിക്ക് മുപ്പതായി, കിയലീനിക്ക് മുപ്പത്തിമൂന്നും ബർസാലിക്ക് മുപ്പത്താറും. ഇറ്റലിയുടെ കോച്ച് ജിയാൻപിയറൊ വെഞ്ചൂറ പുതിയ കളിക്കാരെ വാർത്തെടുക്കുന്നുണ്ടെങ്കിലും മൂവർ സംഘത്തെ തൊടാൻ ഇതുവരെ ധൈര്യം കാട്ടിയിട്ടില്ല. പരമ്പരാഗതമായി തന്നെ ഇറ്റലി അത്ര എളുപ്പം യുവ കളിക്കാർക്ക് അവസരം നൽകാറില്ല, പ്രത്യേകിച്ചും ഡിഫന്റർമാർക്ക്. യുവന്റസിന്റെ ഡാനിയേൽ റുഗാനി, മിലാന്റെ അലീസിയൊ റൊമാഗ്‌നോലി, അറ്റ്‌ലാന്റയുടെ മാറ്റിയ കാൽദാര തുടങ്ങി ഇരുപതുകളുടെ ആദ്യത്തിലുള്ള നിരവധി മികച്ച ഡിഫന്റർമാർ ഇറ്റാലിയൻ ലീഗിലുണ്ട്. 
2006 ലെ ലോകകപ്പ് നേടിയ ടീമിലെ നിരവധി കളിക്കാരെ നിലനിർത്തിയാണ് 2010 ലെ ലോകകപ്പിന് മാഴ്‌സെലൊ ലിപ്പി ഇറ്റലിയെ ലോകകപ്പിന് കൊണ്ടുപോയത്. ഫലം ആദ്യ റൗണ്ടിൽ തന്നെ മടക്കമായിരുന്നു. പഴയ കളിക്കാരുടെ പഴയ കളിയുടെ സ്വാധീനമാണ് തന്നെ ഈ പിഴവിലേക്ക് നയിച്ചതെന്ന് പിന്നീട് ലിപ്പി സമ്മതിച്ചു. 
ഒന്നാന്തരം സെന്റർ ബാക്കുകളുടെ നിര തന്നെയുണ്ടായിരുന്നു ഇറ്റലിക്ക് -ഫ്രാങ്കൊ ബരേസി, ഗ്വിസപ്പെ ബെർഗോമി, പോളൊ മാൽദീനി, അലസാന്ദ്രൊ നെസ്റ്റ, ഫാബിയൊ കനവാരൊ... ആ നിരയിലെ അവസാന കണ്ണികളാണ് ഇപ്പോഴത്തെ ബി.ബി.സി. ജിയാൻലൂജി ബുഫോൺ എന്ന അതികായൻ ഗോൾമുഖത്തിന് കാവലുണ്ടെന്നതും 20 വർഷമായി അസൂരികൾക്ക് ആശ്വാസമായിരുന്നു. ബുഫോണും പ്രായം കടക്കുകയാണ്. അടുത്ത സീസണിൽ കൈയുറയഴിക്കാൻ കാത്തിരിക്കുകയാണ് ബുഫോൺ. 
ഇറ്റലി പ്രതിരോധത്തിന്റെ തളർച്ച ആദ്യം വ്യക്തമായത് കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്‌പെയിനിൽ നിന്നുണ്ടായ 0-3 തോൽവിയിലാണ്. ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ 11 വർഷത്തിനു ശേഷമുള്ള ഇറ്റലിയുടെ ആദ്യ തോൽവിയായിരുന്നു അത്. 
 

Latest News