Sorry, you need to enable JavaScript to visit this website.

മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവാര്യരുടെ  മൊഴി ഒഴിവാക്കി,  വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി 

കൊച്ചി- നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ സമയം കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല.
ജഡ്ജിക്കെതിരെ ഗുരുതര ആരോപണമാന് പ്രോസിക്യൂഷനും ഇരയായ നടിയും ഉന്നയിച്ചിരിക്കുന്നത്. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്‍കിയത്. ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. തന്നെ സ്വാധീനിക്കാന്‍ പ്രതി ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴിയും വിചാരണക്കോടതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. കേസിലെ എട്ടാം പ്രതിയായ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവാര്യര്‍ രഹസ്യമൊഴി നല്‍കിയത്.
എന്നാല്‍ താന്‍ കേസില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാണെന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്നുമാണ് മഞ്ജു വാര്യര്‍ മകളോട് പറഞ്ഞത്. തന്റെ കുടുംബ ബന്ധം തകര്‍ന്നതിന് കാരണക്കാരിയായ നടിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും കോടതി ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാമ മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചാണ് തന്നോട് ഇത് പറഞ്ഞതെന്നും ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. ദീലിപിന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കാനാണ് ആക്രമിക്കപ്പെട്ട നടി ഈ വിഷയം കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതൊരു കേട്ടു കേള്‍വി മാത്രമാണ്. അത് രേഖപ്പെടുത്തേണ്ടതില്ല എന്നായിരുന്നു കോടതി പറഞ്ഞത്.
ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
 

Latest News