തിരുവനന്തപുരം- കേന്ദ്ര കേരള സര്‍ക്കാറുകളുടെ അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി ജലീലിനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്. ജലീലിന് എതിരായ ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും വിജിലൻസ് കോടതിയിൽ വാദിച്ചു. യു.എ.ഇ കോൺസുലേറ്റ് വഴി നൽകിയ ഭക്ഷ്യക്കിറ്റ് സർക്കാരുകളുടെ അനുമതിയില്ലാതെ വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. കൊല്ലം സ്വദേശിയായ പൊതു പ്രവർത്തകനാണ് ഹരജി നൽകിയത്. ഇതിൽ വിജിലൻസിനോട് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ഹരജി നൽകിയിരിക്കുന്നത് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ്. ഒരു ആരോപണവും നിലനിൽക്കില്ലെന്നും വിജിലൻസിന്റെ അഭിഭാഷകൻ വാദിച്ചു. കേസ് അഴിമതി വിരുദ്ധ നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അറിയാനായി കേസിൽ അടുത്ത മാസം 30ന് വാദം കേൾക്കും.






