ലഖ്‌നൗ- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി വാസ്തുശില്‍പ വിദഗ്ധരില്‍നിന്നും സന്യാസിമാരില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതായി രാമജനമഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.
പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ടാറ്റാ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്‌സ് കമ്പനിയെ നിയോഗിച്ചു. നിര്‍മാണത്തില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോയെ ഇവര്‍ സഹായിക്കുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു.
ആര്‍ക്കിടെക്ടുകളില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് വെബ് സൈറ്റിലും പത്രങ്ങളിലും പരസ്യം നല്‍കുമെന്ന് മൂന്ന് ദിവസത്തെ യോഗത്തിനുശേഷം സ്വാമി ഗോവിന്ദ് ഗിരി പറഞ്ഞു.
ലാര്‍സന്‍ ആന്റ് ടൂബ്രോയാണ് പ്രധാന കമ്പനിയെന്നും അവരെ സഹായിക്കുക മാത്രമാണ് ടാറ്റ കണ്‍സള്‍ട്ടിംഗ് ചെയ്യുകയെന്നും ടാറ്റയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
മൂന്ന് ദിവസം നീണ്ട യോഗം ക്ഷേത്രത്തിന്റെ സുരക്ഷയും നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തുവെന്ന് അവര്‍ അറിയിച്ചു.