Sorry, you need to enable JavaScript to visit this website.

പിറന്നാൾ ആഘോഷിക്കാം, പ്രണയിക്കാം ഇരുനിലയുള്ള ആനവണ്ടി റെഡി...

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസിൽ യുവ മിഥുനങ്ങളുടെ ഫോട്ടോഷൂട്ട് 

തിരുവനന്തപുരം - പിറന്നാൾ ആഘോഷിക്കണോ, യുവ മിഥുനങ്ങളുടെ പ്രണയം ചിത്രീകരിക്കണോ... അനന്തപുരിയിൽ ഇരുനിലയുള്ള ആനവണ്ടി റെഡി. തലസ്ഥാന നഗരിയുടെ പെരുമയിലൊന്നായ ഡബിൾ ഡക്കർ ബസ് ഫോട്ടോഷൂട്ടിന് നൽകാനുള്ള പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. കോവിഡ് കാലത്ത് കോർപറേഷന്റെ വരുമാന വർധനക്ക് വേണ്ടിയാണ് ഇത്തരമൊരു നൂതന ആശയം.
എട്ട് മണിക്കൂറിന് 4000 രൂപയാണ് വാടക. 50 കിലോമീറ്റർ വരെ പോകാം. അധികമായി ഉപയോഗിക്കുന്ന കിലോമീറ്ററിന് പ്രത്യേകം വാടക നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ സൗജന്യം.
ബെർത്ത് ഡേ പാർട്ടി, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് പാർട്ടികൾ ലക്ഷ്യമിട്ടാണ് കെ.എസ്.ആർ.ടി.സി രംഗത്തെത്തിയിരിക്കുന്നത്. ലണ്ടൻ നഗരത്തിലെ ഡബിൾ ഡക്കർ ബസുകളിൽ ചിത്രീകരിച്ച ബോളിവുഡ് ഗാനരംഗങ്ങൾ പോലെ മലയാളിക്കും ഒരവസരം. അവസരം പ്രയോജനപ്പെടുത്താൻ യുവ മിഥുനങ്ങൾ രംഗത്തെത്തുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും ഇഞ്ചക്കൽ സ്വദേശി ലക്ഷ്മിയുമാണ് ഡബിൾ ഡെക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.
ഇങ്ങനെ വൈവിധ്യമാർന്നതും ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരവുമായ മേഖലയിലേക്ക് കെ.എസ്.ആർ.ടി.സി വളർന്ന് കയറുന്നത് സാമ്പത്തിക നേട്ടം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
ഡബിൾ ഡക്കർ ബസിനെ ആധുനികവൽക്കരിക്കുകയും മലയാളിത്തത്തോടെ അലങ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. സഞ്ചരിക്കുന്ന റസ്റ്റോറന്റുകളായി പോലും ഇതിനെ മാറ്റിയെടുക്കാവുന്നതാണ്. ഹൈദരാബാദിലും അഹമ്മദാബാദിലും മുംബൈയിലും സഞ്ചരിക്കുന്ന റസ്റ്റോറന്റുകളായിതിനെ മാറ്റിയെടുത്തിട്ടുണ്ട്.
ഇവിടെയും ഇങ്ങനെ മാറ്റി നമ്മുടെ കോഫി ഹൗസിനെ ഏൽപിക്കാവുന്നതേയുള്ളൂ. കോഫി നുണഞ്ഞുകൊണ്ട്  ടൂറിസ്റ്റുകളും വിദ്യാർത്ഥികളും നഗരത്തിന്റെ പഴമയിലേക്ക് സഞ്ചരിക്കാനിത് അവസരമൊരുക്കും. 
ഇപ്പോൾ കിഴക്കേകോട്ടയിൽനിന്ന് ശംഖുമുംഖം ബീച്ചിലേക്കും വെള്ളയമ്പലത്തേക്കുമാണ് ഡബിൾ ഡക്കർ സർവീസുകൾ ഉള്ളത്. 
ആദ്യമായി തലസ്ഥാന നഗരത്തിലെത്തുന്നവർക്ക് ഡബിൾ ഡക്കറിൽ കയറി ശംഖുമുഖം വരെയുള്ള യാത്ര അവിസ്മരണീയ അനുഭവമാണ്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡബിൾ ഡക്കർ സർവീസ്. കുടുംബങ്ങൾക്ക് വിനോദത്തിന് കുറഞ്ഞ ചെലവിൽ ശംഖുമുഖം ബീച്ചിലേക്ക് പോകാൻ പറ്റിയ സൗകര്യം. കോവിഡ് വന്നതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ നിശ്ചലമായി. ഈ സാഹചര്യത്തിലാണ് ഡബിൾ ഡക്കർ ബസ് പുതിയ വേഷമണിയുന്നത്.
ബസിന്റെ രണ്ടാം നിലയിൽ ആഘോഷത്തിനും താഴെയുള്ള നിലയിൽ കുടുംബത്തോടൊപ്പം യാത്രയ്ക്കുമാണ് സൗകര്യമുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും ഇതേ പദ്ധതി ഉടനെ നടപ്പാക്കാനാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ നീക്കം. 
ഹൈദരാബാദ് ആൽവിൻ കമ്പനിയും അശോക് ലൈലാൻഡും ചേർന്നാണ് ഇന്ത്യയിൽ ഡബിൾ ഡക്കർ ബസ് നിർമാണം ആരംഭിച്ചത്. ഇംഗ്ലണ്ടിലെ ലൈലൻഡ് കമ്പനിയുടെ ടൈറ്റൻ എൻജിൻ കൊണ്ട് തിരുവനന്തപുരത്തെ പാപ്പനംകോട് ഗാരേജിൽ 1959 ൽ ഡബിൾ ഡക്കർ ബസ് നിർമിച്ചിരുന്നു എന്നതു തന്നെ ഈ ബസിന്റെ തിരുവനന്തപുരം നഗരവുമായുള്ള ചരിത്ര പ്രാധാന്യം വ്യക്തമാക്കുന്നു. എ. സേതുമാധവൻ തമ്പിയായിരുന്നു ഈ ഉദ്യമത്തിന് പിന്നിൽ. 1939 മുതൽ 1951 വരെ ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിനൊപ്പവും 1951 മുതൽ 64 വരെ ജനകീയ സർക്കാരുകൾക്കൊപ്പവും ട്രാൻസ്‌പോർട്ട് വകുപ്പിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് സേതുമാധവൻ തമ്പി.  

Latest News