അർജന്റീനയെ ഏതാണ്ടൊറ്റക്ക് ലോകകപ്പ് ചാമ്പ്യന്മാരാക്കിയാണ് മറഡോണ ചരിത്രത്തിലേക്ക് നടന്നു കയറിയത്. ചരിത്രം അവിടെ നിലച്ചില്ല. നാപ്പോളി എന്ന ശരാശരി ടീമിനെ രണ്ടു തവണ ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരാക്കി. എത്രയോ കളിക്കാരുണ്ടായിട്ടുണ്ട്, ഉണ്ടാവും. മറഡോണയെ പോലൊരു ഒറ്റയാൻ അപൂർവമായ പ്രതിഭാസമാണ്. ഒരേസമയം മാലാഖയും ചെകുത്താനുമായിരുന്നു മറഡോണ...
ആൾക്കൂട്ടവും ആരവങ്ങളുമാണ് ഡിയേഗൊ മറഡോണക്ക് പ്രിയം. ഭ്രാന്തമാണ് മറഡോണയുടെ ജീവിതരീതി. വിലക്കുകളുടെയും അനുവദിക്കപ്പെട്ടതിന്റെയും, യാഥാർഥ്യത്തിന്റെയും മായികലോകത്തിന്റെയും അതിർത്തികളിൽ ജീവിച്ച മാന്ത്രികനാണ് മറഡോണ. അറുപതാം ജന്മദിനം മറഡോണക്ക് നിശ്ശബ്ദതയുടെയും ഏകാന്തതയുടേതുമായി. അംഗരക്ഷകരിലൊൾക്ക് കൊറോണ ബാധിച്ചതിനാൽ സ്വയം ഐസൊലേഷനിലാണ് ലോക ഫുട്‌ബോൡലെ അതുല്യ താരം.
അർജന്റീനയിലെ ഫസ്റ്റ് ഡിവിഷൻ ടീം ജിംനേഷ്യ ലാ പ്ലാറ്റയുടെ കോച്ചാണ് ഇപ്പോൾ മറഡോണ. മയക്കുമരുന്നിനോടും മദ്യത്തിനോടും അമിതമായ ആസക്തി പ്രകടിപ്പിച്ചിരുന്ന മറഡോണക്ക് അസുഖങ്ങളുടെ ചരിത്രമുണ്ട്. അതിനാൽ കൂടുതൽ റിസ്‌കുള്ള വിഭാഗത്തിലാണ്. രണ്ട് തവണ ഹൃദയാഘാതവും ഒരിക്കൽ ഹെപ്പറ്റൈറ്റിസും ബാധിച്ചിരുന്നു.
ഏതാനും ആഴ്ച മുമ്പ് ജിംനേഷ്യ ടീമിലെ കളിക്കാരിലൊരാൾക്ക് കൊറോണ ബാധിച്ചപ്പോൾ മറഡോണ ഐസൊലേഷനിൽ കഴിഞ്ഞിരുന്നു.
മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ട ജീവിതം മറഡോണയുടെ ആരോഗ്യം താറുമാറാക്കിയിട്ടുണ്ട്. മറഡോണയുടെ ജീവിതം നല്ല നിലയിലാവുക ഏതാണ്ട് അസാധ്യമാണെന്നാണ് ബൊക്ക ജൂനിയേഴ്‌സിൽ ഒപ്പം കളിച്ചിരുന്ന ഹ്യൂഗൊ പെറോട്ടി പറഞ്ഞത്. വളരെ ചെറുപ്പത്തിലേ മറഡോണ പ്രശസ്തനായിരുന്നു. അത് താരത്തെ വഴിതെറ്റിച്ചു. പലപ്പോഴും ദുരന്തത്തിൽ അവസാനിച്ചു. അദ്ഭുതാവഹമാണ് ആ പ്രതിഭ. അസാധ്യമായിരുന്നു പന്തടക്കം. പക്ഷെ ജീവിതം ഒരിക്കലും മറഡോണയുടെ കൈയിൽ നിന്നില്ല.
1960 ഒക്ടോബർ 30 ന് ബ്യൂണസ് ഐറിസിലെ ദരിദ്രമായ സാഹചര്യങ്ങളിലാണ് ഡിയേഗൊ അർമാൻഡൊ മറഡോണ പിറന്നത്. പന്ത് തട്ടാൻ തുടങ്ങിയതു മുതൽ മറഡോണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കളി മികവും വ്യക്തിത്വവും മറഡോണയെ വേറിട്ടുനിർത്തി. പലതവണ ചെളിക്കുഴിയിൽ വീണു. ഓരോ തവണയും തന്റേതായ രീതികളിലൂടെ ഉയിർത്തെഴുന്നേറ്റു. എന്നും റിബലായിരുന്നു മറഡോണ. പുരുഷവീര്യത്തിന്റെ പ്രതീകം. പ്രിയപ്പെട്ടവർക്ക് അനുസരണയുള്ള സുഹൃത്ത്, തെറ്റിയാൽ വിഷം ചീറ്റുന്ന എതിരാളി. മാന്ത്രികതയാണ് മറഡോണയെ വേറിട്ടുനിർത്തിയത്.
പതിനെട്ടാം വയസ്സിൽ ആഫ്രിക്കയിലൂടെ സ്വതന്ത്രമായി നടക്കാൻ മറഡോണക്ക് സാധിച്ചില്ലെന്ന് പെറോട്ടി ഓർക്കുന്നു. റൺവേയിൽ ജനക്കൂട്ടം തടിച്ചുകൂടിയതോടെ ഒരു വിമാനത്തിന് ടെയ്‌കോഫ് ചെയ്യാൻ സാധിച്ചില്ല. 1981 ലായിരുന്നു അത്. ഇന്റർനെറ്റോ മൊബൈൽ ഫോണോ ഒന്നും ഇല്ലാത്ത കാലം. മനുഷ്യസാധ്യമായ എല്ലാ അതിർവരമ്പുകളെയും മറഡോണ തകർത്തെറിഞ്ഞു. പലപ്പോഴും അതിന് വലിയ വില നൽകേണ്ടി വന്നു -പെറോട്ടി വിലയിരുത്തുന്നു.
ഉയർച്ചയായിരുന്നു ആദ്യം. ബൊക്കയെ അർജന്റീന ലീഗ് കിരീടം നേടാൻ സഹായിച്ചു. ഇരുപത്തൊന്നാം വയസ്സിൽ ബാഴ്‌സലോണയിലെത്തി. ഇരുപത്തഞ്ചാം വയസ്സിൽ ഏതാണ്ട് ഒറ്റക്ക് അർജന്റീനയെ 1986 ലെ മെക്‌സിക്കൊ ലോകകപ്പിൽ കിരീടത്തിലേക്ക് നയിച്ചു. മറഡോണയിലെ മാലാഖയെയും ചെകുത്താനെയും പുറത്തുകൊണ്ടുവന്ന കളിയായിരുന്നു 1986 ലെ ഇംഗ്ലണ്ട്- അർജന്റീന ക്വാർട്ടർ ഫൈനൽ. കളിയിലും കൗശലത്തിലും മറഡോണയുടെ ജീനിയസ് മേലാപ്പ് വിരിച്ച കളിയായിരുന്നു അത്. ആദ്യം കൈകൊണ്ട് ഗോളടിച്ചു. മിനിറ്റുകൾക്കു ശേഷം ലോക ഫുട്‌ബോൾ കണ്ട അതുല്യ കുതിപ്പിലൂടെ ഇംഗ്ലണ്ട് പ്രതിരോധം കീറി മുറിച്ചു. ലോകകപ്പ് ചരിത്രത്തിലെ മറക്കാനാവാത്ത രണ്ടു ഗോളുകൾ.
ലോകകപ്പുമായി തിരിച്ചെത്തിയ മറഡോണക്ക് അർജന്റീനയിൽ ലഭിച്ചത് അവിസ്മരണീയ വരവേൽപാണ്. ആരാധകർ മറഡോണയുടെ വിശുദ്ധപുരുഷനാക്കി പുതിയ ക്രൈസ്തവ സഭ പോലും തുടങ്ങി. അടുത്ത വർഷം ഇറ്റാലിയൻ ലീഗിൽ ശരാശരി ടീമായ നാപ്പോളിയെ കിരീടത്തിലേക്ക് നയിച്ചു. അവരുടെ ചരിത്രത്തിലെ ആദ്യത്തെ ലീഗ് കിരീടം. മൂന്നു വർഷത്തിനു ശേഷം ചരിത്രം വീണ്ടും ആവർത്തിച്ചു, നാപ്പോളി വീണ്ടും ചാമ്പ്യന്മാരായി.
ഡിയേഗോയെ നോക്കിക്കൊണ്ടിരിക്കാൻ മോഹം,
അനശ്വരതയിലേക്ക് ഡ്രിബ്ൾ ചെയ്യുന്നതു കാണാൻ
മറഡോണക്ക് സമർപ്പിച്ച ഒരു ഡസനോളം ഗാനങ്ങളിലൊന്നിൽ റോക്ക് ബാന്റ് റാട്ടോണസ് പാരനോയിക്‌സ് ഇങ്ങനെ പറയുന്നു. അപ്പോഴേക്കും തകർച്ചയും ആരംഭിച്ചിരുന്നു.
അച്ചടക്കമില്ലാത്ത അർജന്റീന 1990 ലെ ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ കണ്ണീർക്കടൽ തീർത്താണ് മറഡോണ കളം വിട്ടത്. ഫൈനലിൽ പശ്ചിമ ജർമനിയോട് അവർ ഒരു ഗോളിന് തോറ്റു. അടുത്ത വർഷം നാപ്പോളിയിലെ വാസം നാണക്കേടിൽ അവസാനിച്ചു. മയക്കുമരുന്ന് കഴിച്ചതിന് 15 മാസത്തെ വിലക്ക് ലഭിച്ചു. ബാഴ്‌സലോണയിലെ കാലം മുതൽ മറഡോണ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പലരും ഊഹാപോഹം പറഞ്ഞു.
1994 ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് മറഡോണയുടെ തിരിച്ചുവരവിന്റേതാകേണ്ടതായിരുന്നു. പക്ഷെ മറ്റൊരു നാണക്കേടിലാണ് അത് അവസാനിച്ചത്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു. ഗ്രീസിനെതിരായ മത്സരത്തിൽ ഗോളടിച്ച മറഡോണ കാമറകൾക്കു നേരെ ഓടിയത് ഭ്രാന്ത് പിടിച്ചതു പോലെയാണ്. ഉത്തേജക പരിശോധകർക്ക് അത് ശ്രദ്ധിക്കാതിരിക്കാനാവില്ലായിരുന്നു. പരിശോധനയിൽ പരാജയപ്പെട്ടു. മറഡോണയെ ലോകകപ്പിൽ നിന്ന് പുറത്താക്കി.
അവരെന്റെ കാലുകളാണ് വെട്ടിയതെന്ന് മറഡോണ സങ്കടപ്പെട്ടു. രണ്ടു വർഷം കൂടി നാട്ടിൽ ബാല്യകാല ക്ലബ് ബൊക്ക ജൂനിയേഴ്‌സിന് കളിച്ചെങ്കിലും മറഡോണയുടെ കരിയർ അമേരിക്കയിലെ ലോകകപ്പോടെ അവസാനിച്ചിരുന്നു. 21 വർഷം നീണ്ട കരിയറിൽ 679 മത്സരങ്ങളിലായി 346 ഗോളാണ് മറഡോണ സ്‌കോർ ചെയ്തത്.
പിന്നീട് പരിശീലകന്റെ വേഷമിട്ടു. കളിക്കാരനെന്ന നിലയിലുള്ള വിജയം കോച്ചിന്റെ പദവിയിൽ ആവർത്തിക്കാൻ മറഡോണക്കു സാധിച്ചില്ല. മാത്രമല്ല, കളിയിലെ മാന്ത്രികസ്പർശം കോച്ചിംഗിൽ മറഡോണക്കു ലഭിച്ചില്ല. ലിയണൽ മെസ്സി കത്തിനിൽക്കുന്ന കാലത്താണ് മറഡോണ അർജന്റീനയുടെ കോച്ചായി നിയമിതനായത്. 2010 ലെ ലോകകപ്പിൽ ജർമനിയോട് ക്വാർട്ടറിൽ അർജന്റീന മറുപടിയില്ലാത്ത നാലു ഗോളിന് തോറ്റു. പക്ഷെ മറഡോണ എന്ന പേരിന്റെ മാന്ത്രികസ്പർശം ബാക്കിയുണ്ടായിരുന്നു. അതിനാൽ ഓഫറുകൾ വന്നു കൊണ്ടേയിരുന്നു. യു.എ.ഇയിലും മെക്‌സിക്കോയിലും ഒടുവിൽ ജന്മനാട്ടിലും പരിശീലകനായി. അനാരോഗ്യം പലപ്പോഴും കോച്ചിംഗ് കരിയറിനെ അലങ്കോലമാക്കി.
2001 ൽ, വിരമിച്ചു നാലു വർഷത്തിനു ശേഷം, ബൊക്ക ജൂനിയേഴ്‌സിന്റെ ഐതിഹാസികമായ കളിക്കളമായ ലാ ബോംബനീരയിലെ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി മറഡോണ പറഞ്ഞു: 'എനിക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിന് വിലയൊടുക്കേണ്ടി വന്നിട്ടുമുണ്ട്. പക്ഷെ ഒരിക്കലും പന്തിനു മേൽ കറ പുരളാൻ അനുവദിച്ചിട്ടില്ല'.
അതിന് ഒരു വർഷം മുമ്പാണ് മറഡോണക്ക് ആദ്യം ഹൃദയാഘാതം സംഭവിച്ചത്. ഉറുഗ്വായിലെ കടലോര സുഖവാസ കേന്ദ്രമായ പണ്ട ദെൽ എസറ്റേയിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടയിലായിരുന്നു അത്. വെറും അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള മറഡോണയുടെ ഭാരം 2004 ൽ നൂറു കിലോക്ക് മേൽ ഉയർന്നു. രണ്ടാമത്തെ ഹൃദയാഘാതത്തിൽ ആ ജീവൻ പൊലിഞ്ഞുവെന്ന ആശങ്കയുണ്ടായി. അതോടെയാണ് ശസ്ത്രക്രിയക്കായി കടുത്ത തീരുമാനമെടുത്തത്. ഗാസ്ട്രിക് ബൈപാസ് സർജറിയിലൂടെ അമ്പത് കിലൊ ഭാരം കുറച്ചു.പക്ഷെ വൈകാതെ പഴയ ജീവിതശൈലിയിലേക്ക് തിരിച്ചുപോയി. മദ്യാസക്തി കാരണം 2007 ൽ രണ്ടു തവണ ആശുപത്രിയിലായി. ഹെപ്പറ്റൈറ്റിസിനും മനോരോഗാശുപത്രിയിലും ചികിത്സ തേടേണ്ടി വന്നു. അപ്പോഴും മറഡോണ വാർത്തകളിൽ നിന്ന് മാറിനിന്നില്ല. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ നേതാക്കളുമായി മറഡോണ ഉറ്റസൗഹൃദം സ്ഥാപിച്ചു. ക്യൂബയിലെ ഫിഡൽ കാസ്‌ട്രോയും വെനിസ്വേലയിലെ ഹ്യൂഗൊ ഷാവേസും അടുത്ത സുഹൃത്തുക്കളായി.
കാൽ നൂറ്റാണ്ടോളം മറഡോണ ആണയിട്ടത് തനിക്ക് രണ്ട് പെൺമക്കളേ ഉള്ളൂ എന്നായിരുന്നു. ബാല്യകാല കാമുകിയായിരുന്ന, 24 വർഷത്തോളം ഭാര്യയായിരുന്ന ക്ലോഡിയ വില്ലഫേനിൽ 1987 ൽ ജനിച്ച ദാൽമയും 1988 ൽ ജനിച്ച ഗ്യാനീനയും. വില്ലഫേനുമായി വേർപിരിഞ്ഞശേഷം മറഡോണ മറ്റു ബന്ധങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങി. പുതിയ അഞ്ചു മക്കളെക്കുറിച്ചെങ്കിലും വെളിപ്പെടുത്തി -ഇറ്റലിയിലും ക്യൂബയിലും അർജന്റീനയിലും മറ്റുമുള്ള വിവാഹേതരബന്ധങ്ങളിലായിരുന്നു ഇത്. പിന്നീട് വിവാഹം കഴിച്ച വെറോണിക്ക ഒയേദയിലും കുട്ടിയുണ്ട് -2013 ൽ ജനിച്ച ഡിയേഗൊ ഫെർണാണ്ടൊ. ആ കുട്ടി ജനിച്ചപ്പോൾ ഗ്യാനീന ഇൻസ്റ്റഗ്രാമിൽ പിതാവിനെ പരിഹസിച്ചു -മൂന്നെണ്ണം കൂടി വരട്ടെ, നമുക്കൊരു ഫുട്‌ബോൾ ടീമുണ്ടാക്കാം...