ദുബായ്- കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ സ്ഥിരീകരിച്ചത് 1,172 കോവിഡ് കേസുകള്‍. രോഗമുക്തി നിരക്ക് വൈറസ് ബാധയെക്കാള്‍ ഏറെ ഉയര്‍ന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. 1,460 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചു. രണ്ട് പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 131,508 ഉം രോഗമുക്തി നേടിയവര്‍ 127,607 ഉം മരണസംഖ്യ 490 ഉം ആയി. 143,336 പേരെയാണ് പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇന്നലെ വരെ രാജ്യത്ത് ഏകദേശം 130 ലക്ഷം രോഗപരിശോധനകളാണ് നടന്നതെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞവാരം ദിനംപ്രതി 1000 പേര്‍ എന്ന തോതിലാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രാലയം വെളിപ്പെടുത്തി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈയാഴ്ച ദുബായ് കൂടുതല്‍ യാത്രാനിയമം ഒന്നുകൂടി കര്‍ശനമാക്കിയിരുന്നു. ബ്രിട്ടന്‍, ജര്‍മനി തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും എയര്‍പോര്‍ട്ടില്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്ന് നിശ്കര്‍ഷിച്ചിട്ടുണ്ട്.