ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; അന്വേഷണം സിനിമയിലേക്കും

കൊച്ചി-ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തുന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
മലയാള സിനിമാ മേഖലയിലും ലഹരിമരുന്ന് കേസിലെ പ്രതി അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ഇവിടേക്കു വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകള്‍ നര്‍കോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണു സൂചന. ഇവരിലാര്‍ക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ലോക്ഡൗണ്‍ കാലത്താണ് അനൂപിന്റെ നേതൃത്വത്തില്‍ സിനിമാ മേഖലയിലേക്ക് കൂടുതല്‍ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കന്നഡ സിനിമാ മേഖലയില്‍ നടന്‍മാരെക്കാള്‍ കൂടുതല്‍ നടിമാരാണ് ഇവരുടെ വലയില്‍ പെട്ടിരുന്നത്. സമാന രീതിയില്‍ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം. കളിപ്പാവകള്‍ ഉള്‍പ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവര്‍ക്കു സംഘം ലഹരിയെത്തിച്ചിരുന്നത്.
സ്വര്‍ണക്കടത്ത്, ലഹരിമാഫിയ സംഘങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ മലയാള സിനിമയില്‍ വ്യപകമായി പണമിറക്കിയെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 2019 മുതല്‍ എല്ലാ ചലച്ചിത്രങ്ങളുടേയും മുതല്‍മുടക്കും ലഭിച്ച തുകയും അടക്കം അന്വേഷിക്കാന്‍ കേരള പോലീസിനോട് ഏജന്‍സികള്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഈ കാലയളവിലെ എല്ലാ സിനിമകളുടേയും മുതല്‍മുടക്ക് അടക്കം വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. മലയാള സിനിയില്‍ ലഹരിമാഫിയ വലിയതോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു.
അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു.
മയക്കുമരുന്ന് വിതരണം കൂടാതെ, കൊച്ചി, ഫോര്‍ട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ്പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു . കൊച്ചി ആസ്ഥാനമായി മലയാള സിനിമയില്‍ യുവ തലമുറയിലെ ഒരു ഗ്യാങ് തന്നെ സജീവമാണ്. സംവിധായകരും നടന്‍മാരും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് ഈ ഗ്യാങ്. ഇതില്‍ ഒരു യുവ നടന്‍ അനൂപുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സിനിമ സെറ്റിലടക്കം ഈ ഗ്യാങ് വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് നിര്‍മാതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഈ മയക്കുമരുന്ന് സംഘത്തിനെതിരേ അന്വേഷണം വേണമെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവില്‍ ബിനാമി ഇടപാടുകളുണ്ടെന്ന ആരോപണവും ഇ.ഡി. അന്വേഷിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതി കെ.ടി. റമീസുമായും മുഹമ്മദ് അനൂപിന് ബന്ധമുണ്ട്. കെ.ടി. റമീസും മുഹമ്മദ് അനൂപും ഒട്ടേറെത്തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് ബെംഗളൂരുവില്‍ വെച്ചാണ് അറസ്റ്റിലായത്. ഇതേദിവസം മുഹമ്മദ് അനൂപും റമീസും ഫോണില്‍ സംസാരിച്ചിരുന്നു. സ്വര്‍ണക്കടത്തും ലഹരിയിടപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡി. അന്വേഷിക്കുന്നുണ്ട്.
ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക.. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം സുരക്ഷയെ മുന്‍നിര്‍ത്തി ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ നിന്നും വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. ലഹരി മരുന്ന് ഇടപാട് നടത്താനുളള പണം എവിടെ നിന്ന് വന്നു, ബിനീഷിന് അതിലുളള പങ്ക് എന്താണ് തുടങ്ങിയ വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരുന്നത്. മുന്‍പ് അറസ്റ്റിലായ അനൂപിന്റെ മൊഴിയെ തുടര്‍ന്നാണ് ബിനീഷിന് കുരുക്ക് മുറുകിയത്. ബെംഗളുരു മയക്കുമരുന്ന് പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ ബിനീഷ് കോടിയേരി ആറാം പ്രതിയാണ്. ബെംഗളുരു മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസ് എടുക്കും. മയക്ക് മരുന്ന് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതികളുമായി ബിനീഷിന് ഉറ്റബന്ധമുണ്ടെന്ന് നേരത്തെ കണ്ടത്തിയിരുന്നു. മയക്കുമരുന്ന് വില്‍പ്പനയിലും ഇടപാടിലും ബിനിഷിന് പങ്കുണ്ടോയെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കും. ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഇ ഡി ആസ്ഥാനത്തെത്തും. ഇ ഡി ശേഖരിച്ച വിവരങ്ങള്‍ നാര്‍ക്കോട്ടിക്‌സിന് കൈമാറും.
ബിനീഷ് കോടിയേരി നിര്‍ദ്ദേശിച്ചത് പ്രകാരമാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് മുഹമ്മദ് ഇഡിയ്ക്ക് നല്‍കിയ മൊഴിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ഏറ്റവും വലിയ തെളിവായി മാറിയത്.
 

Latest News