Sorry, you need to enable JavaScript to visit this website.

അങ്ങനെയുള്ള കാലം...

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സവിശേഷമായ സ്വഭാവമൊന്നുമില്ലെന്നും അത് മറ്റു ബൂർഷ്വാ പാർട്ടികളെപ്പോലെ മറ്റൊരു രാഷ്ട്രീയ പാർട്ടി മാത്രമാണെന്നും അധികാരത്തിലെത്തുകയെന്നത് മാത്രമാണ് അതിന്റെ നിയോഗമെന്നും സമൂഹത്തിലെ എല്ലാ പുഴുക്കുത്തുകളും അതിനേയും അതിലെ അംഗങ്ങളേയും ബാധിക്കാമെന്നും വിശ്വസിച്ചു തുടങ്ങുമ്പോൾ മലയാളിയുടെ നടുക്കം ക്രമേണ അപ്രത്യക്ഷമാകും.

നിസ്സഹായതയും നിശ്ചയമില്ലായ്മയും നിഴലിക്കുന്ന ആ പതിവു മറുപടി മാത്രമാണ് ഇനി സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും ആശ്രയം. 'നിയമം നിയമത്തിന്റെ വഴിക്ക് പോകും'. അഞ്ചു വർഷത്തെ ഭരണത്തിന് ശേഷം പുറത്തു പോകുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞ വാക്കുകളുടെ തനിയാവർത്തനം ഒരു ഇടതുപക്ഷ സർക്കാരിന്റെ തലവനും പറയേണ്ടിവരുമ്പോൾ അത് ചരിത്രത്തിന്റെ തനിയാവർത്തനമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അരികെയെത്തുകയും നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങൾ മാത്രം അകലെയായിരിക്കുകയും ചെയ്യുമ്പോൾ, സി.പി.എം സമീപകാലത്ത് അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റേയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടേയും അറസ്റ്റ് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമായി മാത്രം വിശേഷിപ്പിച്ച് കൈകഴുകാൻ സി.പി.എമ്മിനാവില്ല. ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ബലമായി വിശ്വസിക്കുന്ന ജനത്തെ, കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയെന്നതാണ് ഏറ്റവും ദുഷ്‌കരമായ ദൗത്യം. ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് പ്രതീക്ഷിക്കാനാവാത്ത തരത്തിലുള്ള ഇടപാടുകൾ മറനീക്കി പുറത്തു വരുമ്പോൾ തള്ളാനും കൊള്ളാനുമാകാതെ, നിൽക്കക്കള്ളിയില്ലാത്ത നിലയിലേക്ക് സി.പി.എം  പതിക്കുന്നു.
കസ്റ്റംസ്, എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ കേരളത്തിൽ ഏതാനും മാസങ്ങളായി വട്ടമിട്ടു പറക്കുകയാണ്. സ്വർണക്കള്ളക്കടത്ത് അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ സ്വാഗതം ചെയ്ത മുഖ്യമന്ത്രിക്ക് ഇനി അവരെ തള്ളിപ്പറയാനുമാകില്ല. കൊറോണ പ്രതിരോധത്തിന്റെ നിറവിൽ, ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും കേരളം തലയുയർത്തി നിൽക്കുമ്പോഴാണ് അവിചാരിതമായി സ്വർണക്കടത്ത് പുറത്തു വന്നത്. സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് മാറിയതോടെ കൊറോണ പ്രതിരോധം പാളി. പ്രശംസിച്ചവർ തന്നെ വിമർശിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറാൻ അധികസമയം വേണ്ടിവന്നില്ല. മരണ നിരക്കിലെ കുറവാണ് ഇപ്പോൾ കേരളത്തിന് ഉയർത്തിക്കാട്ടാവുന്ന ഒരേയൊരു കാര്യം. അതാകട്ടെ, നേരത്തെ തന്നെ കേരളം കൈവരിച്ച ആരോഗ്യ സുരക്ഷയുടെയും നേട്ടങ്ങളുടെയും ഭാഗം കൂടിയാണുതാനും. 
പാർട്ടി അംഗങ്ങൾ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും സംശയത്തിന് അതീതരായിരിക്കണം എന്ന് പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കിയ രാഷ്ട്രീയ കക്ഷിയാണ് സി.പി.എം. അതിനാൽ, പ്രായപൂർത്തിയായ മക്കളുടെ കാര്യത്തിൽ പാർട്ടി നേതാവായ അച്ഛന് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കൈകഴുകാനുമാകാത്ത സ്ഥിതിയാണ്. മാത്രമല്ല, ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്നോ രാഷ്ട്രീയ പ്രേരിതമാണെന്നോ ഒന്നും കരുതാനുമാവില്ല. കാരണം, പ്രതിയുടെ പശ്ചാത്തലം തന്നെ. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളുടെ മകനായ ബിനീഷ് നേരത്തെയും പാർട്ടിയുടെ സംസ്‌കാരത്തിന് നിരക്കാത്ത പ്രവൃത്തികളിൽ ചെന്നുപെട്ടിരുന്നു. അറബിയെ കോടികൾ പറ്റിച്ചു മുങ്ങിയ സംഭവവും കുഞ്ഞിന്റെ പിതൃത്വം ആരോപിച്ച് മുംബൈയിൽ നൽകപ്പെട്ട കേസുമൊക്കെ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിനാൽ, ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിന് പങ്കുണ്ടാവുകയെന്നത് സ്വാഭാവികം മാത്രമായേ ജനങ്ങൾ കാണുകയുള്ളൂ.
ലളിതവും ആദർശനിഷ്ഠവുമായ വ്യക്തിജീവിതം, സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബം ഇങ്ങനെ കമ്യൂണിസ്റ്റ് ജീവിതത്തെക്കുറിച്ച ശരാശരി കേരളീയന്റെ സങ്കൽപങ്ങൾക്കും ഭാവനകൾക്കുമേൽക്കുന്ന വലിയ ഷോക്കാണ് ഈ സംഭവ വികാസങ്ങൾ. എത്രയെത്ര സിനിമകളിൽ, കഥകളിൽ, നോവലുകളിൽ കമ്യൂണിസ്റ്റ് ജീവിതം കാൽപനികവൽക്കരിക്കപ്പെട്ടു. ചെങ്കൊടി പിടിക്കുന്നവന്റെ മഹത്വവും ഖദറിടുന്നവന്റെ നീചത്വവും ആവർത്തിച്ചാവർത്തിച്ച് മലയാളിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. അതിനാൽ, കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചുനിൽക്കുകയാവും പലരും. പുതിയ കാലത്തെ പാർട്ടി ജീവിതം വ്യത്യസ്തമാണെന്ന തിരിച്ചറിവുണ്ടാകുന്നതുവരെ ഈ ഞെട്ടൽ തുടരും.
വ്യക്തിജീവിതത്തിൽ മാത്രമല്ല, പാർട്ടി നയങ്ങളിലേക്കും അരിച്ചുകയറുന്ന മുതലാളിത്ത സ്വാധീനത്തിനെതിരെ എം.എൻ. വിജയൻ മുതൽ വി.എസ് അച്യുതാനന്ദൻ വരെയുള്ളവർ പലപ്പോഴായി നടത്തിയ കലഹങ്ങളെയെല്ലാം അതിജീവിച്ചും പരാജയപ്പെടുത്തിയുമാണ് പാർട്ടി ഈ നേട്ടത്തിലെത്തിച്ചേർന്നിരിക്കുന്നത് എന്ന് നിശ്ചയമാണ്. പാർട്ടി അധികാര കേന്ദ്രിതമാകുകയും പണം പ്രധാന ലക്ഷ്യമാകുകയും ചെയ്യുന്നതോടെ ഇടതുപക്ഷ മൂല്യങ്ങൾ ചവറ്റുകൊട്ടയിലേക്ക് ആട്ടിപ്പായിക്കപ്പെടുന്നു. പണം എന്നു പറയുമ്പോൾ അത് കാറൽ മാർക്‌സ് പറഞ്ഞ മൂലധനം അല്ല എന്നുകൂടി ഓർക്കണം. ആഡംബര ജീവിതവും മുതലാളിത്ത സഹവാസങ്ങളും പാർട്ടിയുടെ നേതാക്കളുടെ ജീവിത കാഴ്ചപ്പാടുകളെ ഏറെ മാറ്റിമറിച്ചു. ലോകമെങ്ങും കമ്യൂണിസം പ്രതിസന്ധി നേരിട്ടപ്പോഴും പാർലമെന്ററി ജനാധിപത്യത്തിന്റെ കരം പിടിച്ചാണെങ്കിലും കമ്യൂണിസ്റ്റ് തുരുത്തുകളായ ചില പ്രദേശങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് കേരളം. സി.പി.എമ്മും സി.പി.ഐയുടമടങ്ങുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളും അനുഭാവികളും മാത്രമല്ല, പാർട്ടി ബന്ധങ്ങളില്ലെങ്കിലും ഇടതുപക്ഷ മൂല്യങ്ങളെ മാനിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന വലിയൊരു വിഭാഗവും താമസിക്കുന്ന കേരളത്തിൽ, ഒരു തെരഞ്ഞെടുപ്പ് വിജയിക്കുക എന്നത് ഇനിയും ഇടതുപക്ഷ മുന്നണിക്ക് അസാധ്യമായ കാര്യമല്ല. എന്നാൽ, കേരളം അതിന്റെ ഭാവനയിൽ വരച്ചിട്ടിരിക്കുന്ന കമ്യൂണിസ്റ്റ് ചിത്രം മാഞ്ഞുപോകുന്നത് ഖേദകരമാണ്.
ഒരുപക്ഷേ ഇത്, പാർട്ടിയുടെ പ്രശ്‌നമല്ലെന്നും മലയാളിയുടെ പ്രശ്‌നമാണെന്നും കരുതുന്നവരും ധാരാളമാണിപ്പോൾ. പാർട്ടി ഇങ്ങനെയൊക്കെയായിരിക്കണം പ്രവർത്തിക്കേണ്ടത് എന്ന് സ്വയം സങ്കൽപിച്ച് അതിനു വിരുദ്ധമായതിനെ ഞെട്ടലോടെ കാണുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. ഇത് ഏറ്റവും ഭംഗിയായി വിശദീകരിച്ചത് മുൻപൊരിക്കൽ ഇ.പി. ജയരാജനാണ്. കമ്യൂണിസ്റ്റുകാർ കട്ടൻ ചായയും പരിപ്പുവടയും മാത്രം കഴിച്ചാൽ മതിയെന്ന് കരുതുന്നവരെ അദ്ദേഹം പുഛത്തോടെയാണ് നേരിട്ടത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സവിശേഷമായ സ്വഭാവമൊന്നുമില്ലെന്നും അത് മറ്റു ബൂർഷ്വാ പാർട്ടികളെപ്പോലെ മറ്റൊരു രാഷ്ട്രീയ പാർട്ടി മാത്രമാണെന്നും അധികാരത്തിലെത്തുകയെന്നത് മാത്രമാണ് അതിന്റെ നിയോഗമെന്നും സമൂഹത്തിലെ എല്ലാ പുഴുക്കുത്തുകളും അതിനേയും അതിലെ അംഗങ്ങളേയും ബാധിക്കാമെന്നും വിശ്വസിച്ചുതുടങ്ങുമ്പോൾ മലയാളിയുടെ നടുക്കം ക്രമേണ അപ്രത്യക്ഷമാകുകയും നിസ്സംഗനായി പോളിംഗ് ബൂത്തുകളിൽ പോയി വോട്ട് ചെയ്യാൻ അവൻ പ്രാപ്തനാകുകയും ചെയ്യും.
'ഒരുപാട് ആളുകളുടെ അനുഭവങ്ങൾ നമ്മുടെ ഭാഷയിൽ ഇനിയും പുറത്തു വരാനുണ്ട്. ഒരുപാട് ഞെട്ടിക്കുന്ന, തിരുത്തുന്ന അനുഭവങ്ങൾ. ഒരു കല്ലുവെട്ടു തൊഴിലാളി തന്റെ പണിയും കഴിഞ്ഞ് മഴുവുമായി ചെന്ന് മഴു മൂലയ്ക്ക് വെച്ച് പാർട്ടി യോഗങ്ങളിൽ പ്രസംഗിച്ച് നടന്ന കഥ എത്ര സഖാക്കൾക്കറിയാം? അങ്ങനെയുള്ള കാലമുണ്ടായിരുന്നു. കൃഷ്ണപ്പിള്ള ഈ തൊഴിലാളി സഖാവിനെയാണ് ഒരു ഒളിപ്പോരാളിയെ സംരക്ഷിക്കാൻ ഏൽപിച്ചത്. ഈ സഖാവ് തന്റെ ഒളിപ്പോരാളിയായ സുഹൃത്തിനെ എത്രയോ ദിവസം സംരക്ഷിക്കുകയും കൊടുങ്കാറ്റും മഴയുമുള്ള ഒരു ദിവസം ബസ് കയറ്റിവിടുകയും ചെയ്ത സംഭവം. കൃഷ്ണപ്പിള്ളയുടെ കാലത്ത് നടന്ന ഒരു കഥ, ഈയിടെ ഒരു തൊണ്ണൂറു വയസ്സുകാരൻ എന്നോട് പറഞ്ഞു. സ്വന്തം മഴു മൂലയിൽ വെച്ച്, കൈയിലെ ഉറച്ച തഴമ്പ് കാട്ടി പ്രസംഗിച്ച ആ സഖാവിനെ ഏത് ചരിത്ര പുസ്തകത്തിൽ കണ്ടെത്താൻ കഴിയും? ഇന്ന് നമുക്ക് ആരെയും കയറ്റി വിടാനില്ല. കയറിപ്പറ്റാനേയുള്ളൂ, ഇറക്കിവിടാനും.'
എം.എൻ. വിജയൻ പറഞ്ഞതാണ്. കയറിപ്പറ്റലിന്റെ മാത്രം രാഷ്ട്രീയം പുലരുന്ന ആസുര കാലത്ത്, അധികാരത്തിന്റെ മഴു ഒരു മൂലയ്ക്ക് വെച്ച് കൊടുങ്കാറ്റിനേയും മഴയേയും നേരിടാൻ ത്രാണിയില്ലാത്തവരുടെ കാലത്ത് വെറുമൊരു ഓർമപ്പെടുത്തൽ മാത്രം.
 

Latest News