Sorry, you need to enable JavaScript to visit this website.

പ്രവാചക പാതയിൽ പള്ളിക്കമ്മിറ്റി ക്ഷേത്രപാതക്ക് സ്ഥലം നൽകി മാതൃകയായി

കൊണ്ടോട്ടി പരതക്കാട് ജുമുഅത്ത് പള്ളിക്കമ്മിറ്റി വിട്ടുനൽകിയ സ്ഥലം ഉപയോഗിച്ച് കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്ക് നിർമിച്ച നടപ്പാത മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീർ ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി- പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ പള്ളിക്കമ്മിറ്റി വിട്ടുനൽകിയ സ്ഥലത്ത് ക്ഷേത്ര തറയിലേക്ക് നടപ്പാത. മുതുവല്ലൂർ പഞ്ചായത്തിലെ പരതക്കാട് ജുമുഅത്ത് പള്ളിക്കമ്മിറ്റി വിട്ടുനൽകിയ സ്ഥലത്താണ് സമീപത്തെ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്ര തറയിലേക്ക് നടപ്പാത ഗ്രാമപഞ്ചായത്ത് നിർമിച്ചത്.
ഏറെക്കാലമായി കോളനി നിവാസികളുടെ ആഗ്രഹമാണ് ക്ഷേത്ര തറയിലേക്ക് നടപ്പാത. ഇതിനായാണ് ആറ് മാസം മുമ്പ് ഗ്രാമപഞ്ചായത്തിന് സ്ഥലം കൈമാറിയത്. 110 മീറ്റർ നീളവും, 130 സെ.മീറ്റർ വീതിയിലുമാണ് പള്ളിക്കമ്മിറ്റിയുടെ അധീനതയിലുളള സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. മുതുവല്ലൂർ ഗ്രാമപഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നടപ്പാത നിർമിക്കുകയായിരുന്നു. രണ്ട് ലക്ഷം മുടക്കിയാണ് നടപ്പാത നിർമിച്ചത്.
നടപ്പാത ബുധനാഴ്ച വൈകുന്നേരം പഞ്ചായത്ത് പ്രസിഡണ്ട് കെ.എ സഗീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പള്ളിക്കമ്മിറ്റി സെക്രട്ടറി ശിഹാബ് മാസ്റ്റർ, എൻ.സി ഉമർ, എൻ.സി.കുഞ്ഞാൻ, ശങ്കരൻ, ഉണ്ണികൃഷ്ണൻ, നാടിക്കുട്ടി, കാളി, ജയൻ, മായക്കര അലവിക്കുട്ടി, സുലൈമാൻ മുസ്‌ലിയാർ, ബിച്ചിമാൻ, പെരവൻകുട്ടി, അലി സംബന്ധിച്ചു.

Latest News