Sorry, you need to enable JavaScript to visit this website.

കടുവകള്‍ക്കായി വയനാട്ടില്‍ അഭയ-പരിചരണ കേന്ദ്രം തുടങ്ങുന്നു

കല്‍പറ്റ-പ്രായാധിക്യവും പരിക്കും മൂലം വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരതേടുന്നതിനിടെ പിടിയിലാകുന്ന കടുവകള്‍ക്കു അഭയവും പരിചരണവും  നല്‍കുന്നതിനു വനം-വന്യജീവി വകുപ്പ്  സംസ്ഥാനത്തു ആദ്യമായി വയനാട്ടില്‍  കേന്ദ്രം തുടങ്ങുന്നു.

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചില്‍പ്പെട്ട പച്ചാടിയില്‍ അഞ്ച് ഏക്കറാണ് അഭയ-പരിചരണ കേന്ദ്രത്തിനായി  ഉപയോഗപ്പെടുത്തുന്നത്.വനം-വന്യജീവി വകുപ്പ് ദീര്‍ഘകാലം നടത്തി ഉപേക്ഷിച്ച വനലക്ഷ്മി കുരുമുളകു തോട്ടത്തിന്റെ ഭാഗമാണ് ഈ സ്ഥലം.


78 ലക്ഷം രൂപ ചെലവിലാണ്  കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നത്.മൂന്നു മാസത്തിനകം പ്രവര്‍ത്തനം ആരഭിക്കുന്ന കേന്ദ്രത്തില്‍ ഒരേ സമയം നാലു കടുവകളെ സംരക്ഷിക്കാനാകുമെന്നു വനം-വന്യജീവി വകുപ്പധികൃതര്‍ പറഞ്ഞു.കേന്ദ്രത്തില്‍ നല്‍കുന്ന പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാര്‍ഥ ആവാസകേന്ദ്രത്തില്‍ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും.


വയനാട്ടില്‍ വനത്തോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍  കുറച്ചുകാലമായി കടുവാശല്യം വര്‍ധിച്ചിരിക്കയാണ്.കാട്ടില്‍ സ്വയം ഇര തേടാന്‍ കെല്‍പ്പില്ലാത്ത കടുവകളാണ് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത്.വീടുകളുടെ പരിസരങ്ങളിലെത്തി പിടികൂടുന്ന വളര്‍ത്തുമൃഗങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്.വിശപ്പകറ്റുന്നതിനു കാടിറങ്ങുന്ന കടുവകളില്‍ കര്‍ണാടകയിലെ ബന്ദിപ്പുര,നാഗരഹോള വനങ്ങളിലേതും ഉള്‍പ്പെടും.


പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങളെങ്കിലും കേരളത്തിലെ കടുവകളില്‍ പകുതിയോളം വയനാടന്‍ വനത്തിലാണ്. 2018ലെ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തെ
190 കടുവകളില്‍ 80 എണ്ണമാണ് വയനാട്ടില്‍.രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ കടുവ സാന്ദ്രതയില്‍ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കര്‍ണാടകയിലെ നാഗര്‍ഹോളയ്ക്കും ബന്ദിപ്പുരയ്ക്കുമാണ്.വയനാടന്‍ വനങ്ങളുമായി അതിരുപങ്കിടുന്നതാണ് ഈ രണ്ടു കടുവാസങ്കേതങ്ങളും.

100 ചതുരശ്ര കിലോമീറ്ററില്‍ നാഗര്‍ഹോളയില്‍ 11.82-ഉം ബന്ദിപ്പുരയില്‍ 7.7-ഉം കടുവ സാന്ദ്രത.200 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണ്‍ അടക്കം 843 ചതുരശ്ര കിലോമീറ്ററാണ് നാഗര്‍ഹോള കടുവ സങ്കേതത്തിന്റെ വിസ്തൃതി. 2018ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ചു 127 കടുവകളാണ് ഇവിടെ.ബഫര്‍ സോണ്‍ അടക്കം 1,020 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ബന്ദിപ്പുര വനത്തില്‍ 126 കടുവകളാണുള്ളത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് കടുവ സങ്കേതമാണ് രാജ്യത്ത് കടുവ സാന്ദ്രതയില്‍(100 ചതുരശ്ര കിലോമീറ്ററില്‍ 14)ഒന്നാം സ്ഥാനത്ത്.520.8 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ജിം കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ ഒരു വയസിലധികം പ്രായമുള്ള 231 കടുവകളാണ് ഉള്ളത്.


കര്‍ണാടക വനത്തില്‍നിന്നു കബനി നദി കടന്നെത്തിയ കടുവയാണ് മാസങ്ങള്‍മുമ്പ് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിലും പരിസരങ്ങളിലും ശല്യം ചെയ്തിരുന്നത്.വയനാടന്‍ വനത്തില്‍ത്തന്നെയുള്ളതാണ് കഴിഞ്ഞ 25നു പുല്‍പള്ളിക്കടുത്തു ചീയമ്പത്തു കൂടുവച്ചു പിടിച്ച പെണ്‍കടുവ.മൂന്നു ദിവസത്തെ നിരീക്ഷണത്തിനുശേഷം ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വനം-വന്യജീവി വകുപ്പ് വയനാട്ടില്‍ അഞ്ചു കടുവകളെയാണ് ജനവാസകേന്ദ്രങ്ങളില്‍നിന്നു പിടിച്ചത്. കടുവകളുടെ ചികിത്സയ്ക്കും പരിചരണത്തിനും നിലവില്‍ സംസ്ഥാനത്തു പ്രത്യേകം സംവിധാനമില്ല.താത്കാലിക ക്രമീകരണം എന്ന നിലയിലാണ് തിരുവനന്തപുരത്തും നെയ്യാറിലും എത്തിക്കുന്നത്.


പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി നീക്കിവച്ച 136.86 ഹെക്ടറില്‍ 10 ഹെക്ടര്‍ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതു വനം-വന്യജീവി വകുപ്പിന്റെ സജീവ പരിഗണനയിലുണ്ട്.നവീനവും സാങ്കേതികത്തികവുള്ളതുമായ പുനരധിവാസ കേന്ദ്രമാണ് പുത്തൂരില്‍ വിഭാവനം ചെയ്യുന്നത്.  വനത്തില്‍നിന്നോ വനാതിര്‍ത്തികളില്‍നിന്നോ പിടികുടുന്ന  കടുവകളെ തിരുവനന്തപുരം മൃഗശാലയിലോ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലോ പാര്‍പ്പിക്കേണ്ട സാഹചര്യം പുനരധിവാസ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ ഒഴിവാകും.പുത്തൂരില്‍  പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതിനു മൂന്നു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

Latest News