Sorry, you need to enable JavaScript to visit this website.

ഡോ. കൃഷ്ണകുമാറിന്റെ ജെട്ടി ചലഞ്ച്... മാപ്പു പറഞ്ഞെങ്കിലും നടപടിക്ക് സാധ്യത

റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ചാവക്കാട്- ചേറ്റുവ റോഡിലെ ഗട്ടറിൽ അടിവസ്ത്രം ഇട്ട് ഡോ. കൃഷ്ണകുമാറിന്റെ വേറിട്ട പ്രതിഷേധം.


തൃശൂർ - തകർന്ന റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നടുറോഡിലെ ഗട്ടറിൽ തന്റെ അടിവസ്ത്രമഴിച്ച് വിരിച്ച് ജെട്ടി ചലഞ്ച് നടത്തിയ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. കൃഷ്ണകുമാർ ഒടുവിൽ മാപ്പു പറഞ്ഞെങ്കിലും നടപടിക്ക് സാധ്യത. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലിലെ ഓർത്തോപീഡിക്‌സ് വിഭാഗം അസി. പ്രൊഫ. ഡോ. സി.വി. കൃഷ്ണകുമാറാണ് കഴിഞ്ഞ ദിവസം ചാവക്കാട് - ചേറ്റുവ റോഡിൽ വേറിട്ട പ്രതിഷേധം നടത്തിയത്.
റോഡ് പൊളിഞ്ഞതിന് പിന്നിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെയും കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയുടെയും അഴിമതിയുണ്ടെന്നും ചലഞ്ചിന് മുമ്പായി നടത്തിയ പ്രതിഷേധ പ്രസംഗത്തിൽ ഡോ. കൃഷ്ണകുമാർ പറയുകയും ചെയ്തു. തുടർന്നാണ് തകർന്ന റോഡിലെ ഗട്ടറിന് മുകളിൽ തന്റെ അടിവസ്ത്രമഴിച്ച് വിരിച്ചത്.


ഇത് ഡോക്ടറുടെ സുഹൃത്തുക്കളുടെയും മറ്റും വാട്‌സാപ്പിൽ പ്രചരിച്ചതോടെ സംഗതി വൈറലായി. 
സർക്കാർ സർവീസിലിരിക്കുന്ന ഒരു ഡോക്ടർ സർക്കാരിനേയും മന്ത്രിയേയും എം.എൽ.എയേയും പരസ്യമായി കുറ്റപ്പെടുത്തുകയും അഴിമതി ആരോപിക്കുകയും ജെട്ടി ചലഞ്ച് നടത്തുകയും ചെയ്തതോടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ഓഫീസും സംഭവത്തിന്റെ വിശദീകരണം തേടി. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും സംഭവത്തിനെതിരെ രംഗത്തു വന്നു.


ഇതോടെ തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് ഡോ. കൃഷ്ണകുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. 
തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പ്രതികരണത്തിന് തെരഞ്ഞെടുത്ത വഴി തെറ്റിയെന്നും മന്ത്രിയുടെയും എം.എൽ.എയുടെയും പേരിൽ അഴിമതി ആരോപിച്ചത് വലിയ തെറ്റാണെന്നും ഡോ. കൃഷ്ണകുമാർ നൽകിയ വിശദീകരണ കുറിപ്പിലുണ്ട്. 
ഈ വിശദീകരണ കുറിപ്പ് തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറി. ഡയറക്ടർ ആരോഗ്യ വകുപ്പുമായി ആലോചിച്ചായിരിക്കും തുടർനടപടികൾ.


അതേസമയം, സോഷ്യൽ മീഡിയ ഡോക്ടറുടെ ജെട്ടി ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഡോ. കൃഷ്ണകുമാറിന്റെ പ്രതികരണത്തിൽ കുഴപ്പമില്ലെന്നും എന്നാൽ അടിവസ്ത്രമുരിഞ്ഞുള്ള പ്രതിഷേധ രീതിയാണ് കുഴപ്പമെന്നും പലരും വിമർശിക്കുന്നു. തകർന്ന റോഡിനെ വിമർശിക്കാൻ ഒരു ഓർത്തോ സർജനേക്കാൾ അനുയോജ്യൻ മറ്റാരാണ് എന്ന ചോദ്യവും ഒരു കൂട്ടർ ഉയർത്തിയിട്ടുണ്ട്. വിദേശങ്ങളിൽ ഇത്തരത്തിൽ ഡോക്ടർമാർ പല വിഷയത്തിലും വേറിട്ട പ്രതിഷേധങ്ങൾ നടത്തുന്നതിന്റെ വീഡിയോകളും ചിലർ പോസ്റ്റ് ചെയ്ത് കൃഷ്ണകുമാറിനെ പിന്തുണയ്ക്കുന്നുണ്ട്.


അതേസമയം, കൃഷ്ണകുമാറിന്റെ വേറിട്ട പ്രതിഷേധം ഏറ്റുപിടിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തുണിയുരിഞ്ഞുള്ള പ്രതിഷേധത്തിന് എല്ലാ പാർട്ടികളും എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.
ഹർത്താൽ ദിനങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താൻ തന്നെ ഡിസൈൻ ചെയ്ത വ്യത്യസ്തമായ സൈക്കിളിലെത്തി നേരത്തെ വാർത്തയിൽ ഇടം നേടിയ ഡോക്ടറാണ് സി.വി. കൃഷ്ണകുമാർ. ജെട്ടി ചലഞ്ച് സംഭവത്തെക്കുറിച്ച് ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയാണ് പരാതി നൽകിയിരിക്കുന്നത്. 

 

Latest News