Sorry, you need to enable JavaScript to visit this website.

കെ.എം. ഷാജിക്ക് പിന്തുണയുമായി കോൺഗ്രസ് 


കണ്ണൂർ - അനധികൃത സ്വത്ത് സമ്പാദന കേസിൽ ആരോപണ വിധേയനായ കെ.എം. ഷാജി എം.എൽ.എക്ക് പിന്തുണയുമായി കോൺഗ്രസ് എത്തുന്നു. കെ. സുധാകരനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഷാജിക്ക് പിന്തുണയുമായി എത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഷാജിക്ക് യു.ഡി.എഫ് പിന്തുണ നൽകാത്തത് വിവാദമായിരുന്നു.
അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു കോഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ.എം. ഷാജിയുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ആറു മാസം മുമ്പ് ഇതുസംബന്ധിച്ച് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും ഇതുവരെ ഒരു തെളിവും ലഭിച്ചില്ല. ഇതിനിടെയാണ് വിജിലൻസിന് പരാതി നൽകിയ സി.പി.എം നേതാവ് ഇ.ഡിക്കും പരാതി നൽകിയത്. തുടർന്നാണ് ഷാജിയുടെ ആസ്തി സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്. ഇതിനിടെ സി.പി.എം ഭരിക്കുന്ന കോഴിക്കോട് കോർപറേഷൻ അധികൃതർ ഷാജിയുടെ വീട് നിർമാണം അനധികൃതമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തു വരികയും ഇത് സമൂഹ മധ്യമങ്ങളിലടക്കം വൻ വിവാദമാവുകയും ഷാജി സംശയത്തിന്റെ നിഴലിലാവുകയും ചെയ്തു. എന്നാൽ ഷാജിയെ ന്യായീകരിക്കാൻ പ്രമുഖ യു.ഡി.എഫ് - കോൺഗ്രസ് നേതാക്കളാരും രംഗത്തു വന്നില്ല.


ഇതിനിടെയാണ് ഷാജിക്ക് പിന്തുണയുമായി കെ. സുധാകരൻ എം.പി രംഗത്തു വന്നത്. ഷാജിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ലെന്നും സുധാകരൻ മുന്നറിയിപ്പു നൽകി. ഇതിന്റെ പിന്നാലെയാണ് മുതിർന്ന പ്രതിപക്ഷ നേതാവു തന്നെ ഷാജിക്ക് പിന്തുണയുമായി എത്തിയത്. കെ.എം. ഷാജിയെ വേട്ടയാടാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നീക്കമാരംഭിച്ചതാണെന്നും ഇതിന് തെളിവാണ് വിജിലൻസ് കേസെന്നും ഷാജിയെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രിയെ വിമർശിക്കുന്നതാണ് അദ്ദേഹത്തിന്റെ കണ്ണിലെ കരടായി ഷാജി മാറാൻ കാരണം. അഴിമതിക്കെതിരെ പോരാടുന്ന ആളെ അഴിമതിക്കാരനാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ജനങ്ങൾക്ക് കെ.എം. ഷാജിയെ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.


ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചു മാസം അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ലെന്ന് മാത്രമല്ല; ഷാജിയെ ചോദ്യം ചെയ്യാൻ പോലും സാധിച്ചിട്ടില്ല. ഇതിന് പിന്നാലെ നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചാ വേളയിൽ പിണറായിക്കെതിരെ വീണ്ടും രൂക്ഷ വിമർശനം ഉന്നയിക്കുകയും ഇത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ചർച്ചയാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇ.ഡിക്ക് പരാതി ലഭിച്ചത്. കണ്ണൂരിലെ പ്രാദേശിക സി.പി.എം നേതാവാണ് പരാതിക്കാരൻ. ഇതോടൊപ്പം കോഴിക്കോട്ടെ വീട് നിർമാണ വിഷയം ഉയർന്നു വരികയും ഡി.വൈ.എഫ്.ഐ ഇക്കാര്യം ഏറ്റുപിടിച്ച് രംഗത്തു വരികയും ചെയ്തു. 


വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് ഷാജിക്കെതിരെയുള്ള നീക്കമെന്നാണ് സംശയിക്കുന്നത്. ഇത്രയേറെ ആരോപണങ്ങൾ ഉയർന്നാലും അഴീക്കോട് മണ്ഡലത്തിൽ ഒരിക്കൽ കൂടി മത്സരിച്ചാലും ഷാജി വിജയിക്കുമെന്ന് ഉറപ്പാണ്. 
ഷാജിക്ക് പകരം ഏത് യു.ഡി.എഫ് നേതാവ് മത്സരിച്ചാലും അവിടെ പരാജയം ഉറപ്പാവുകയും ചെയ്യും. ഇതാണ് അഴീക്കോട് മണ്ഡലവും കെ.എം. ഷാജിയും തമ്മിലുള്ള ബന്ധം. സി.പി.എം ഭയപ്പെടുന്നതും ഈ ബന്ധമാണ്.

 

Latest News