Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ പതനം 

കേരളം എൽ.ഡി.എഫ് ഭരണത്തോടും കൊറോണ വ്യാപനത്തോടും കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഭരണ സിരാകേന്ദ്രവുമായി ബന്ധപ്പെട്ട് കണ്ടുകൊണ്ടിരിക്കുന്നത്. ഒടുവിലിതാ ഭരണത്തിന് ചുക്കാൻ പിടിച്ചിരുന്ന  മുൻ പ്രിൻസിപ്പൽ സെക്രട്ടരി ശിവശങ്കർ  കസ്റ്റഡിയിലായിരിക്കുന്നു. ഇത്രയും സംഭവങ്ങൾ മറ്റവൻമാർ ഭരിക്കുമ്പോഴായിരുന്നുവെങ്കിലെന്ന് ചിന്തിച്ചു നോക്കൂ. 
നിത്യേന ഹർത്താൽ, മന്ത്രിമാരെ വഴി തടയൽ, ബന്ദ്, ബസിന് കല്ലെറിയൽ മുതൽ  വിവിധ കലാപരിപാടികൾ അരങ്ങേറുമായിരുന്നു. എൽ.ഡി.എഫ് ഭരിക്കുന്നതും കൊറോണ പടർന്നതും മലയാളികൾക്ക് ഒരർഥത്തിൽ അനുഗ്രഹമായി. പല ജില്ലകളിലും മൂന്നക്കത്തിന് മുകളിൽ രോഗികളുടെ എണ്ണം കടന്നതിനാൽ ആളുകൾ കൂട്ടം കൂടുന്നതിന് നിയന്ത്രണമുണ്ട്. ശിവശങ്കറെന്നത് നിസ്സാരക്കാരനല്ല. സംസ്ഥാനത്തെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും  മാതൃകയാവേണ്ട വ്യക്തി. അദ്ദേഹം ഇത്തരം വേണ്ടാതീനങ്ങൾക്ക് പുറപ്പെട്ടാൽ പാവപ്പെട്ട എൻ.ജി.ഒമാരും മറ്റും ഇതിൽ നിന്നെന്ത് പാഠമാണ് ഉൾക്കൊള്ളേണ്ടത്?   സ്പ്രിംഗ്ലർ ഇടപാടിൽ ഖേദം പ്രകടിപ്പിക്കാൻ പത്രക്കാരുടെ മുന്നിലെത്തിയേപ്പാഴേ ഇയാളെ കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. അനന്തപുരിയിലെ ഒരു ഐ.എ.എസ് പുലി ഇങ്ങനെ കടലാസുകാരുടെ മുമ്പിൽ മാപ്പ് പറയുമോ? അതു കഴിഞ്ഞ് ആഴ്ചകൾക്കകം ഏഷ്യാനെറ്റ് ചാനലിൽ നഗരപ്രാന്ത ദേശത്തെ ഹൗസിംഗ് കോളനിയിലെ ടീ ഷർട്ടിട്ട നായർ വിവരിച്ചപ്പോൾ എല്ലാം വ്യക്തമായി. 
ഇന്റലിജൻസും രഹസ്യ പോലീസും സ്‌പെഷ്യൽ ബ്രാഞ്ചും വട്ടമിട്ടു പറക്കുന്ന തലസ്ഥാന നഗരിയിൽ ഇതൊക്കെ നടക്കുമ്പോഴും ആരും അറിഞ്ഞില്ലെന്നത് ആശ്ചര്യം തന്നെ. 
കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മൂൻ പ്രിൻസിപ്പൽ സെക്രട്ടറി കസ്റ്റഡിയിലാകുമ്പോൾ തിരിച്ചടി കിട്ടുന്നത് സർക്കാരിനും കൂടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി സ്വർണക്കടത്തിൽ അറസ്റ്റിലേക്ക് നീങ്ങുമ്പോൾ സർക്കാരും ഇടതുപക്ഷവും പ്രതിരോധത്തിലാകും. പ്രതിയോഗികൾക്ക് ഇത് മുതലെടുക്കാനാവുമോ എന്നതിലേ സംശയമുള്ളൂ. കേസ് നാലു മാസം പിന്നിടുമ്പോൾ സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരൻ ശിവശങ്കറാണെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രി അദ്ദേഹത്തെ പിന്നീട് സസ്‌പെന്റ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.  
മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ പ്രതാപിയായി വാണ ശിവശങ്കറിന് സ്വർണക്കടത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്നറിഞ്ഞപ്പോൾ  ഞെട്ടിയത് കേരളമാണ്. 
വിദേശ കമ്പനിയുമായി സർക്കാരിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച പോലും നടത്താതെ സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തി ചെറുത്തുനിൽക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാണ് ഇ.ഡിയുടെ കസ്റ്റഡിയിലേക്കു വീണത്. 
ശിവശങ്കറിന്റെ ജാമ്യാപേക്ഷകൾ ഇന്നലെ ഹൈക്കോടതി തളളിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇ.ഡി, കസ്റ്റംസ് കേസുകളിലെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് അശോക് മേനോനാണ് വാദം കേട്ട് വിധി പറഞ്ഞത്. 
ഇതോടെ എം. ശിവശങ്കറിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ അപക്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാൻ മാത്രമുളള തെളിവുകൾ ഉണ്ടെന്നും സാമ്പത്തിക ഇടപാടിൽ ശിവശങ്കർ പങ്കാളിയാകരുതായിരുവെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകൾക്ക് ശിവശങ്കർ മേൽനോട്ടം വഹിച്ചുവെന്നും കോടതി നിരീക്ഷിച്ചു. നാല് മാസത്തിന് ശേഷമാണ് സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പുറത്തുവന്ന വിവരങ്ങളാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കുന്നതിലേക്ക് നയിച്ചത്. സ്വർണക്കടത്ത് കേസിന്റെ കേന്ദ്ര ബിന്ദു ശിവശങ്കറാണെന്ന് ആരോപിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇ.ഡി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷക്ക് എതിരേ ഹൈക്കോടതിയിൽ സമർപ്പിച്ചത്. സ്വപ്‌ന സുരേഷുമായി ശിവശങ്കർ നടത്തിയ 2018 മുതലുളള വാട്‌സ്ആപ് ചാറ്റുകൾ അടക്കമാണ് ശിവശങ്കറിന് കുരുക്കായിരിക്കുന്നത്.  ഇവരുടെ വാട്‌സ്ആപ് സന്ദേശങ്ങൾ സംബന്ധിച്ചുളള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ശിവശങ്കർ നൽകിയില്ലെന്നും ഇ.ഡി ആരോപിക്കുന്നു. സ്വപ്‌നയെ മുന്നിൽ നിർത്തി സ്വർണക്കടത്തിന് പിന്നിലുളള കിംഗ് പിൻ ശിവശങ്കർ ആണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ശിവശങ്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നതിനാൽ കസ്റ്റഡിയിൽ വേണമെന്നും  ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്തിൽ സ്വപ്‌ന സുരേഷ് മുഖം മാത്രമായിരുന്നെന്നും എല്ലാത്തിനും പിന്നിൽ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറാകാമെന്നും എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. സ്വർണം കടത്തിയപ്പോൾ ശിവശങ്കർ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്താണ് ഇക്കാര്യങ്ങൾ പറയുന്നതെന്ന് സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ പറഞ്ഞു. 
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലെ പ്രധാന പങ്കാളിയാണ് ശിവശങ്കർ എന്നും എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നുണ്ട്. വിമാനത്താവളത്തിൽ പിടിച്ചുവെച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് അധികൃതരെ വിളിച്ചുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നുണ്ട്. 
സ്വർണക്കടത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത ജൂലൈ ആദ്യ വാരം മുതലാണ് കേസിന് രാഷ്ട്രീയ മാനങ്ങൾ വന്നത്. 
ജൂൺ 30 ന് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജിൽ എത്തിയ 30 കിലോ സ്വർണം ജൂലൈ 5 ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. പി.എസ്. സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 
പിറ്റേന്ന് കേസിലെ മുഖ്യ ആസൂത്രക കോൺസുലേറ്റിലെ മുൻ സെക്രട്ടറിയാണെന്ന വിവരം പുറത്തു വന്നതോടെ വിവാദ നായിക സ്വപ്‌ന സുരേഷ് ഒളിവിലായി. സംസ്ഥാന ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സ്വപ്‌നയെ അന്നേ ദിവസം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ കേസിൽ സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരിൽ ശിവശങ്കറിലേക്ക് കേസിലെ ആദ്യ വെളിച്ചം വീഴുന്നു. 
മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ശിവശങ്കർ സ്വർണക്കടത്തിന് വേണ്ടി ദുരുപയോഗം ചെയ്തതായാണ് ഇ.ഡിയുടെ  ആരോപണം. ശിവശങ്കർ പലതവണ കസ്റ്റംസിനെ വിളിച്ചതായി ഇ.ഡി ആരോപിക്കുന്നു.
 വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സ്വർണം വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ശിവശങ്കർ ഇടപെട്ടത് എന്നും ഇ.ഡി പറയുന്നു. അതേസമയം സ്വപ്‌ന സുരേഷുമായുളള അടുപ്പം സമ്മതിക്കുന്ന ശിവശങ്കർ സ്വർണക്കടത്തിലും കളളപ്പണ ഇടപാടുകളിലും ഉളള ബന്ധം നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ കളികളുടെ ഇരയാണ് താനെന്നാണ് ശിവശങ്കർ വാദിക്കുന്നത്.
ജൂലൈ 7 നാണ് വിവാദത്തെ തുടർന്ന് ശിവശങ്കറിന്റെ കസേര തെറിച്ചത്.  സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധമെന്നായിരുന്നു ശിവശങ്കറിന് നേരെ ഉയർന്ന ആരോപണം. ഇതോടെ ജൂലൈ 7 ന് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ഒരാഴ്ചക്ക് ശേഷം ജൂലൈ 14 ന് ആദ്യ ചോദ്യം ചെയ്യൽ. 
ഒമ്പത് മണിക്കൂറാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കേസിന്റെ പത്താം ദിവസം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു.  എൻ.ഐ.എ ചോദ്യം ചെയ്യലുകളുടെ വിവിധ ഘട്ടങ്ങൾക്ക് ശേഷമാണ് ഓഗസ്റ്റ് 3 നു ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചത്. 
ഒക്ടോബർ 10 നു ശിവശങ്കറിനെയും സ്വപ്‌നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്തു. ഒക്ടോബർ 14  ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇ.ഡി ഓഫീസിൽ ഹാജരാകാതെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തി.  ഒക്ടോബർ 15 നു ശിവശങ്കറിന്റെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 16 ന്  കസ്റ്റംസ് ശിവശങ്കറെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി കൈയോടെ കൊണ്ടുപോകുന്നു. 
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അന്വേഷണത്തിന്റെ പേരിൽ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടിൽ പങ്കില്ലെന്നും തന്നെ ജയിലിലടക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നും ആരോപിച്ചാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. ഒക്ടോബർ 23 നു ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബർ 28 വരെ തടഞ്ഞു.   ഒക്ടോബർ 28 നു ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയതോടെ തിരുവനന്തപുരത്തെ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ശിവശങ്കറെ  മിനിറ്റുകൾക്കകം അപ്രതീക്ഷിത നീക്കം നടത്തി എൻഫോഴ്‌സ്‌മെന്റ ഡയറക്‌ട്രേറ്റ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഴിമതിയും കസ്റ്റഡിയുമൊന്നും ഇന്ത്യാ രാജ്യത്ത് പുതിയ കാര്യങ്ങളല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതും നമ്മൾ കുറെ കണ്ടതുമാണ്. കേരളം പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ഇടതു സർക്കാരിന് ഇതുണ്ടാക്കിയ കളങ്കം നിസ്സാരമല്ല.
 

Latest News