ശിവശങ്കറിനെ കാട്ടി സർക്കാറിനെതിരെ യുദ്ധം നയിക്കരുത്-മുഖ്യമന്ത്രി

തിരുവനന്തപുരം- അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ജനക്ഷേമ നടപടികളെ തമസ്‌കരിക്കാം എന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സർക്കാറിന്റെ മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഈ സർക്കാർ ഒരു അഴിമതിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ മുതലാണ് സർക്കാറിനെതിരെ ആരോപണം ശക്തമാക്കാൻ ചിലർ ശ്രമിച്ചത്. യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലിൽ സ്വർണം വന്നത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. രാജ്യാതിർത്തി കടന്നുവരുന്ന സാധനസാമഗ്രികൾക്ക് നികുതി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര ധനകാര്യമന്ത്രാലയമാണ്. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കേസെടുക്കുകയും ചില പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്ന് അറിഞ്ഞതുമുതൽ തന്നെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിനിർത്തി. സ്വർണ്ണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചുവെന്ന് ആദ്യം ആരോപണമുണ്ടായി. എന്നാൽ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ നിഷേധിച്ചു. എന്നാൽ അദ്ദേഹത്തെ ഉടനെ തന്നെ നാടുകടത്തുകയാണ് ചെയ്തത്. വിപുലമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാറാണ്. പ്രതികളെ എല്ലാം പിടികൂടണം എന്നാണ് സർക്കാറിന്റെ നിലപാട്. കേസ് മനസാക്ഷിയുടെ കോടതിയിലേക്ക് വിട്ടിട്ടില്ല. കസ്റ്റംസ് അന്വേഷണത്തിൽ ഇടപെട്ടുവെന്ന കള്ളത്തെ വീണ്ടും വേഷം കെട്ടി അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സർക്കാർ എതിർത്തിട്ടില്ല. നിയമത്തിന്റെ വഴിവിട്ടാൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് ശിവശങ്കറിനെ പരിചയം ഉണ്ടായിരുന്നില്ല. നേരത്തെ വ്യത്യസ്ത ചുമതലകളിൽ പ്രവർത്തിച്ചയാൾ എന്ന നിലക്ക് സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. പാർട്ടിയല്ല ശിവശങ്കറിനെ നിർദ്ദേശിച്ചത്. ശിവശങ്കറിനെ കാട്ടി സർക്കാറിനെതിരെ യുദ്ധം നടത്തേണ്ടതില്ല. യു.എ.ഇ കോൺസുലേറ്റ് ആരംഭിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചയാൾ എന്ന നിലക്ക് ചർച്ച നടത്തിയിട്ടുണ്ടാകാം. സ്വാഭാവികമായും ചില യോഗങ്ങളിൽ കോൺസൽ ജനറലിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കണ്ടിട്ടുണ്ടാകും. ക്രമരഹിതമായ ഒന്നും നടത്തിയിട്ടില്ല. വ്യക്തിപരമായ നിലയിൽ ശിവശങ്കർ നടത്തിയ കാര്യങ്ങൾക്ക് സർക്കാർ ഉത്തരവാദിയല്ല. ഒരു നിയമലംഘനത്തെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Latest News