Sorry, you need to enable JavaScript to visit this website.

അനാരോഗ്യവും കോവിഡ് ഭീഷണിയും; രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

ചെന്നൈ-തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ. അനാരോഗ്യവും കോവിഡ് 19ഉം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും നടന്‍ പിന്മാറുന്നു എന്നാണ് വിവരം. ഇക്കാര്യം അറിയിച്ച് രജനി തന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ഡ്രത്തിന് കുറിപ്പ് നല്‍കി എന്നും വിവരമുണ്ട്. എന്നാല്‍ നടന്റെ ഭാഗത്ത് നിന്നും ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ റിയാസ് കെ അഹമ്മദ് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് ഉടന്‍ ലഭിക്കുമെന്ന് ആര്‍എംഎം പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ദീപാവലിക്ക് തൊട്ടു മുമ്പോ ശേഷമോ രാഷ്ട്രീയ പ്രവേശനം വിഷയത്തില്‍ അറിയിപ്പ് പ്രതീക്ഷിക്കാം എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം താരം അറിയിക്കുമെന്ന് ആര്‍എംഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറി പറഞ്ഞു.
2017 ഡിസംബര്‍ 31ന് ആയിരുന്നു താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയം അധ്യാത്മികതയിലൂന്നിയത് ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ രജനികാന്തിനെ ഒപ്പം കൂട്ടാനുള്ള ശ്രമമായിരുന്നു നടന്നത്. അതിനിടെ നടന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കമലും രജനിയും പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതെ കുറിച്ച് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നില്ല. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരാര്‍ത്ഥിയാകാന്‍ രജനി തയ്യാറായിരുന്നില്ല. 2020-21 നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പാണ് തന്റെ ലക്ഷ്യമെന്ന് നടന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രജനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്.
 

Latest News