ബഹ്‌റൈനില്‍ അനധികൃത റിക്രൂട്ട്‌മെന്റ്  ഏജന്‍സികള്‍ക്കെതിരെ നിയമനടപടി

മനാമ- ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ബഹ്‌റൈന്‍. ഗവണ്‍മെന്റല്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) പോലീസുമായി സഹകരിച്ച് നടത്തിയ റെയ്ഡില്‍ അംഗീകാരമില്ലാതെ പാര്‍ട്ട് ടൈം ഗാര്‍ഹിക ജീവനക്കാരെ നല്‍കിവരുന്ന 24 ഓഫീസുകള്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റ് മേധാവി അറിയിച്ചു. 
കൂടാതെ, 61 അനധികൃത വനിതാ ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുമെന്ന്് എല്‍.എം.ആര്‍.എ പ്രസ്താവിച്ചിരുന്നു. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളോട് ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനധികൃത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതും പാര്‍ട്ട് ടൈം ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്നും എല്‍.എം.ആര്‍.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News