ദുബായ്- പകര്‍ച്ചവ്യാധി രോഗികളെ ചികിത്സിക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അത്യാധുനിക ആശുപത്രി തുറന്നു. ഡി.എച്ച്.എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ഖുതാമി ആണ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന ആശുപത്രി നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്കാണ് ഉപയോഗപ്പെടുത്തുക. ദുബായ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയില്‍ കോവിഡ് സാരമായി ബാധിച്ചവരെയും ഗുരുതരാവസ്ഥയിലുള്ളവരെയുമാണ് ചികിത്സിക്കുക. ഇതിനായി 88 റൂമുകള്‍ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, അത്യാധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കുകള്‍, ഫാര്‍മസി, ലബോറട്ടറി, റേഡിയോളജി തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മികച്ച ഫോളോ അപ്പ് സേവനവും ആശുപത്രിയുടെ സവിശേഷതയാണെന്ന് ഡി.എച്ച്.എ വിശദമാക്കി. അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി 170 റൂമുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഏതാനും കോവിഡ് രോഗികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. റാഷിദ് ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സയാണ് ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭിക്കുന്നത്.
കോവിഡ് വ്യാപനം ഭീതിദമായി ഉയരുന്ന നിലവിലെ സാഹചര്യത്തെയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെയും നേരിടുന്നതിനാണ് ആശുപത്രി സ്ഥാപിച്ചതെന്ന് ഡി.എച്ച്. എ മേധാവി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് ഉയര്‍ത്തുന്നതും ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.