Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്‌പോൺസർഷിപ്പ് റദ്ദാക്കും

റിയാദ് - സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുള്ളതായി റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്തയാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതിയാണ് മന്ത്രാലയം പ്രഖ്യാപിക്കുക എന്നാണ് വിവരം. പുതിയ പദ്ധതി അടുത്ത വർഷം ആദ്യ പകുതിയിൽ നടപ്പാക്കും. ഏഴു ദശകത്തിനു ശേഷമാണ് സ്‌പോൺസർഷിപ്പ് നിയമം സൗദിയിൽ എടുത്തുകളയുന്നത്. സൗദിയിലെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും. വിദേശ തൊഴിലാളികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാൻ നീക്കമുണ്ട്. 
സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്ന് പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാൽ ഇത് അടുത്തയാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം നടത്തുന്ന മാധ്യമസമ്മേളനത്തിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ക്ഷണിക്കൽ അടക്കമുള്ള ഒരുക്കങ്ങൾ നിലവിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കിവരികയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Latest News