ഞങ്ങളുടെ 'അനുഭവങ്ങള്‍' ലീക്കാവാതിരിക്കാന്‍  'അമ്മ' യില്‍  രഹസ്യപദ്ധതിയുണ്ടായിരുന്നെന്ന് പാര്‍വതി

കോഴിക്കോട്-ശ്രദ്ധേയമായ അഭിനയം കൊണ്ടും തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധ നേടിയ താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ പുറത്തിറങ്ങിയ ഓട്ടോഗ്രാഫ്  എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പാര്‍വതി നോട്ട്ബുക്ക് എന്ന സിനിമയ്ക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്തു. എന്നാല്‍ പിന്നീട് തിരിച്ചുവന്നപ്പോള്‍ താരത്തിന് കിട്ടിയത് കൈനിറയെ ഹിറ്റ് സിനിമകളാണ്.
ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികയാണ് പാര്‍വ്വതി. തന്റെ ശക്തമായ നിലപാടുകളിലൂടെ ഏറേ ആരാധകരെ സ്വന്തമാക്കിയ പാര്‍വതി സമൂഹത്തിലും സിനിമ മേഖലയിലും നടക്കുന്ന എല്ലാ സംഭവങ്ങളിലും പ്രതികരണമറിയിക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറലാകുന്നത്.
പാര്‍വതിയുടെ വാക്കുകള്‍; ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു.
ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു
 

Latest News