ന്യൂദല്‍ഹി- തലസ്ഥാനത്ത് കോവിഡ് കേസുകള്‍ ശമനമില്ലാതെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ ഒരു മാസം കൂടി അടച്ചിടും. ഒക്ടോബര്‍ 31 ന് ശേഷം കുറഞ്ഞത് ഒരു മാസമെങ്കിലും വിദ്യാലയങ്ങള്‍ അടച്ചിടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്‌കൂളുകള്‍ ഉടന്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
രണ്ടാഴ്ചയ്ക്കിടെ ദല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ വര്‍ധിച്ചു. ഒക്ടോബര്‍ 13 ന് പ്രതിദിന കോവിഡ് രോഗബാധ 3,000 ആയിരുന്നുവെങ്കില്‍ 10 ദിവസത്തിന് ശേഷം 4,000 മറികടന്നു. തിങ്കളാഴ്ച തലസ്ഥാനത്ത് 54 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 16 ന് ശേഷം ആദ്യമായാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പ്രതിസന്ധിയോടൊപ്പം തലസ്ഥാനത്ത് വായു മലിനീകരണവും രൂക്ഷമായിട്ടുണ്ട്. സെപ്റ്റംബര്‍ അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നുവെങ്കിലും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. ഒക്ടോബര്‍ 31 ന് ശേഷവും സ്‌കൂളുകള്‍ അടിച്ചിടുന്നതിനുള്ള ഉത്തരവം അടുത്ത ദിവസം പുറപ്പെടുവിക്കും.