തിരുവനന്തപുരം- കോവിഡ് കാലത്ത് ജനങ്ങളുമായി അടുത്തത് പോലീസിന്റെ യശസ്സുയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാമാരിക്കാലത്ത് ജനങ്ങളുമായി ഇഴുകിച്ചേരാനും പോലീസിനു കഴിഞ്ഞു. ഇത് തുടർന്നും പോലീസിന് നിലനിർത്താൻ കഴിയണം. കോവിഡ് മഹാമാരിക്കെതിരായ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ പങ്ക് ആരോഗ്യ വകുപ്പിനൊപ്പം പോലീസിനും വഹിക്കാനായിട്ടുണ്ട്. സ്വയമേവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പോലീസുകാരെയും കാണാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായ സൗകര്യങ്ങളും വികസനവുമാണ് പശ്ചാത്തല സൗകര്യ രംഗത്ത് പോലീസിൽ ഉണ്ടാകുന്നത്.
അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം സാങ്കേതിക വിദ്യകൂടി പോലീസിന്റെ ഭാഗമാക്കാനുള്ള നടപടികളും ഏതാനും വർഷമായി കൈക്കൊള്ളുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പണം പ്രശ്‌നമാകില്ല.
ഏറെ പ്രത്യേകതകളുള്ള കേന്ദ്രീകൃത ലോക്കപ്പ് സംവിധാനമാണ് തൃശൂരിൽ യാഥാർഥ്യമാകുന്നത്. കേന്ദ്രീകൃത ക്യാമറാ സംവിധാനങ്ങളിലൂടെ ഈ കേന്ദ്രത്തിന്റെ മുക്കും മൂലയും നിരീക്ഷിക്കാൻ സംവിധാനമുണ്ട്. പ്രതികളുടെ ഏതു നീക്കവും നിരീക്ഷിക്കാനാകും. ഇതിനായി എല്ലാ നേരവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമുണ്ട്. കുറ്റവാളികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനാവശ്യമായ റെക്കോർഡിംഗ് അടക്കമുള്ള ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 94 ലക്ഷം രൂപയിലാണ് ഈ നിർമാണം നടന്നിട്ടുള്ളത്. കോട്ടയത്തും ആലപ്പുഴയിലും നിലവിൽ വരുന്ന ജില്ലാതല പരിശീലന കേന്ദ്രങ്ങളും പോലീസിന് മുതൽക്കൂട്ടാണ്.
പ്രൊഫഷണലിസം വർധിപ്പിക്കാൻ പോലീസ് സേനാംഗങ്ങൾക്ക് നിരന്തര പരിശീലനം ആവശ്യമാണ്. ശാസ്ത്ര സാങ്കേതിക വിദ്യകൾ അനുദിനം വളരുന്ന സാഹചര്യത്തിൽ അവ ഉപയോഗിക്കാൻ സേനാംഗങ്ങളെ പ്രാപ്തരാക്കാൻ നിരന്തര പരിശീലനം ആവശ്യമാണ്. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ജില്ലാതല പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നത്. ഒരേ സമയം 60 ൽ അധികം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പരിശീലന കേന്ദ്രത്തിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 2.40 കോടി രൂപയാണ് പരിശീലന കേന്ദ്രങ്ങളുടെ നിർമാണ ചെലവ്. ഇതോടൊപ്പം തന്നെ ഇടുക്കിയിൽ മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകൾ നവീകരിക്കുന്നതിന് 187 ലക്ഷം രൂപയാണ് കെട്ടിടങ്ങളുടെ നിർമാണത്തിനായി ചെലവഴിച്ചത്.
ഓഫീസർമാർക്ക്, പോലീസുകാർക്ക്, വനിതകൾക്ക് ഒക്കെ പ്രത്യേക മുറികളുണ്ട്. ലോക്കപ്പ്, ആയുധങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം, കമ്പ്യൂട്ടർ റൂം തുടങ്ങിയ സൗകര്യങ്ങളും ഈ സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നേരത്തെ തമ്പാനൂർ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന മന്ദിരം പുതുക്കി ഇപ്പോൾ റെയിൽവേ കൺട്രോൾ റൂമാക്കി മാറ്റിയിട്ടുണ്ട്. ഒരു സ്‌പെഷ്യൽ ഹൗസ് ഓഫീസർക്കും മറ്റു പോലീസുദ്യോഗസ്ഥർക്കും ഇരുന്ന് ജോലി ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ആധുനിക കമ്പ്യൂട്ടർ സൗകര്യങ്ങളും ഇവിടെയുണ്ട്. പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന 'ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക്' പരിശീലന കേന്ദ്രമായ 'ഇൻസൈറ്റി'ൽ 56 പേർക്ക് ഒരേ സമയം വിദഗ്ധ പരിശീലനത്തിന് സൗകര്യമുണ്ട്.
ഇന്ററാക്ടീവ് പാനൽ ഉപയോഗിച്ച് പരിശീലനാർഥികൾക്ക് നേരിട്ട് പരിശീലന സാമഗ്രികൾ ലഭ്യമാക്കാനും സംവിധാനമുണ്ട്. ഇതോടൊപ്പം സജ്ജീകരിച്ച സ്റ്റുഡിയോയിൽ പോലീസിനാവശ്യമുള്ള ചിത്രങ്ങളും ക്ലാസുകളും ചിത്രീകരിക്കാനും കഴിയും. ആസ്ഥാന മന്ദിരമെന്ന ചിരകാല അഭിലാഷമാണ് കണ്ണൂർ സിറ്റി പോലീസിന് യാഥാർഥ്യമാകുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് മന്ദിരം സ്ഥാപിക്കുന്നത്. 34,500 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിന് ഒമ്പതു കോടി രൂപയാണ് ചെലവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ഡോ.ഷേക്ക് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.