കണ്ണൂർ- മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും അഴിമതിയും ചോദ്യം ചെയ്യുകയും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കുകയും ചെയ്യുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയെ വേട്ടയാടാനുള്ള സി.പി.എം നീക്കം അനുവദിക്കില്ലെന്ന് യൂത്ത്‌ലീഗ് കണ്ണുർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സർക്കാരിന്റെ പ്രളയ തട്ടിപ്പ്, സ്പ്രിംഗഌ അഴിമതി, സ്വപ്‌നയെയും ശിവശങ്കറിനെയും ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ട് നടത്തിയ കള്ളക്കടത്ത് ഉൾപ്പെടെയുള്ള അധോലോക പ്രവർത്തികൾ തുടങ്ങിയവ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയും അസംബ്ലിയിൽ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും സുതാര്യ വ്യക്തിത്വങ്ങളിലൊന്നായ കെ.എം. ഷാജിയെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത്. പി.ആർ. വർക്കിലൂടെ ഊതി വീർപ്പിച്ച പിണറായിയുടെ കപട മുഖം തുറന്ന് കാണിച്ചപ്പോൾ ഷാജിയോട് ഉണ്ടായിട്ടുള്ള പക പിണറായിയുടെ മനോനില തെറ്റിച്ചിരിക്കുകയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ യൂത്ത്‌ലീഗ് ജനകീയ പ്രതിരോധം തീർത്ത് സംരക്ഷിക്കും.
യോഗം യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. സമീർ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സിക്രട്ടറി കെ.പി. താഹിർ, എൻ.പി. റഷീദ് മാസ്റ്റർ, ഷക്കീർ മൗവ്വഞ്ചേരി, കെ.കെ.എം. ബഷീർ മാസ്റ്റർ, സി.പി. റഷീദ് സംസാരിച്ചു. ട്രഷറർ മുസ്‌ലിഹ് മഠത്തിൽ സ്വാഗതവും നസീർ നെല്ലൂർ നന്ദിയും പറഞ്ഞു.