Sorry, you need to enable JavaScript to visit this website.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ഉറ്റുനോക്കി ആഗോള നിക്ഷേപകർ

ഇന്ത്യൻ ഓഹരി വിപണി കൺസോളിഡേഷനുള്ള നീക്കത്തിലാണ്. രണ്ട് മാസമായി തുടരുന്ന ബുൾ റാലിക്കിടയിൽ ബ്ലൂചിപ്പ് ഓഹരികൾ പലതും കിതച്ച് തുടങ്ങിയത് കണക്കിലെടുത്താൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ പ്രോഫിറ്റ് ബുക്കിംഗിലേക്കും തുടർന്ന് വിൽപനയിലേയ്ക്കും ചുവടു മാറ്റാം. ആഗോള നിക്ഷേപകർ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിനെ ഉറ്റ് നോക്കുകയാണ്.
ഒക്ടോബർ സീരീസ് സെറ്റിൽമെന്റ് ഒരുങ്ങുകയാണ് ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസ്. പിന്നിട്ട വാരം സെൻസെക്‌സ് 702 പോയിന്റും നിഫ്റ്റി 167 പോയിന്റും നേട്ടം സ്വന്തമാക്കി. നിഫ്റ്റി സാങ്കേതികമായി ബുള്ളിഷെങ്കിലും പല ഇൻഡിക്കേറ്ററുകളും ഓവർ ബോട്ടായതിനാൽ തിരുത്തലിനുള്ള സാധ്യത കൂടുതലാണ്. പോയ രണ്ടാഴ്ചകളിൽ നിഫ്റ്റിക്ക് 12,040 ൽ പ്രതിരോധം നേരിട്ടു. പിന്നിട്ട വാരം 11,762 ൽ നിന്നും 12,000 പോയിന്റ് മറികടന്നെങ്കിലും 12,018 ൽ എത്തിയ അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഇറങ്ങിയതോടെ സൂചിക 11,775 ലേയ്ക്ക് ഇടിഞ്ഞു, മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ 11,930 പോയിന്റിലാണ്. ഈവാരം 12,040 ൽ വീണ്ടും തടസം നേരിടാം. ഇത് മറികടന്നാൽ നവംബർ സീരീസിൽ നിഫ്റ്റി 12,150-12,393 പോയിന്റിൽ സഞ്ചരിക്കും. എന്നാൽ ആദ്യ പ്രതിരോധം ഭേദിക്കാനായില്ലെങ്കിൽ 11,797 ലേയ്ക്കും 11,664 ലേയ്ക്കും തിരുത്തലിന് ശ്രമിക്കാം. വിദേശ ഫണ്ടുകളിൽ നിന്നും വിൽപന സമ്മർദമുണ്ടായാൽ നിഫ്റ്റി 11,410 ലേയ്ക്ക് തളരാം. 
നിഫ്റ്റിയുടെ ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്‌ഐ തുടങ്ങിയവ ഓവർ ബോട്ടാണ്. എന്നാൽ സൂപ്പർ ട്രെൻറ്റ്, പാരാബോളിക്ക് എസ്ഏആർ എന്നിവ ബുള്ളിഷാണ്.  


ബോംബെ സെൻസെക്‌സ് 40,000 ന് മുകളിൽ ഇടം കണ്ടത്തി. 39,982 നിന്നുള്ള കുതിപ്പിൽ 41,000 മറികടക്കുമെന്ന നിലയിലേയ്ക്ക് ഒരു വേള സൂചിക കരുത്ത് കാണിച്ചങ്കിലും 40,976 ൽ തടസം നേരിട്ടു. വാരാന്ത്യം സെൻസെക്‌സ് 40,685 ലായിരുന്നു. ഈ വാരം ആദ്യ പകുതിയിൽ 40,231 ലെ സപ്പോർട്ട് നിലനിർത്തിയാൽ 41,429 ലേയ്ക്ക് ഉയരാനാവും. അത്തരം ഒരു നീക്കം നവംബർ ആദ്യവാരം സെൻസെക്‌സിനെ 42,225 വരെ എത്തിക്കാം. അതേസമയം ഒക്ടോബർ സീരീസ് സെറ്റിൽമെന്റിനിടയിൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 39,777-38,951 ലേയ്ക്ക് തിരുത്തൽ ആവർത്തിക്കാം. ടയർ നിർമാതാക്കളുടെ ഓഹരികളിൽ വൻ മുന്നേറ്റം. ജെ .കെ ടയർ ഓഹരി വില രണ്ട് ദിവസം കൊണ്ട് 27 ശതമാനം ഉയർന്നു. സിയെറ്റ് ഒരു വർഷത്തെ ഏറ്റവും ഉയർന്ന റേഞ്ചിലാണ്. അപ്പോളോ ടയർ, എം.ആർ.എഫ് എന്നിവയും ശ്രദ്ധിക്കപ്പെട്ടു. സിമന്റ്, എഫ്എംസിജി, ഫാർമ, ഐ.ടി, റിഫൈനറി, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നുണ്ട്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് എന്നിവ മികച്ച നേട്ടം കൈവരിച്ചു.


വിദേശ ഫണ്ടുകൾ പോയ വാരം 7375 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഒക്‌ടോബറിൽ അവരുടെ നിക്ഷേപം 17,500 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ മാസം 7800 കോടി രൂപയുടെ ഓഹരികൾ വിറ്റു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ സെൻസെക്‌സ് 3000 പോയിന്റും നിഫ്റ്റി 800 പോയിന്റും മുന്നേറി. വിദേശ ഓപ്പറേറ്റർമാരുടെ കരുത്തിൽ ചുവടു വെക്കുന്ന ഇന്ത്യൻ മാർക്കറ്റ് നവംബറിൽ റെക്കോർഡ് പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. 


കോർപറേറ്റ് മേഖലയിൽ നിന്നുള്ള പ്രവർത്തന റിപ്പോർട്ടുകളുടെ വരവ് അടുത്ത മൂന്നാഴ്ച കൂടി തുടരും. ഈ വാരം ഏകദേശം 300 കമ്പനികളുടെ റിപ്പോർട്ട് പുറത്ത് വരും. 
ഒക്ടോബർ 16 ന് അവസാനിച്ച വാരം ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 555.12 ബില്യൺ ഡോളറിലെത്തി. 3.615 ബില്യൺ ഡോളർ വർധന. ഒക്ടോബർ ഒൻപതിന് അവസാനിച്ച ആഴ്ച വാരം ഇത് 551.505 ബില്യൺ ഡോളറായിരുന്നു. വിദേശ കറൻസി ആസ്തി കുത്തനെ ഉയർന്നു. 2013 ൽ വിദേശ നാണയ ശേഖരം 275 ബില്യൺ ഡോളറായിരുന്നത് ഇന്നലെ ഇരട്ടിയായി. 


 

Latest News