ഇന്ത്യയിലടക്കം ഇസ്ലാമോഫോബിയ; ഫേസ്ബുക്ക് മേധാവിക്ക് കത്തെഴുതി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇസ്ലാം ഭീതി ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്.

ഇസ്ലാമോഫോബിയക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും  ഇസ്‌ലാമിനെതിരായ വിദ്വേഷം ഹോളോകോസ്റ്റിന് സമാനമായി കാണണമെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ലോകമെമ്പാടും വിദ്വേഷം, തീവ്രവാദം, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ്  എഴുതുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ജര്‍മ്മനിയിലും യൂറോപ്പിലുമുള്ള ജൂതന്മാരുടെ നാസി വംശഹത്യയുടെ പര്യവസാനമായ ഹോളോകോസ്റ്റിനെ വിമര്‍ശിക്കുന്നതും  ചോദ്യം ചെയ്യുന്നതുമായ പോസ്റ്റുകള്‍  നിരോധിക്കാനുള്ള സക്കര്‍ബര്‍ഗിന്റെ നടപടിയെ അഭിനന്ദിക്കുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ലോകം മുസ്ലീങ്ങള്‍ക്കെതിരായ സമാനമായ വംശഹത്യയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, ചില രാജ്യങ്ങളില്‍, മുസ്്‌ലിംകള്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങളും വസ്ത്രധാരണവും  ആരാധനയുമടക്കം അവരുടെ ജനാധിപത്യപരമായ വ്യക്തിഗത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു.

ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ നിയമങ്ങളും സിഎഎ, എന്‍ആര്‍സി എന്നിവയും മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും കൊറോണ വൈറസിന്റെ പേരില്‍ മുസ്ലിംകളെ കുറ്റപ്പെടുത്തുന്നതും ഇസ്ലാമോഫോബിയയുടെ മ്ലേച്ഛമായ പ്രതിഫലനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സില്‍ ഇസ്‌ലാമിനെ തീവ്രവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയിരിക്കയാണെന്നും ഇസ്‌ലാമിനെയും നബി (സ) യെയും ലക്ഷ്യമിട്ടുള്ള മതനിന്ദാ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത് ദൗര്‍ഭാഗ്യകരമാണന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇത് ഫ്രാന്‍സില്‍ കൂടുതല്‍ ധ്രുവീകരണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും ഇടയാക്കും. തീവ്രവാദികളായ മുസ്‌ലിം പൗരന്മാരെയും ഇസ്‌ലാമിലെ മുഖ്യധാരാ മുസ്‌ലിം പൗരന്മാരെയും ഫ്രാന്‍സ് എങ്ങനെ വേര്‍തിരിക്കുമെന്നും അദ്ദേഹം കത്തില്‍ ചോദിച്ചു.

പാര്‍ശ്വവല്‍ക്കരണം അനിവാര്യമായും ലോകത്തിന് ആവശ്യമില്ലാത്ത തീവ്രവാദത്തിലേക്ക് നയിക്കുമെന്ന്  പ്രധാനമന്ത്രി ഫേസ്ബുക്ക് സിഇഒയെ ഓര്‍മ്മിപ്പിച്ചു.

 

Latest News