ഫ്രാന്‍സിനുള്ള മറുപടി ഇങ്ങനെ; കുവൈത്തിലും ഉല്‍പന്ന ബഹിഷ്‌കരണം

കുവൈത്ത് സിറ്റി- മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണുകളോട് ഫ്രഞ്ച് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കുവൈത്തിലെ റീട്ടെയില്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി കടകളില്‍നിന്ന് ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍  ഫ്രഞ്ച് സ്‌കൂള്‍ ക്ലാസില്‍ വിവാദ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കാര്‍ട്ടൂണുകളെ ന്യായീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തുവന്നത്.

തുടര്‍ന്ന് ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ വിദ്വേഷ പ്രസ്താവനകള്‍ അദ്ദേഹം ഏറ്റുപിടിച്ചിരുന്നു.

കുവൈത്തിലെ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ കൂട്ടായ്മയില്‍ 70 സ്ഥാപനങ്ങളുണ്ട്. യൂണിയന്‍ സര്‍ക്കുലര്‍ നല്‍കിയതിനെ തുടര്‍ന്നാണ് കടകള്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചത്.  
ഫ്രഞ്ച് കമ്പനികളുടെ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളടക്കം സൊസൈറ്റി ഷെല്‍ഫുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

എല്ലാ ഫ്രഞ്ച് ഉല്‍പ്പന്നങ്ങളും ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് യൂണിയന്‍ മേധാവി ഫഹദ് അല്‍കിശ്തി വാര്‍ത്താ ഏജന്‍സിയോട് പഞ്ഞു. പ്രവാചകനെതിരായ
ആവര്‍ത്തിച്ചുള്ള അവഹേളനത്തിനുള്ള  മറുപടിയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

 

Latest News