Sorry, you need to enable JavaScript to visit this website.

അറബ് രാഷ്ട്രീയം മാറുന്നു,  സുഡാനിലേക്ക് ഇസ്രായില്‍ സംഘം

ദുബായ്- മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളുമായിട്ടാകും ഇത്തവണ പുതുവര്‍ഷം പിറക്കുകയെന്നുറപ്പ്. ജി.സി.സി രാജ്യങ്ങള്‍ക്ക് പിന്നാലെ മറ്റ് അറബ് രാജ്യങ്ങളുമായും സമാധാന ഉടമ്പടികളിലേക്ക് നീങ്ങാന്‍ ഇസ്രായില്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇസ്രായേല്‍ പ്രതിനിധി സംഘം വരും ദിവസങ്ങളില്‍ സുഡാന്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.  
ആറ് ആഴ്ചക്കുള്ളില്‍ ഒരു അറബ് രാജ്യവുമായുള്ള ഇസ്രയേലിന്റെ മൂന്നാമത്തെ സമാധാന കരാറാണ് നിലവില്‍ വന്നത്. ഗള്‍ഫ്, മധ്യപൗരസ്ത്യദേശങ്ങള്‍ ഇസ്രായിലുമായുള്ള ബന്ധങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെത്തന്നെ ഏറെ സ്വാധീനിക്കുമെന്നുറപ്പാണ്. 
സുഡാനും ഇസ്രായേലും ബന്ധം സാധാരണ നിലയിലാക്കുമെന്ന പ്രഖ്യാപനം വെള്ളിയാഴ്ചയാണുണ്ടായത്. കരാര്‍ പ്രഖ്യാപിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുഡാന്‍, ഇസ്രായേല്‍ നേതാക്കളുമായി ഫോണ്‍ കോള്‍ നടത്തി. ഇസ്രായിലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളില്‍ ട്രംപ് നിര്‍ണായക പങ്കാണ് വഹിച്ചത്. ഒരുപക്ഷെ ട്രംപിന്റെ വിദേശനയത്തിലെ ഏറ്റവും വലിയ നേട്ടവും ഇതുതന്നെ.
ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് ട്രംപിനും സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്കിനും സുഡാന്‍ പരമാധികാര സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബര്‍ഹാനും നെതന്യാഹു നന്ദി അറിയിച്ചു. 

Latest News