രോഗികള്‍ ദുര്‍ഗന്ധം സഹിച്ചത് രണ്ടാഴ്ച; ഒടുവില്‍ കണ്ടെത്തിയത് മൃതദേഹം

മുംബൈ- ആശുപത്രിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം 14 ദിവസത്തിന് ശേഷം ടോയ്‌ലറ്റില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.
മുംബൈ സിവ്‌രി ടിബി ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലെ ടോയ്‌ലറ്റിലാണ് 27 കാരനായ സൂര്യഭന്‍ യാദവിന്റെ മൃതദേഹം കണ്ടെത്തിയത്.
ടോയ്‌ലറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി  പരാതിപ്പെട്ടിട്ടും ഡോക്ടര്‍മാരും ജീവനക്കാരും അവഗണിക്കുകയായിരുന്നുവെന്ന് രോഗികള്‍ പറയുന്നു.
യാദവിനെ കാണാതായ ഉടന്‍ ഒരു ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ തന്റെ റിപ്പോര്‍ട്ടില്‍ ടോയ്‌ലറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് എഴുതിയിട്ടു പോലും പരിശോധന നടന്നില്ല.
സ്ത്രീകളും പുരുഷന്മാരുമായി ഈ വാര്‍ഡില്‍ പത്തിലധികം കോവിഡ് രോഗികളുണ്ടായിരുന്നു. മൂന്ന് ടോയ്‌ലറ്റുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. യുവാവിനെ കാണാതായി രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ദുര്‍ഗന്ധം അസഹനീയമായിരുന്നുവെന്ന്
ടോയ്‌ലറ്റില്‍ പോകാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമായ രോഗികള്‍ പറയുന്നു.
ടോയ്‌ലറ്റുകളില്‍ ഒന്ന് ഇടയ്ക്കിടെ അടഞ്ഞുപോകുമെന്നും അതുകൊണ്ടാണ് ദുര്‍ഗന്ധമെന്നുമാണ്  നഴ്‌സ് മറുപടി നല്‍കിയത്.  ടോയല്റ്റില്‍നിന്ന്  പ്രാണികള്‍ പുറത്തേക്ക് വന്നിട്ടും അധികൃതര്‍ പരിശോധിക്കാന്‍ തയാറായില്ല.
ടിബി ഹോസ്പിറ്റലിലെ പന്ത്രണ്ടാം ഐസൊലേഷന്‍ വാര്‍ഡിലെ മൂന്നാമത്തെ  ടോയ്‌ലറ്റിലാണ് യാദവിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം ആവശ്യപ്പെട്ടതിനുശേഷമാണ്
വാഷ്‌റൂമുകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്. ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമായവര്‍ക്ക് പോലും ബെഡ്പാന്‍ സൗകര്യമോ ടോയ്‌ലറ്റില്‍ പോകാനുള്ള സഹായമോ നല്‍കിയിരുന്നില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ബിഎംസി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദക്ഷ ഷായുടെ കീഴില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന  ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരുള്‍പ്പെടെ 69 പേരുടെ  മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Latest News