Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനാപകടം: അവസാന രോഗിയെയും ഡിസ്ചാർജ് ചെയ്തു 

കരിപ്പൂർ വിമാനാപകടത്തിൽ ഗുരുതര പരിക്കേറ്റ് 70 ദിവസം ചികിത്സയിലായിരുന്ന നൗഫലിനെ  കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ.

കോഴിക്കോട്- കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അവസാന രോഗിയെയും ഡിസ്ചാർജ് ചെയ്തു. 
തുടക്കം മുതൽ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാൽ സ്വദേശിയായ നൗഫലി (36) നെയാണ് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ഓഗസ്റ്റ് ഏഴിന് നടന്ന വിമാന അപകടത്തെ തുടർന്ന് നൗഫലിനെ ഹോസ്പിറ്റലിലെത്തിക്കുമ്പോൾ അതീവ ഗുരുതരമായിരുന്നു അവസ്ഥ.  ഹെഡ് ഇൻജുറി, സ്പൈൻ ഫ്രാക്ചർ, വലത് കാലിന്റെയും, ഇടത് കാലിന്റെയും എല്ലിന് പൊട്ടൽ, ശരീരത്തിന്റെ പുറക് വശത്ത് തൊലിയും ദശകളുമുൾപ്പെടെ നഷ്ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്ഥ എന്നിവ ഉൾപ്പെടെയുള്ള സങ്കീർണമായിരുന്നു സാഹചര്യം.  നൗഫലിനെ നേരിട്ട് ഐ.സി.യുവിൽ പ്രവേശിപ്പിച്ച ശേഷം ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ നടത്തിയത്. 
വിവിധ ഘട്ടങ്ങളിലായി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, സ്പൈൻ സർജറി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലായി നടന്ന ശസ്ത്രക്രിയകൾക്ക് ശേഷം നൗഫലിന്റെ പരിചരണം പ്ലാസ്റ്റിക് ആന്റ് റീ കൺസ്ട്രക്ടീവ് വിഭാഗം ഏറ്റെടുത്തു. 
പുറകുവശത്തെ അടർന്ന് പോയ ശരീരഭാഗങ്ങളെയും, കാലിലെ പരിക്കുകളെയും നേരെയാക്കുവാനായി സങ്കീർണമായ പ്ലാസ്റ്റിക്, മൈക്രോവാസ്‌കുലാർ സർജറികൾക്കാണ് നൗഫൽ വിധേയനായത്. 70  ദിവസം നീണ്ട സങ്കീർണങ്ങളായ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷമാണ് നൗഫലിനെ ഇന്നലെ ഡിസ്ചാർജ് ചെയ്തത്.
നൗഫലിന് യാത്രയയപ്പ് നൽകാൻ എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ റാസ അലിഖാൻ, എയർ ഇന്ത്യ എയർപോർട്ട് മാനേജർ പ്രേംജിത്ത്, എയർ ക്രാഫ്റ്റ് പേഷ്യന്റ് കോ-ഓർഡിനേറ്റർ ഷിബിൽ എന്നിവരും സന്നിഹിതരായിരുന്നു. ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ പി.പി. പ്ലാസ്റ്റിക് ആന്റ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. കെ.എസ്. കൃഷ്ണകുമാർ എന്നിവർ നൗഫലിന് ഉപഹാരം നൽകി. ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീർ, സി.ഇ.ഒ ഫർഹാൻ യാസിൻ, ഡോ. മൊയ്തു ഷമീർ, ഡോ. പ്രദീപ് കുമാർ, ഡോ. നൗഫൽ ബഷീർ, ഡോ. വിഷ്ണുമോഹൻ തുടങ്ങിയവരും സംബന്ധിച്ചു. 
 

Latest News