Sorry, you need to enable JavaScript to visit this website.

റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത റസ്റ്റൊറന്റുകള്‍ക്കെതിരെ വിദ്വേഷ പ്രചരണം

ന്യൂദല്‍ഹി- നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണ വിതരണം നടത്തിയ ദല്‍ഹിയിലെ മൂന്ന് ഭക്ഷണശാലകള്‍ക്കെതിരെ ഓണ്‍ലൈനില്‍ വ്യാപക വിദ്വേഷ പ്രചരണം. ദല്‍ഹിയിലെ ജസോളയില്‍ ചേരിയില്‍ തിങ്ങിപ്പാര്‍ക്കുന്ന മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് ഈ റസ്റ്റൊറന്റ് ഉടമകള്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഫോട്ടോ പ്രചരിച്ചിരുന്നു. ഭക്ഷണത്തിന് മതമില്ലെന്നും അത് എല്ലാവരുടേതുമാണും ഒരു ഹോട്ടലുടമ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. ഈ ചിത്രങ്ങള്‍ എഎന്‍ഐ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതിനിതെരെ വര്‍ഗീയ വിദ്വേഷം നിറഞ്ഞ കമന്റുകളും പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഭക്ഷണത്തിന് മതമില്ലെന്നതു ശരിയാണ്, പക്ഷേ സ്വന്തം ശത്രുക്കളെ അത് തീറ്റിക്കരുതെന്നാണ് ട്വിറ്റരില്‍ വന്ന കമന്റുകളിലൊന്ന്. സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചരണത്തിനും ബഹിഷ്‌ക്കരണാഹ്വാനത്തിനും പുറമെ മൂന്ന് റസ്റ്റൊറന്റുകള്‍ക്കുമെതിരെ ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളില്‍ നെഗറ്റീവ് റിവ്യൂകള്‍ നിറഞ്ഞു. റേറ്റിങ് കുറച്ചും വിദ്വേഷ പ്രചാരകര്‍ കലി തീര്‍ത്തു.

എന്തിനാണ് ഇവര്‍ക്ക് ഭക്ഷണം കൊടുത്തത് എന്നന്വേഷിച്ച് നിരവധി കോളുകളാണ് റസ്റ്റൊറന്റിലെ ഫോണിലേക്ക് വന്നു കൊണ്ടിരിക്കുന്നതെന്ന് ജോഷ്- ദി ഹൈ എനര്‍ജി ബാര്‍ റസ്റ്റൊറന്റ് ഉടമ 25കാരനായ ശിവം സേഗാള്‍ പറഞ്ഞു. ഇവര്‍ക്കെല്ലാം മറുപടി നല്‍കാന്‍ ശ്രമിച്ചു. വൈകാതെ സൊമാറ്റാ ആപ്പിലും കുറെ പേര്‍ ഞങ്ങള്‍ക്കെതിരെ നെഗറ്റീവ് റേറ്റിങ് പ്രചാരണം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് മഹത്തായ കാര്യമാണ്, തീര്‍ച്ചയായും ഇനിയും സൗജന്യ ഭക്ഷണം നല്‍കുമെന്നും ദി ക്വിന്റിനോട് അദ്ദേഹം പറഞ്ഞു.

ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റോഹിങ്ക്യ മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന സമുദായമായാണ്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18,000 റോഹിങ്ക്യ അഭയാര്‍ത്ഥികളുണ്ടെന്ന് ദല്‍ഹിയിലെ യുഎന്‍ ഹൈക്കമ്മീഷനര്‍ ഫോര്‍ റെഫ്യൂജീസിന്റെ ജനുവരിയിലെ കണക്കുകള്‍ പറയുന്നു.

മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്തു നിന്നും ഭരണകൂടത്തിന്റെ വംശീയ ഉന്മൂലന ആക്രമണത്തില്‍ നിന്ന് രക്ഷ തേടി 2017 മുതല്‍ പത്തു ലക്ഷത്തിലേറെ റോഹിങ്ക്യ വംശജരാണ് അഭയം തേടി മറ്റുരാജ്യങ്ങളിലേക്ക് പാലായനം ചെയ്തതെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷന്‍ പറയുന്നു. 7.42 ലക്ഷം പേരും ബംഗ്ലദേശിലാണ് അഭയം തേടിയത്.
 

Latest News