Sorry, you need to enable JavaScript to visit this website.

കണ്ണീരും പുഞ്ചിരിയും

19688 സെപ്റ്റംബർ: മാനം മുട്ടെ... ബെൽജിയത്തിനെതിരെ ബ്രസീലിലെ റിയോഡിജനീറോയിൽ നടന്ന സൗഹൃദ മത്സരത്തിൽ പെലെയുടെ ബൈസികിൾ കിക്ക്.

കാൽപന്ത് കളിയിലെ കിരീടം വെച്ച രാജാവ് എൺപതാം ജന്മദിനാഘോഷത്തിലാണ്. കളിക്കളങ്ങളെയല്ല ആരാധക മനസ്സുകളെയാണ് പെലെ കീഴടക്കിയത്. പെലെ എന്ന രണ്ടക്ഷരം ലോക ഫുട്‌ബോളിൽ അംഗീകാരത്തിന്റെ മുദ്രയാണ്. ലോകകപ്പുകളെക്കുറിച്ച പെലെയുടെ ഓർമകളിലൂടെ

1950 ലെ മാരക്കാനാസൊ ദുരന്തത്തിൽ നിന്നാണ് പെലെ എന്ന ഇതിഹാസം ഉദയം ചെയ്യുന്നത്. ബ്രസീൽ ആദ്യമായി നടത്തിയ ലോകകപ്പിലെ കലാശക്കളിയിൽ അവർ കിരീടം കൈവിട്ടു. അത് സങ്കടക്കടലായി ഒഴുകി. ആ പ്രവാഹത്തിൽ പെലെയുടെ പിതാവുമുണ്ടായിരുന്നു. ഒരു രാജ്യം അകപ്പെട്ട കൊടും ദുഃഖം കണ്ടാണ് പെലെ എന്ന പയ്യൻ വളർന്നത്. 1958 ൽ ബ്രസീലിന്റെ ദുഃഖം തീർത്ത് പെലെ അവർക്ക് ലോകകപ്പ് നേടിക്കൊടുത്തു. പിന്നീടെല്ലാം ചരിത്രം. 

1977 ഒക്ടോ. 1: ഭൂമിയിലെ നക്ഷത്രങ്ങൾ... പെലെയും മുഹമ്മദലിയും. പെലെയുടെ കരിയറിലെ അവസാന മത്സരത്തിനു ശേഷം വിഖ്യാത ബോക്‌സറെ ആലിംഗനം ചെയ്യുന്നു. അന്ന് ന്യൂയോർക്ക് കോസ്‌മോസിൽ കളിക്കുകയായിരുന്നു പെലെ. പ്രതാപകാലത്ത് താൻ കളിച്ച ബ്രസീലിലെ സാന്റോസിനെതിരെ ന്യൂയോർക്കിൽ സൗഹൃദ മത്സരം കളിച്ചാണ് പെലെ ബൂട്ടഴിച്ചത്. രണ്ടു പകുതികളിലായി പെലെ രണ്ടു ടീമിനും കളിച്ചു. മത്സരം കോസ്‌മോസ് 2-1 ന് ജയിച്ചു.

ചോ: 1950 ലെ ലോകകപ്പിനെക്കുറിച്ച താങ്കളുടെ ഓർമകളെന്താണ്? 
ഉ: ഒരു ഫുട്‌ബോൾ ഓർമകളുണ്ട് എനിക്ക്. അതിലാദ്യത്തേത് 1950 ലെ ലോകകപ്പ് നഷ്ടപ്പെട്ടതാണ്. അന്നാണ് അച്ഛൻ ആദ്യമായി കരഞ്ഞത്. എല്ലാം ആ പരാജയത്തിന്റെ പേരിൽ. എനിക്ക് ഒമ്പതോ പത്തോ വയസ്സാണ്. റേഡിയോക്കരികിലിരുന്ന് അദ്ദേഹം വിതുമ്പുന്നത് എന്നെ അസ്വസ്ഥനാക്കി. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ ബ്രസീലിന് ലോകകപ്പ് നഷ്ടമായി എന്ന് പറഞ്ഞു. ആ ചിത്രം മനസ്സിൽ നിന്ന് മാഞ്ഞില്ല. എട്ടു വർഷത്തിനു ശേഷം സ്വീഡനിൽ ലോകകപ്പ് സ്വന്തമാക്കാൻ ദൈവം എനിക്ക് ഭാഗ്യം തന്നു. 

1973 മെയ് 8: ഫുട്‌ബോൾ ലോകത്തെ രാഷ്ട്രപിതാവായിരുന്നു പെലെ. റിച്ചാഡ് നിക്‌സൻ വെറും അമേരിക്കൻ പ്രസിഡന്റും. നിക്‌സനായി ഓട്ടോഗ്രാഫ് ചെയ്ത പന്തുമായി പെലെ. പെലെയോടൊപ്പമുള്ള 1957 ലെ തന്റെ ചിത്രത്തിന്റെ പത്രക്കട്ടിംഗുമായി നിക്‌സൻ. സാക്ഷിയായി പെലെയുടെ ഭാര്യ റോസ്‌മേരി ചോൽബി. വാഷിംഗ്ടണിലായിരുന്നു കൂടിക്കാഴ്ച.

ചോ: പിതാവിന്റെ സങ്കടം താങ്കളെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചുവോ?
ഉ: അച്ഛനും ഫുട്‌ബോളറായിരുന്നു. അന്ന് അച്ഛന്റെ സഹതാരങ്ങളിൽ ചിലരുടെ മക്കളും എന്റെ കൂടെ ഉണ്ടായിരുന്നു. ടി.വിയൊന്നുമില്ലാത്ത കാലമാണല്ലോ? റേഡിയോയിൽ കളിയാസ്വദിക്കാൻ അവരെ ക്ഷണിച്ചതാണ്. പക്ഷെ ഞങ്ങൾ തെരുവിൽ കളിക്കാൻ പോയി. നല്ല ബഹളവും ആൾക്കൂട്ടവുമായിരുന്നു എവിടെയും. വൈകുന്നേരത്തോടെ പൊടുന്നനെ എല്ലാം നിശ്ശബ്ദമായി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞങ്ങൾ വീട്ടിലേക്കു മടങ്ങി. അച്ഛൻ വിതുമ്പിക്കരയുകയായിരുന്നു. എന്തു സംഭവിച്ചുവെന്ന് അദ്ദേഹത്തോടാണ് ചോദിച്ചത്. കരയരുത് അച്ഛാ.. ഞാൻ ലോകകപ്പ് നേടും എന്ന് തമാശയായി പറഞ്ഞു. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി പറഞ്ഞതാണ്. വെറും എട്ടു വർഷത്തിനകം അത് യാഥാർഥ്യമായി. 

1966 മാർച്ച് 5: മധുവിധു... പെലെയും ഭാര്യ റോസ്‌മേരിയും മധുവിധു ആഘോഷത്തിനായി ഓസ്ട്രിയയിലെ വിയന്നയിലെത്തിയപ്പോൾ. പിന്നിൽ സംഗീതവിരുന്ന്.

ചോ: ആ തോൽവി ബ്രസീലിനെ എങ്ങനെയാണ് ബാധിച്ചത്?
ഉ: ഞാൻ ചെറിയ കുട്ടിയായിരുന്നു. ഒരുപാട് ആളുകൾ നിരാശയിലാണ്ടത് ആദ്യമായാണ് കാണുന്നത്. സങ്കടം മൂടിനിൽക്കുകയായിരുന്നു എവിടെയും. അത് മറക്കാനാവില്ല.

1958 ജൂൺ 29: ലോകം കീഴടക്കി... ഫൈനലിൽ ആതിഥേയരായ സ്വീഡനെ 5-2 ന തോൽപിച്ച് ബ്രസീൽ ആദ്യമായി ലോകകപ്പ് നേടിയ ശേഷം പതിനേഴുകാരൻ പെലെ ഗോൾകീപ്പർ ഗിൽമറിന്റെ ചുമലിൽ തല വെച്ച് തേങ്ങുന്നു. ദിദി സമീപം.

ചോ: എട്ട് വർഷത്തിനു ശേഷം ലോകകപ്പ് നേടിയപ്പോൾ എന്തു തോന്നി?
ഉ: അതും അദ്ഭുതമാണ്. റിയോയിൽ പതിനഞ്ചാം വയസ്സിൽ ഞാനൊരു ടൂർണമെന്റ് കളിച്ചു. സാന്റോസിന്റെയും വാസ്‌കോഡഗാമയുടെയും സംയുക്ത ടീമായിരുന്നു അത്. ആ ടൂർണമെന്റിലാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. എങ്കിലും ടീമിലേക്ക് ക്ഷണം കിട്ടുമെന്ന് കരുതിയിരുന്നില്ല. എനിക്കു മാത്രമല്ല, എല്ലാവർക്കും അദ്ഭുതമായിരുന്നു.

1970 ജൂൺ 21: അതുല്യ നേട്ടം.. പെലെ മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാരനായപ്പോൾ. ഫൈനലിൽ ഇറ്റലിയെ 4-1 ന് തകർത്ത് യൂൾറിമെ ട്രോഫിയുമായി. മെക്‌സിക്കോയിലെ ആസ്‌ടെക്ക സ്‌റ്റേഡിയത്തിൽ നിന്നുള്ള കാഴ്ച.

ചോ: 1958 ലെ ആദ്യത്തെയും 1970 ലെ അവസാനത്തെയും ലോകകപ്പ് വിജയങ്ങളെ താരതമ്യം ചെയ്യാമോ?
ഉ: നാല് ലോകകപ്പുകളിൽ ഞാൻ കളിച്ചു. അതിൽ മൂന്നിലും ബ്രസീൽ ചാമ്പ്യന്മാരായി എന്നത് ഭാഗ്യമാണ്. പതിനേഴാം വയസ്സിൽ ലോകകപ്പിൽ കളിച്ചപ്പോൾ പ്രയാസം തോന്നിയോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ എങ്ങനെയും ടീമിലെത്താൻ വെമ്പുകയായിരുന്നു ഞാൻ. അതൊരു സ്വപ്‌നം പോലെയായിരുന്നു. ഞങ്ങൾ ചാമ്പ്യന്മാരായി. എനിക്കാവട്ടെ വലിയ ചുമതലകളൊന്നുമുണ്ടായിരുന്നില്ല. 1970 ൽ ഞാൻ ഫോമിന്റെ പാരമ്യത്തിലാണ്. മികച്ച നിരയായിരുന്നു ഞങ്ങളുടേത്, എന്റെ അവസാന ലോകകപ്പും. 1970 ലെ ലോകകപ്പായിരുന്നു പ്രയാസം. 1970 ൽ ബ്രസീൽ ലോകകപ്പ് നേടുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. അത് എനിക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ബ്രസീലിലെ രാഷ്ട്രീയ സാഹചര്യവും കലുഷമായിരുന്നു. എങ്ങനെയും ജയിക്കണമായിരുന്നു. ദൈവത്തിന് നന്ദി, ഞങ്ങൾക്കതിന് സാധിച്ചു.1958 ൽ ടി.വി ഉണ്ടായിരുന്നില്ല. ലോകകപ്പ് ജയിച്ചുവെന്ന് പിതാവിനെ വിളിച്ച് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി സ്വീഡനിലെ ഒരു തീവണ്ടിയാപ്പീസിൽ പോവേണ്ടി വന്നു. അവിടെ വെച്ചാണ് അച്ഛനോട് വിവരം പറഞ്ഞത്. താനത് റേഡിയോയിലൂടെ അറിഞ്ഞുവെന്ന് അച്ഛൻ മറുപടി നൽകി. ഇന്ന് കളിക്കാർ ഗോളടിച്ച ശേഷം കാമറക്കു മുന്നിൽ മുത്തമയക്കുകയാണ്. 

ചോ: 1970 ലെ ലോകകപ്പിന്റെ ഒരുപാട് വീഡിയോകൾ ഉണ്ടല്ലോ, അതൊക്കെ കാണാറുണ്ടോ?
ഉ: ചിലപ്പോൾ. പക്ഷെ പലപ്പോഴും എനിക്ക് കരച്ചിൽ വരും. ആ കളിക്കാരെയും എന്റെ പ്രോത്സാഹിപ്പിക്കുന്ന കാണികളെയും കാണുമ്പോൾ വികാരഭരിതനാവും. ഞാനൊരു തൊട്ടാവാടിയാണ്.

ചോ: 1958 ൽ സ്വീഡനെതിരായ ഫൈനലിൽ അമ്പരപ്പിക്കുന്ന ഗോ്ൾ താങ്കൾ നേടി. ഡിഫന്ററുടെ തലക്കു മുകളിലൂടെ പന്ത് ഉയർത്തിയ ശേഷം പോസ്റ്റിലേക്കടിച്ചു. എങ്ങനെയാണ് ആ നീക്കം മനസ്സിലേക്ക് വന്നത്?
ഉ: അത് നേരത്തെ പ്ലാൻ ചെയ്തതാണെന്ന് പറഞ്ഞാൽ കള്ളമാവും. പൊടുന്നനെ തോന്നിയ ചിന്തയാണ് അത്. കളിക്കാരനെന്ന നിലയിൽ എന്റെ ശക്തി അതാണ്. പൊടുന്നനെ വഴി കണ്ടെത്തുക. ആരും ചിന്തിക്കാത്ത രീതിയിൽ കളിക്കുക. നെഞ്ചിൽ പന്ത് നിയന്ത്രിച്ചതാണ് ഞാൻ. പക്ഷെ കാലുയർത്തി ഡിഫന്റർ എന്റെ നേർക്ക് ചാടിയടുത്തു. അയാളുടെ തലക്കു മുകളിലൂടെ പന്തുയർത്തുകയായിരുന്നു ഏക വഴി. അങ്ങനെയൊന്ന് നിമിഷാർധത്തിൽ എനിക്ക് ചിന്തിക്കാനാവുമായിരന്നില്ല. അത് ദൈവത്തിൽ നിന്ന് വന്നതാണ്. 

ചോ: 1970 ലെ ലോകകപ്പിൽ ഇറ്റലിക്കെതിരായ ഫൈനലിലെ ഹെഡർ ഗോളും ക്ലാസിക്കായിരുന്നു.
ഉ: അത് ഞങ്ങൾ പരിശീലനത്തിൽ പലതവണ ചെയ്തു നോക്കിയിരുന്നു. എല്ലാ നീക്കവുമല്ല, കളിക്കാരുടെ പൊസിഷനിംഗ്. ത്രോ ഇന്നിൽ നിന്നായിരുന്നു ആ ഗോളിന്റെ തുടക്കം. എല്ലാവരും പന്തിന്റെ പിറകെ പോവരുതെന്നും ദൂരെ മാറി നിൽക്കണമെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. പന്ത് ഇടതു വിംഗിലേക്ക് പോയപ്പോൾ വലതു മൂലയിൽ അൽപം വലിഞ്ഞു നിന്നു. റിവെലിനോയും ഞാനും ചേർന്നുള്ള നീക്കമായിരുന്നു അത്. അത് അങ്ങനെ സംഭവിക്കുകയായിരുന്നു. അതിനായി പരിശ്രമിച്ചിരുന്നു എന്നു വേണമെങ്കിൽ പറയാം. എനിക്ക് വലിയ ഉയരമില്ലായിരുന്നു. എന്നാൽ കാലുകൾക്ക് വല്ലാത്ത കരുത്തായിരുന്നു. അച്ഛൻ പറയുമായിരുന്നു, ഹെഡ് ചെയ്യുമ്പോൾ മിക്ക കളിക്കാരും കണ്ണടക്കുമെന്ന്. കണ്ണ് തുറന്ന് ഹെഡ് ചെയ്യണമെന്നും എവിടേക്ക് പന്ത് എത്തണമെന്ന് ബോധ്യമുണ്ടാവണമെന്നും അദ്ദേഹം പറയും. അതൊരു പാഠമായി. അതിനാൽ ആ രീതിയിൽ ഒരുപാട് ഗോളടിച്ചു. കണ്ണു തുറന്ന് ഹെഡ് ചെയ്യണം. 

ചോ: ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോൾഡൻ ബാങ്ക്‌സ് താങ്കളുടെ ഹെഡർ രക്ഷിച്ചതിനെക്കുറിച്ച്?
ഉ: അമ്പരപ്പിക്കുന്ന സെയ് വായിരുന്നു അത്.

ചോ: ബ്രസീലിന് നിരവധി മികച്ച ടീമുകളുണ്ടായിട്ടുണ്ട്. താങ്കളുടെ ടീമിനെ വേറിട്ടു നിർത്തുന്നതെന്താണ്?
ഉ: ഗരിഞ്ചയും ദീദിയും സീറ്റോയുമൊക്കെ വളർന്നുവരികയായിരുന്നു അമ്പതുകളിൽ. കോച്ച് വിസെന്റെ ഫിയോളയുടെ വാക്കുകൾ ഓർമ വരുന്നു, അദ്ദേഹം പറയും: നിങ്ങളെ വെല്ലാൻ ആരുമില്ല. പക്ഷെ എതിരാളികളെ ബഹുമാനിക്കണം. കളത്തിലിറങ്ങിയാൽ മതി ജയിക്കാൻ എന്ന് ഒരു നിമിഷം പോലും ചിന്തിക്കാൻ പാടില്ല. എതിരാളികളുടെ ആദരവ് നേടിയെടുക്കാൻ കഴിയണം. ആ വാക്കുകൾ ഇപ്പോഴും ചെവിയിൽ പ്രതിധ്വനിക്കുന്നു.
 

Latest News