Sorry, you need to enable JavaScript to visit this website.

യു.ഡി.എഫിന്റെ ജമാഅത്ത് ബന്ധം ആർ.എസ്.എസിന് അവസരം നൽകും -കോടിയേരി 

തിരുവനന്തപുരം- താത്കാലിക രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് യു.ഡി.എഫ് ജമാഅത്തുമായുണ്ടാക്കിയ കൂട്ടുകെട്ട് ആർ.എസ്.എസിന് അവസരം നൽകുന്നതാണെന്ന് സി.പി.എം സംസ്ഥാന സക്രട്ടേറിയറ്റ് വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും എതിർത്തിരുന്ന മുസ്‌ലിം ലീഗ് ഇപ്പോൾ ഇവരുടെ ഭാഗമായി പ്രവർത്തിക്കുന്ന നില വന്നിട്ടുണ്ട്. ഫലത്തിൽ മുസ്‌ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രമാണ്. കോൺഗ്രസിന്റെ കേരളത്തിലെ നിലപാടിനെ എതിർത്ത രാഹുൽ ഗാന്ധിയെ ചെന്നിത്തല തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഹൈക്കമാൻഡിനെ തള്ളാൻ ചെന്നിത്തല സന്നദ്ധമായത് ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനാണ്. ഇതാണ് അണിയറയിൽ നടക്കുന്നത്.

അതിന്റെ ഭാഗമായാണ് ബി.ജെ.പിയെ കോൺഗ്രസ് വിമർശിക്കാത്തത്. ഇത് അപകടകരമാണ്. മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് യു.ഡി.എഫ് ജമാഅത്തിനെയും എസ്.ഡി.പി.ഐയെയും ചേർത്ത് മുന്നണിയുണ്ടാക്കുന്നത്. കേരളത്തിൽ ആർ.എസ്.എസിന് വഴിയൊരുക്കുന്ന നടപടിയാണ്. യു.ഡി.എഫിന്റെ നിയന്ത്രണം ചെന്നിത്തലയിലും എം.എം ഹസനിലുമൊക്ക എത്തിയതോടെ ആർ.എസ്.എസിന് ഗുണകരമായ അവസ്ഥാണുള്ളത്. ആർ.എസ്.എസുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കാൻ തിരുവഞ്ചൂർ ആർ.എസ്.എസ് കാര്യാലയത്തിൽ പോയി ചർച്ച നടത്തി. രഹസ്യ ബാന്ധവത്തിന്റെ ഭാഗമാണിത്. ഭാവി രാഷ്ട്രീയം യു.ഡി.എഫിനനുകൂലമാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇത് പുനഃപരിശോധിക്കാൻ യു.ഡി.എഫ് തയാറാകണം.

 
രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാൽ, മതനിരപേക്ഷ കേരളം സംരക്ഷിക്കാനാണ് ഇടതു ജനാധിപത്യ മുന്നണി കേരളത്തോട് അഭ്യർഥിക്കുന്നത്. യു.ഡി.എഫിനോട് അടുത്തു നിൽക്കുന്നവർ കോൺഗ്രസിന്റെ നിലപാടിന് വിരുദ്ധമായി നിന്നാൽ സി.പി.എമ്മും എൽ.ഡി.എഫും അവരുമായി സഹകരിക്കുമെന്നും ഇടതു മുന്നണിയെ കൂടുതൽ വിപുലീകരിക്കാൻ നിലവിലെ രാഷ്ട്രീയം സഹായിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

 

Latest News