യു.ഡി.എഫിൽ കയറിപ്പറ്റാൻ പി.സിമാർ; പാത്തും പതുങ്ങിയും നേതാക്കൾ

കോട്ടയം - ജോസ് കെ.മാണിയുടെ ഒഴിവിൽ കോൺഗ്രസ് മുന്നണിയിൽ ഇടം തരപ്പെടുത്താൻ ലക്ഷ്യമിട്ട് പി.സിമാർ രംഗത്ത്. പി.സി തോമസും, പി.സി ജോർജും മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി.ടി ചാക്കോയുടെ മകനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് ഇപ്പോൾ ബി.ജെ.പി മുന്നണിയിലാണ്. പി.സി തോമസിനെ യു.ഡി.എഫ് ഭാഗമാക്കുന്നതിനോട് കോൺഗ്രസിൽ എതിർപ്പു കുറവാണ്. എന്നാൽ നിയമസഭാ സീറ്റിന്റെ കാര്യത്തിലാണ് പ്രശ്‌നം. പി.സി ജോർജാണെങ്കിൽ യു.ഡി.എഫ് മുന്നണിയിൽ കയറിക്കൂടാൻ എല്ലാ വഴികളും തേടുകയാണ്. പി.സി ജോർജ് രമേശ് ചെന്നിത്തലയുടെ ഗുഡ് ബുക്കിലാണെങ്കിലും ഉമ്മൻ ചാണ്ടിക്ക് അത്ര യോജിപ്പില്ല.

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ചീഫ് വിപ്പായിരുന്ന പി.സി ജോർജ് ചെയ്ത സേവനങ്ങൾ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും മറക്കാനാവില്ലെന്ന് ഒരു എ ഗ്രൂപ്പ് നേതാവ് പരിഹസിച്ചു. ഉമ്മൻ ചാണ്ടി എതിർത്താലും രമേശ് വഴി കസേര ഉറപ്പിക്കാനാണ് പി.സിയുടെ നീക്കം. യു.ഡി.എഫിൽ നിന്നും വിട്ട് സ്വതന്ത്ര നിലപാട് എടുത്ത് പൂഞ്ഞാറിൽ നിന്നും വിജയിച്ച പി.സി ജോർജിന് ഇക്കുറി മുന്നണി കൂടിയേ തീരൂ എന്ന നിലപാടിലാണ്. ഇടയ്ക്ക് ബി.ജെ.പി മുന്നണിയുടെ ഭാഗമായെങ്കിലും കാൽ ചുവട്ടിലെ മണ്ണിളകുമെന്ന് മനസിലായതോടെ മെല്ലെ പിൻവാങ്ങി. ഇതിനിടയിലാണ് ഉമ്മൻ ചാണ്ടിയുടെ എതിർപ്പിനെ മറികടന്ന് ജോസ് കെ.മാണിയെ യു.ഡി.എഫിൽ നിന്നു പുറത്താക്കാൻ രമേശ് വിഭാഗം തീരുമാനിച്ചത്. പി.സി ജോർജിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഇതോടെ സാഫല്യമണിഞ്ഞത്. ഐ ഗ്രൂപ്പിന്റെ കൈപ്പിടിച്ച് യു.ഡി.എഫിലെത്താനാകുമെന്നു തന്നെയാണ് പി.സി കരുതുന്നത്.


എൻ.ഡി.എ മുന്നണി വിട്ട് യു.ഡി.എഫിൽ ചേരാനുള്ള തയാറെടുപ്പിലാണ് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്. ഇതിന്റെ ഭാഗമായി തോമസിന്റെയും പാർട്ടി വൈസ് ചെയർമാൻ രാജൻ കണ്ണാട്ടിന്റെയും നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തി. എൻ.ഡി.എ മുന്നണിയിൽ നിന്ന് പാർട്ടിക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കേന്ദ്ര കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളിൽ അർഹമായ സ്ഥാനം നൽകിയില്ലെന്നും തോമസ് എൻ.ഡി.എ നേതൃത്വത്തെ അറിയിച്ചിരുന്നു.


ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ്-എം യു.ഡി.എഫ് വിട്ടതോടെയാണ് തോമസും കൂട്ടരും യു.ഡി.എഫ് പ്രവേശനത്തിനു താത്പര്യം പ്രകടിപ്പിച്ചത്. കേരള കോൺഗ്രസ്-എം ജോസഫ് വിഭാഗവുമായി യോജിക്കാനായിരുന്നു ആദ്യ ചർച്ചയെങ്കിലും ഈ നീക്കത്തിനു ജോസഫ് ഗ്രൂപ്പിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെയാണ് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി മുന്നണിയിലെത്താനുള്ള നീക്കം തോമസ് ആരംഭിച്ചത്. പാലാ, പൂഞ്ഞാർ, കോതമംഗലം സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനാണ് തോമസ് ലക്ഷ്യമിടുന്നത്. 

 

Latest News