കൂടുതല്‍ രാജ്യക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ കുവൈത്ത്

കുവൈത്ത്‌സിറ്റി-വ്യോമയാന നിരോധനം ഏര്‍പ്പെടുത്തിയ പന്ത്രണ്ടോളം രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി കുവൈത്ത് പ്രവേശനാനുമതി നല്‍കിയേക്കും.  കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍സബാഹ് ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പക്ഷേ, ഏതെല്ലാം രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് കുവൈത്തില്‍ തിരിച്ചെത്താന്‍ സാധിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് പ്രതിനിധികളുമായി വ്യാഴാഴ്ച നടന്ന യോഗത്തിലാണ് മന്ത്രി അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കണമെന്ന വ്യവസ്ഥയിലാണ് നിരോധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കുവൈത്ത് വ്യോമാതിര്‍ത്തി തുറക്കുക.

കോവിഡ് വ്യാപന ഭീതിയില്‍  കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യ, പാക്കിസ്ഥാന്‍, ഈജിപ്ത്, ഫിലിപ്പീന്‍സ് തുടങ്ങി 34 രാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചത്. ഈ രാജ്യങ്ങളില്‍ അവധിയിലായിരുന്ന ആയിരക്കണക്കിന് പ്രവാസികളെയാണ് സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയിലാക്കിയത്.
 

Latest News