Sorry, you need to enable JavaScript to visit this website.
Wednesday , November   25, 2020
Wednesday , November   25, 2020

കൂറ കയറിയ കുറെ ജീവിതങ്ങൾ

കൂറ ഒരു ചെറു പ്രാണിയാണ്. നാലായിരത്തി അഞ്ഞൂറിലധികം ഇനം കൂറകൾ ലോകത്തുണ്ടെന്ന് ശാസ്ത്രകാരന്മാർ വിശ്വസിക്കുന്നു. മനുഷ്യരുമായി സഹവാസത്തിലുള്ളത് ഇവയിൽ വെറും മുപ്പതോളം എണ്ണം മാത്രമാണത്രേ. ഇവയിലധികവും രോഗം പരത്തുന്നവയല്ല. എന്നാൽ ഇവയിൽ നാലിനം കൂറകൾ പലതരത്തിലുള്ള രോഗവാഹികൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂറകൾ പൊതുവെ അപകടകാരികളും വൃത്തിഹീനരുമാണെന്ന് ജനം കരുതുന്നു. 
തല പോയാലും കൂറകൾക്ക് ആഴ്ചകളോളം ജീവിക്കാൻ കഴിയുന്നു. ശരീരത്തിലെ മിക്ക അവയവങ്ങളിലൂടെയും ശ്വസിക്കാൻ കഴിയുന്ന വിചിത്രമായ ശ്വസന സംവിധാനം ഇവയുടെ പ്രത്യേകതയാണ്. ഇത്തിരി പോന്ന ഭക്ഷണം കൊണ്ട് ഏകദേശം ആറാഴ്ചയോളം കൂറകൾ തള്ളി നീക്കും. 
മുക്കാൽ മണിക്കൂർ നേരം ജീവവായുവില്ലെങ്കിലും അവ പിടിച്ചുനിൽക്കും. വെള്ളത്തിനടിയിൽ ഏകദേശം അര മണിക്കൂറിലധികം ആഴ്ത്തി വെച്ചാലും ജീവനോടെ പുറത്തു വരാൻ കഴിയുന്നവയാണ് ഈ ജീവികൾ. മനുഷ്യവാസ സ്ഥലങ്ങളിൽ നിന്നകന്ന് ആയിരത്തിലേറെ ഇനം കൂറകൾ സന്തോഷപൂർവം ജീവിക്കുന്ന കാര്യം നാം വിസ്മരിക്കരുത്. 
മനുഷ്യന്മാർ ഇവിടെ ജീവിച്ചതിനേക്കാൾ നൂറ് മടങ്ങിലധികം കാലമായി ഭൂമിയിൽ ജീവിക്കുന്നുണ്ട് ഇവ. 
കൂറകളെ അടുത്ത് പരിചയപ്പെടാൻ പ്രേരിപ്പിച്ചത് അടുത്ത കാലത്ത് ഒരു സുഹൃത്ത് പറഞ്ഞ രസകരമായ ഒരു അനുഭവ കഥയാണ്.  ഒരു റസ്‌റ്റോറന്റിൽ വനിതകൾ   ഒത്തുകൂടിയ ഭാഗത്തേക്ക് ഒരു കൂറ പറന്നുവരുന്നു. അത് പറന്ന് ഒരു സ്ത്രീയുടെ ചുമലിൽ വന്നിരിക്കുന്നു. തുടർന്ന് നിർത്താതെ ആ സ്ത്രീ അലറുന്നു. മേലോട്ടും കീഴോട്ടും തുള്ളുന്നു, ചാടുന്നു. സ്ത്രീയുടെ ശരീരത്തിൽനിന്ന് ആ കൂറയെ മാറ്റാൻ അവർ ഉണ്ടാക്കിയ ശബ്ദകോലാഹലങ്ങൾ ചില്ലറയല്ല. ഒടുവിൽ എങ്ങനെയെല്ലാമോ ആ കൂറയെ അവർ സ്വശരീരത്തിൽ നിന്നും തട്ടി തെറിപ്പിച്ചു. കൂറയുടെ അടുത്ത ഊഴം തൊട്ടടുത്തുള്ള മേശയിലാണ്. അവിടെയാകട്ടെ, ചുറ്റും ഇരുന്ന സ്ത്രീകളും ബഹളം വെക്കുന്നു. സ്ത്രീകൾ കൂട്ടത്തോടെ തുള്ളിച്ചാടുന്നു; അലറുന്നു, ആക്രോശിക്കുന്നു. റസ്‌റ്റോറന്റാകെ ബഹളമയം. 
ഇത്കണ്ട വെയിറ്റർ ഓടി വന്നു സ്ത്രീകളെ രക്ഷിക്കാൻ ശ്രമിച്ചു. അദ്ദേഹം വളരെ സമർഥമായി കൂറയെ കൈയിലാക്കി പുറത്തേക്ക് കൊണ്ടിട്ടു. പൊടുന്നനെ ബഹളം കെട്ടടങ്ങി. ചുറ്റിലും അടക്കിപ്പിടിച്ച നിശ്വാസങ്ങളും ഒതുക്കി ചുളിഞ്ഞു പോയ ചിരികളും ബാക്കിയാവുന്നു. 
ചങ്ങാതി പറഞ്ഞ ഈ അനുഭവം പലർക്കും ഉണ്ടായിക്കാണണം. ചിറകടിച്ചെത്തുന്ന ഒരു കൂറ ഉണ്ടാക്കിയ പൊല്ലാപ്പുകൾക്ക് ഒരിക്കലെങ്കിലും നാം സാക്ഷ്യം വഹിച്ചിരിക്കും എന്ന് പറയുന്നത്  അതിശയോക്തിയായിരിക്കില്ല. കൂറകളെ പോലെ പല പ്രശ്‌നങ്ങളും ജീവിതത്തിൽ ഇങ്ങനെ ഇടക്കിടെ  കടന്നുവരും. 
അപ്പേഴൊക്കെ ഒച്ചയുണ്ടാക്കി ബഹളം വെക്കുകയല്ല വേണ്ടത്. നാം എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത് എന്നതിനനുസരിച്ചാണ് അത്തരം പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താനാവുക. കൂറ ബാധയേറ്റ  ആ സ്ത്രീകൾ മുഴുവനും പേടിച്ചരണ്ട് ഒച്ചയിട്ടപ്പോൾ വെയിറ്റർ വന്നു വളരെ സംയമനത്തോടെ കൂറയെ പിടിച്ച് പുറത്താക്കുകയായിരുന്നു. കൂറയോട് സ്ത്രീകൾ കാണിച്ചത് ജന്മനായുള്ള പ്രതിപ്രവർത്തനമാണ്. വെയിറ്റർ കാണിച്ചതാകട്ടെ, വിവേക പൂർവമുള്ള പ്രതികരണവുമാണ്. 
ഒന്നോർത്താൽ നമുക്കറിയാം, പല വിധത്തിലുള്ളനിസ്സാര  പ്രശ്‌നങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്ന നേരങ്ങളിൽ   വികാരത്തിനടിപ്പെട്ട് ഫലശൂന്യമായ റിയാക് ഷനും കോലാഹലങ്ങളുമല്ല ഉണ്ടാക്കേണ്ടത്. ജന്മസിദ്ധമാണ് അതെന്നാലും എളുപ്പത്തിൽ ലക്ഷ്യപ്രാപ്തിയുണ്ടാവുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും ആവശ്യമായ ബുദ്ധി പൂർവമുള്ള പ്രതികരണങ്ങളും ഇടപെടലുമാണ്  ഉണ്ടാവേണ്ടത്. അത് പറയുന്നത്ര എളുപ്പമല്ല പലർക്കും. കാരണം അതിന് ക്ഷമയും യാതാർത്ഥ്യ ബോധവും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ മനസ്സിൽ കുടിയിരുത്താൻ കഴിയണം.
ഇത്തിരി വിവേകപൂർവം ആലോചിച്ച് പെരുമാറിയാൽ പരിഹരിച്ചെടുത്ത് ദൂരെ കളയാവുന്ന എത്രയെത്ര നിസ്സാര പ്രശ്‌നങ്ങളെയാണ് ചിലർ വെറുതെ വൻകിട പ്രശ്‌നങ്ങളാക്കി  ജീവിതം നരകതുല്യമാക്കുന്നത്. 
പിതാവിന്റെ അനാരോഗ്യകരമായ അഹംബോധവും മിഥ്യാഭിമാനവും പിടിവാശിയും കാരണം ദുരിതമനുഭവിക്കുന്ന  മക്കൾ;  ഈണമില്ലാത്ത ഇണയെക്കൊണ്ട് സഹികെടുന്ന ദമ്പതികൾ; മയമില്ലാത്ത മക്കളെക്കൊണ്ട് മനം മടുക്കുന്ന മാതാപിതാക്കൾ; മേനി നടിച്ച് സ്വയം ഡംഭടിക്കുന്ന മേലുദ്യോഗസ്ഥരുടെ ക്രൂരമായ സമീപനത്താൽ പൊറുതി മുട്ടുന്ന സഹപ്രവർത്തകർ. സ്വജീവിതത്തിലേക്കും ചുറ്റിലും ഒന്ന് കണ്ണോടിച്ച് നോക്കൂ. കൂറ കേറിയ എത്രയെത്ര ജന്മങ്ങളാണ് സ്വയം നരകിക്കുന്നതും മറ്റുള്ളവരെ നരകിപ്പിക്കുന്നതും, അല്ലേ? 
 പൊട്ടിത്തെറിച്ച് രംഗം വഷളാക്കുന്നതിന്  പകരം വിവേകപൂർവമുള്ള ഇടപെടലാണ് പ്രശ്‌ന പരിഹാരത്തിനാവശ്യം എന്ന ഒരു കൊച്ചു പാഠമെങ്കിലും ആ റസ്‌റ്റോറന്റിലെ വെയ്റ്ററുടെ ഇടപെടലിൽ നിന്നും പഠിച്ചെങ്കിൽ ജീവിതം പലർക്കും കൂടുതൽ ശാന്തസുന്ദരമായേനേ.