ശിവസേന എന്നെ വല്ലാതെ മിസ് ചെയ്യുന്നു,  പേടിക്കേണ്ട വേഗം തിരിച്ചുവരാം- കങ്കണ

മുംബൈ-രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് മുംബൈ പോലീസ്.
സമന്‍സ് അയച്ച നടപടിയില്‍ മറുപടി നല്‍കാന്‍ കങ്കണ രംഗത്തെത്തിയതോടെ പുതിയ വാക്‌പോരിന് തുടക്കമായിരിക്കുകയാണ്. സമന്‍സിന് കങ്കണ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ചാവിഷയം.മുംബൈ പോലീസിനെയും ശിവസേനയെയും കണക്കറ്റ് പരിഹസിക്കുന്ന ട്വീറ്റാണ് കങ്കണ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
'ശിവസേന എന്നെ ഇപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നറിയാം...പേടിക്കേണ്ട ഞാന്‍ വേഗം തിരിച്ചുവരാം' ഇതായിരുന്നു കങ്കണയുടെ പ്രതികരണം.രാജ്യദ്രോഹക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നു നിര്‍ദ്ദേശിച്ചാണ് കങ്കണയ്ക്കും സഹോദരി രംഗോലിക്കും മുംബൈ പോലീസ് നോട്ടീസ് അയച്ചത്.
ഒക്ടോബര്‍ 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദ്ദേശം. ബോളിവുഡിനെ കങ്കണ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കങ്കണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബോളിവുഡിലെ ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് നടിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് നടിയെ വിവാദ റാണിയാക്കി മാറ്റിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. ശിവസേനയെ നേരിടാന്‍ ബി.ജെ.പി കങ്കണയെ ആയുധമാക്കുകയാണ് എന്നാണ് സേന നേതാക്കളുടെ ആരോപണം.
 

Latest News