ദുബായ്- ടൂറിസ്റ്റ് സന്ദര്‍ശന വിസകളില്‍ നിബന്ധനകള്‍ പാലിക്കാതെ വരുന്ന യാത്രക്കാര്‍ക്ക് മുന്നിറിയിപ്പുമായി ഇന്ത്യ, പാക് കോണ്‍സുലേറ്റുകള്‍. തൊഴിലന്വേഷണം ലക്ഷ്യമിട്ട് ഇത്തരം വിസകളില്‍ വരരുതെന്ന് ഇരു നയതന്ത്ര കാര്യാലയങ്ങളും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ടൂറിസ്റ്റ് / വിസിറ്റ് വിസകളിലെത്തിയ യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന പ്രശ്‌നത്തെക്കുറിച്ച് പ്രതികരിക്കവേയാണ് ദുബായിലെ പാകിസ്ഥാന്‍, ഇന്ത്യന്‍ മിഷനുകള്‍ തങ്ങളുടെ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരോട് ഈ വിസകളില്‍ യു.എ.ഇയിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച മുതല്‍ 1,374 യാത്രക്കാര്‍ക്ക് ദുബായില്‍ പ്രവേശനം നിഷേധിച്ചതായി പാകിസ്ഥാന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരില്‍ 1,276 പേരെ തിരിച്ചയച്ചു, 98 പേര്‍ വിമാനത്താവളത്തില്‍ അവശേഷിക്കുന്നുവെന്ന് കോണ്‍സുലേറ്റ് വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ശേഷിക്കുന്ന യാത്രക്കാരെ അടുത്ത 12 മണിക്കൂറിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം 300 ഓളം ഇന്ത്യന്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 80 ഓളം പേര്‍ക്ക് പിന്നീട് പ്രവേശനം അനുവദിച്ചു. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലാണ്, ഞങ്ങള്‍ അവരെ ഉടന്‍ തിരിച്ചയക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിമാനങ്ങളില്‍ വലിയ തിരക്കുണ്ട്- ”കോണ്‍സുലേറ്റ് വക്താവ് പറഞ്ഞു.